ചെന്നൈയിനെ തോല്‍പിച്ചു; മുംബൈക്ക് ആദ്യ സെമി

മുംബൈ: തുടര്‍ച്ചയായ രണ്ടാം ജയവുമായി ഡീഗോ ഫോര്‍ലാന്‍െറ മുംബൈ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ സെമി ടിക്കറ്റുറപ്പിക്കുന്ന ആദ്യ ടീമായി. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിനെ 2-0ത്തിന് തകര്‍ത്തായിരുന്നു നീലപ്പടയുടെ മുന്നേറ്റം. കേരള ബ്ളാസ്റ്റേഴ്സിനെതിരെ ഹാട്രിക് നേടിയ ഡീഗോ ഫോര്‍ലാന്‍ മുന്നില്‍നിന്ന് പടനയിച്ച പോരാട്ടത്തില്‍ 32ാം മിനിറ്റില്‍ ഡിഫെഡറികോയും 60ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ വഡ്കോസുമായിരുന്നു മുംബൈക്കായി വലകുലുക്കിയത്. ആദ്യ ഗോളിന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും രണ്ടാം ഗോളിന് ഡീഗോ ഫോര്‍ലാനും വഴിയൊരുക്കി. 13 കളിയില്‍ ആറ് ജയവുമായി 22 പോയന്‍റ് പോക്കറ്റിലാക്കിയാണ് മുംബൈ സെമിയുറപ്പിച്ചത്. ഐ.എസ്.എല്ലില്‍ ആദ്യമായാണ് മുംബൈയുടെ സെമി പ്രവേശം.

അതേസമയം, അവസാന അഞ്ച് കളിയില്‍ ഒരു ജയം മാത്രമായ ചെന്നൈയിന്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പ്രതിരോധത്തിലായി.ഫോര്‍ലാന്‍-ഛേത്രി-ഡിഫെഡറികോ ത്രയം ആദ്യവസാനം കളംനിറഞ്ഞപ്പോള്‍ ചെന്നൈയിന്‍ തീര്‍ത്തും പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു. സീസണിലെ ആദ്യ ഗോളിന് ശ്രമിക്കുന്ന ഇന്ത്യന്‍ നായകന്‍ ആദ്യ പകുതിയില്‍തന്നെ ചില സുന്ദരനീക്കങ്ങള്‍ നടത്തി പ്രതീക്ഷ നല്‍കിയെങ്കിലും ഭാഗ്യം തുണച്ചില്ല. ആദ്യ പാദത്തില്‍ 1-1ന് സമനില വഴങ്ങിയതിന്‍െറ മുഴുവന്‍ നിരാശയും മാറ്റുന്നതായിരുന്നു മുംബൈയുടെ പ്രകടനം. ചെന്നൈയിന്‍ പ്രതിരോധത്തില്‍ ജോണ്‍ ആര്‍നെ റീസെയുടെയും എലി സാബിയോയുടെയും പിഴവുകളാണ് എതിരാളികള്‍ക്ക് ഗോളിന് വഴിയൊരുക്കിയത്. 

Tags:    
News Summary - Mumbai City FC vs Chennaiyin FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.