റഷ്യ എന്ന പുതിയ പേരിൽ ലോക ഫുട്ബാൾ കുടുംബത്തിൽ അംഗമായ പഴയ സോവിയറ്റ് യൂനിയന് മറ്റു കായിക വിനോദങ്ങൾക്ക് ഒപ്പംതന്നെ ഫുട്ബാളിനും മികവുണ്ടായിരുന്നു. 1924ൽ തുർക്കിക്കെതിരെ മത്സരിച്ച് ഏകപക്ഷീയമായ മൂന്ന് ഗോൾ വിജയം നേടിയപ്പോൾ മുതൽ അവർ കാണികളുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയിരുന്നു. ഗതിവേഗത്തിെൻറയും മികച്ച സ്കോറിങ് പാടവത്തിെൻറയും പുതിയ പ്രകടനവും അവർ കാഴ്ചവെച്ചു. ഇന്ത്യക്കെതിരെ നേടിയ 11-1 ഗോളുകളുടെ വിജയം ആയിരുന്നു മികച്ച പ്രകടനം. 1966 ഇംഗ്ലണ്ട് ലോകകപ്പിലെ നാലാം സ്ഥാനം മികച്ച നേട്ടവും. ലെവ് യാഷിൻ, ഒലോഗ് ബ്ലോക്കിൻ എന്നീ കളിക്കാരിലൂടെ അവരുടെ മികവ് ലോകം അറിയുകയും ചെയ്തു.
സോവിയറ്റ് യൂനിയെൻറ തകർച്ചക്ക് ശേഷം ഫുട്ബാൾ പൈതൃകം ലഭിച്ചത് റഷ്യക്കും യുക്രെയ്നും ആയിരുന്നു. 1992ൽ മെക്സികോയെ രണ്ടു ഗോളിന് പിന്തള്ളിയാണ് റഷ്യക്കാർ ലോക ഫുട്ബാളിൽ വരവറിയിച്ചത്. ഇത്തവണ ലോകകപ്പിന് ആതിഥേയരായതുകൊണ്ട് യോഗ്യത മത്സരങ്ങൾ കളിക്കാതെതന്നെ മത്സരങ്ങളിൽ പങ്കെടുക്കാൻ അവർക്ക് അവകാശവും ലഭിച്ചു.
തുടക്കം അവർ ഗംഭീരമാക്കി. ആതിഥേയത്വം അനുവദിച്ചു കിട്ടിയപ്പോഴേ ഇറ്റലിക്കാരനായ മുൻ ഇംഗ്ലീഷ് കോച്ച് ഫാബിയോ കപ്പേലയെ ചുമതലയേൽപിച്ചുകൊണ്ട് അവർ സന്നാഹം തുടങ്ങി. എന്നാൽ, 2014 സോചി വിൻറർ ഒളിമ്പിക്സ് എല്ലാം തകിടംമറിച്ചു. റഷ്യക്കാരുടെ ഇതുവരെയുള്ള കായിക മികവുകളും നേട്ടങ്ങളും ഒക്കെ റഷ്യൻ സർക്കാർ നേരിട്ട് നടത്തുന്ന കൃത്യമായ ഡോപ്പിങ് സംവിധാനങ്ങളുടെ സഹായത്താലാണെന്ന് തെളിയിക്കപ്പെട്ടതോടെ അവരുടെ കായികതാരങ്ങൾ അനഭിമതരാക്കപ്പെട്ടു. ഫുട്ബാളിലും അതിെൻറ അനുരണനങ്ങളുണ്ടായി. സംഘാടകസമിതി അധ്യക്ഷനും കായികമന്ത്രിയും ആയ വിറ്റാലി മൂടുക്കോ പുറത്താക്കപ്പെട്ടു. അതുപോലെ പ്രകടനം മോശമെന്ന് കണ്ട് കോച്ചു കപ്പേലയും പറഞ്ഞയക്കപ്പെട്ടു. തുടർന്ന് നാട്ടുകാരനായ സ്റ്റാനിസ്ലാവ് ചെർസോസോവ് പരിശീലകനായി ചുമതലയേറ്റുവെങ്കിലും റഷ്യക്ക് പഴയ റഷ്യയാവാൻ കഴിഞ്ഞില്ല.
