ലൂസേൻ (സ്വിറ്റ്സർലൻഡ്): ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിന് നേരിട്ട വിലക്ക് അവസാനിച്ചിട്ടും പെറു ക്യാപ്റ്റനും റെക്കോഡ് ഗോൾ സ്കോററുമായ പൗളോ ഗ്വരേരോയുടെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിൽ. വിലക്ക് അവസാനിച്ചതിനുപിന്നാലെ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയതോടെയാണ് ഗ്വരേരോയുടെ ലോകകപ്പ് ത്രിശങ്കുവിലായത്.
കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിനാണ് ഗ്വരേരോ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതായി വാഡ വ്യക്തമാക്കിയത്. മെറ്റാബോളിൻ ബെൻസോലക്ഗോനൈൻ ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തൽ. ഒരു വർഷത്തെ വിലക്കാണ് താരത്തിന് ഫിഫ നൽകിയ ശിക്ഷ. എന്നാൽ, ഡിസംബർ 20ന് ഗ്വരേരോയുടെ അപ്പീൽ പരിഗണിച്ച് ശിക്ഷ ആറുമാസമായി കുറച്ചു. ഉത്തേജകം കഴിച്ച ഒക്ടോബർ മുതൽ നിലവിൽവന്ന ആറുമാസത്തെ ശിക്ഷ ഏപ്രിൽ അവസാനത്തോടെ അവസാനിച്ചതോടെ റഷ്യയിൽ പന്തുതട്ടാമെന്ന പ്രതീക്ഷയിലായിരുന്നു ഗ്വരേരോ. എന്നാൽ, ശിക്ഷ കുറച്ച നടപടിക്കെതിരെ കായിക തർക്ക പരിഹാര കോടതിയെ സമീപിച്ച വാഡ ശിക്ഷ രണ്ടുവർഷമായി ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ ഗ്വരേരോ വ്യാഴാഴ്ച വാദംകേൾക്കലിന് ഹാജരായി. അടുത്തയാഴ്ചയോടെ വിധിയുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
2004 മുതൽ ദേശീയ ടീമിെൻറ കുന്തമുനയായ ഗ്വരേരോ 86 കളികളിൽ 32 ഗോളുകളുമായി രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരമാണ്. ലോകകപ്പ് യോഗ്യത റൗണ്ടിലും ആറ് ഗോളുകളുമായി ബ്രസീലിലെ ഫ്ലെമിംഗോക്ക് കളിക്കുന്ന താരം തന്നെയായിരുന്നു പെറുവിെൻറ ടോപ്സ്കോറർ. 26 വർഷത്തിനുശേഷം പെറു ലോകകപ്പിൽ പന്തുതട്ടുേമ്പാൾ അവസരം നഷ്ടമാവുമോയെന്ന ആശങ്കയിലാണ് 34കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.