ലണ്ടൻ: ഇറ്റലിക്കും സ്പെയിനിനും പിന്നാലെ ഇംഗ്ലണ്ടിലും കോവിഡ് വ്യാപനം മൂലം നിർത്തിവെച്ച പ്രഫഷനൽ ഫുട്ബാൾ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ജൂൺ 17 മുതലാണ് മത്സരങ്ങൾ തുടങ്ങുക. സർക്കാർ അനുമതി ലഭിച്ചാൽ മാഞ്ചസ്റ്റർ സിറ്റി-ആഴ്സനൽ, ആസ്റ്റൺ വില്ല-ഷെഫീൽഡ് യുനൈറ്റഡ് മത്സരങ്ങളോടു കൂടി പ്രീമിയർ ലീഗിൽ വീണ്ടും ഫുട്ബാൾ വസന്തം തിരികയെത്തും. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ. 92 മത്സരങ്ങളാണ് ലീഗിൽ ഇനി പൂർത്തിയാകാനുള്ളത്.
സ്കൈ സ്പോർട്സ്, ബി.ടി സ്പോർട്, ബി.ബി.സി സ്പോർട്/ ആമസോൺ പ്രൈം എന്നിവയാണ് മത്സങ്ങൾ ബ്രിട്ടനിൽ തത്സമയം സംപ്രേഷണം ചെയ്യുക. മാര്‍ച്ച് ഒമ്പതിനായിരുന്നു പ്രീമിയര്‍ ലീഗില്‍ അവസാനമായി മല്‍സരം നടന്നത്. ആ മത്സരത്തിൽ ലെസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ 4-0ത്തിന് തകർത്തു. മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ മാർച്ച് 13 നാണ് പ്രീമിയർ ലീഗിൽ മത്സരം നിർത്തിവെച്ചത്. ലീഗിൽ ഇതുവരെ 2752 ആളുകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോൾ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
30 വര്‍ഷത്തിനു ശേഷം ആദ്യത്തെ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ലിവര്‍പൂളാണ് പോയിൻറ് പട്ടികയില്‍ ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റിക്കുമേൽ 25 പോയൻറിൻെറ കൃത്യമായ ലീഡുമായാണ് റെഡ്സിൻെറ കുതിപ്പ്. ബേൺമൗത്ത്, ആസ്റ്റൺവില്ല, നോർവിച് സിറ്റി എന്നീ ടീമുകളാണ് തരംതാഴ്ത്തൽ ഭീതിയിലുള്ളത്. ജൂണ്‍ എട്ടിനാണ് ലാ ലിഗയില്‍ വീണ്ടും പന്തുരുളുക. ജർമൻ ബുണ്ടസ് ലിഗ രണ്ടാഴ്ച മുമ്പ് പുനരാരംഭിച്ചിരുന്നു. സീരി ‘എ’ ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് ഇറ്റാലിയൻ കായിക മന്ത്രി വിൻസെൻസോ സ്പഡാഫോറ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.