ലണ്ടൻ: ജൂൺ 17ന് കിക്കോഫ് കുറിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്തുരുളുന്നത് വംശീയതക്കും വർണവെറിക്കുമെതിരായ താക്കീതോടെ. ആദ്യ റൗണ്ടിലെ മത്സരങ്ങളിൽ കളിക്കാരുടെ ജഴ്സിയിൽ പേരിനു പകരം കാണുക ‘കറുത്തവനും ജീവിക്കണം’ (ബ്ലാക് ലൈവ്സ് മാറ്റർ) എന്ന പ്രചാരണ വാചകമാവും.
അമേരിക്കയിൽ വംശവെറിയനായ പൊലീസുകാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ‘ജോർജ് േഫ്ലായ്ഡിന്’ ആദരമർപ്പിച്ച് കളി തുടങ്ങാനുള്ള ക്ലബുകളുടെ തീരുമാനത്തിന് അധികൃതരും അനുമതി നൽകി. ജഴ്സിയുടെ പിറകിൽ പേരിന് പകരം കാമ്പയിൻ തലക്കെട്ടും, മുന്നിൽ ലോഗോയും പ്രദർശിപ്പിക്കും.
േഫ്ലായ്ഡിന് ആദരവുമായി നേരത്തെതന്നെ വിവിധ ക്ലബുകളും താരങ്ങളും രംഗത്തെത്തിയിരുന്നു. പരിശീലനത്തിനിടെ കറുത്ത കുപ്പായമണിഞ്ഞും, കാൽമുട്ടിൽ കുത്തിയിരുന്ന് ബ്ലാക് പവർ സല്യൂട്ട് നൽകിയുമാണ് അവർ ആദരമർപ്പിച്ചത്. കോവിഡിൽ മരണപ്പെട്ടവർക്കും, ആരോഗ്യ പ്രവർത്തകർക്കും ആദരമർപ്പിച്ച് കിക്കോഫിന് മുമ്പ് ഒരു മിനിറ്റ് മൗനമാചരിക്കും.
ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷൻ പി.എഫ്.എയുടെ നിർദേശം അനുസരിച്ചു എല്ലാ ടീമുകളുടെയും നായകന്മാർ പങ്കെടുത്ത ഓൺലൈൻ കോൺഫറൻസിന് ശേഷമാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ ദിവസം ജർമൻ കപ്പ് സെമിയിൽ ബയേൺ മ്യൂണിക്കിനെ നേരിട്ട ഫ്രാങ്ക്ഫുർട്ട് ടീമംഗങ്ങൾ സമാനമായി ജഴ്സിയണിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.