അതിനിടയിലാണ് റഷ്യയുടെ പഴയ ഡബ്ൾ ഏജൻറിന് ഇംഗ്ലണ്ടിൽെവച്ച് അണു വിഷബാധയേറ്റത്. അത് നൽകിയത് റഷ്യക്കാർ ആണെന്ന് തെരേസ മേയ് ആരോപിച്ചതോടെ ബഹിഷ്കരണം എന്ന ഭീഷണിയും നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ, ഇതൊന്നും ഒരു ഭീഷണിയല്ല എന്ന മട്ടിൽ റഷ്യക്കാർ അവർക്ക് ലഭിച്ച ലോകകപ്പിനെ വൻ വിജയമാക്കാൻ കഴിയുന്നതൊക്കെ ചെ യ്യുന്നു.
നിർഭാഗ്യവശാൽ അവസാനനിമിഷവും ചെർസോസോവിെൻറ കുട്ടികൾക്ക് ലോകകപ്പ് നിലവാരത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബ്രസീലുമായും ഫ്രാൻസുമായും നടന്ന സന്നാഹ മത്സരങ്ങൾ തെളിയിക്കുന്നു. പരാജയപ്പെട്ടുവെന്ന് മാത്രമല്ല, കാര്യമായ ഒത്തിണക്കംപോലും അവരിൽനിന്നുണ്ടായില്ല. എന്നാൽ, നെഗറ്റിവ് തലവാചകങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഫ്രഞ്ച് ടീമിലെ കറുത്തവർഗക്കാരെ തിരഞ്ഞുപിടിച്ച് റഷ്യൻ ആരാധകർ അവഹേളിച്ചത് വർണവെറിയന്മാർ എന്ന പേര് നേടിക്കൊടുത്തതിന് ഒപ്പം ഫിഫയുടെ ശിക്ഷണ നടപടികളും തേടിവരാനും കാരണമായി.
ലോക റാങ്കിങ്ങിൽ 65ാം സ്ഥാനത്തുള്ള റഷ്യയുടെ എതിരാളികൾ അവരേക്കാൾ രണ്ടു പടി മുന്നിലുള്ള (റാങ്ക് 63) ഏഷ്യൻ വാൻകരയുടെ പ്രതിനിധികളായ സൗദി അറേബ്യയും ഈജിപ്തും ദക്ഷിണ അമേരിക്കയിലെ വമ്പന്മാരായ ഉറുഗ്വായ്യും ആണ്. പരമ്പരാഗതമായി ആതിഥേയ ടീമിൽനിന്ന് മിന്നുന്ന പ്രകടനങ്ങളാണ് ലോകം പ്രതീക്ഷിക്കുക.
മുഹമ്മദ് സലാഹിെൻറ ഈജിപ്തിൽനിന്നും സുവാരസിെൻറയും കവാനിയുെടയും ഉറുഗ്വായിൽനിന്നും കിട്ടുന്ന ഗോളുകളാകും ആതിഥേയരുടെ ഭാവി നിശ്ചയിക്കുക. സൗദിയെയും എഴുതിത്തള്ളാൻ ആകില്ല. ചുരുക്കത്തിൽ സ്വന്തം കളിക്കളവും അതിൽ തിങ്ങി നിറയുന്ന ഭൂരിപക്ഷം റഷ്യക്കാരും എന്ന ഒരു മുൻതൂക്കം മാത്രമേ ഇത്തവണ ആതിഥേയർക്കുണ്ടാവൂ. പ്രീക്വർട്ടറിൽ എത്തിയാൽ മികച്ച നേട്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.