കോഴിക്കോട്: മലയാളി താരങ്ങളെ അന്യനാടുകൾ നെഞ്ചേറ്റിയ ചരിത്രമാണ് കേരള ഫുട്ബാളിനുള്ളത്. ഐ.എം. വിജയനും വി.പി. സത്യനും ജോപോൾ അഞ്ചേരിയുമെല്ലാം കൊൽക്കത്തക്കാരുടെ പ്രിയപ്പെട്ടവരായത് അങ്ങനെയാണ്. എന്നാൽ, മറ്റൊരു സംസ്ഥാനത്തുനിന്ന് വന്ന് മലയാളിയുടെ ഹൃദയം കവർന്ന ഫുട്ബാളർ എന്ന ഭാഗ്യം ഒരാൾക്ക് മാത്രമേയുണ്ടാവൂ. ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിെൻറ ക്യാപ്റ്റനായിരുന്ന ചണ്ഡിഗഢുകാരൻ സന്ദേശ് ജിങ്കാന് മാത്രം. ആറു സീസണുകളിൽ മഞ്ഞപ്പടയുടെ വന്മതിലായി നിലയുറപ്പിച്ച സൂപ്പർ താരം ടീം വിടാൻ തീരുമാനിച്ചപ്പോൾ മലയാളി ആരാധകർ അത്രയേറെ വേദനിക്കുന്നത് ചങ്ക് പറിച്ചുനൽകിയ ഈ സ്നേഹംകൊണ്ട് മാത്രമാണ്. ഏഴാം സീസണിലേക്ക് പുതിയ കോച്ചിനു കീഴിൽ അടിമുടി പുതുക്കിപ്പണിയാൻ ഒരുങ്ങവെയാണ് ആരാധകരെ ഞെട്ടിച്ച കൂടുമാറ്റം പ്രഖ്യാപിക്കപ്പെടുന്നത്.
എവിടേക്ക്, എന്തുകൊണ്ട് എന്നൊന്നും ഇതുവരെ വെളിപ്പെടുത്തിയില്ലെങ്കിലും സ്നേഹാശംസകൾ നേർന്നാണ് ഇന്ത്യൻ ടീമിലെ സൂപ്പർ സീനിയറായി മാറിയ താരത്തെ യാത്രയാക്കുന്നത്. അതേ സ്നേഹത്തിന് നന്ദിപറഞ്ഞാണ് ജിങ്കാൻ വിടചോദിക്കുന്നത്.
എമേർജിങ് ജിങ്കാൻ
ഐ ലീഗ് ക്ലബായ മുംബൈ എഫ്.സിയിൽനിന്ന് 2014ലാണ് സന്ദേശ് ജിങ്കാൻ എന്ന 20കാരൻ കൊച്ചിയിലെത്തുന്നത്. ആറടി രണ്ടിഞ്ച് ഉയരവും മികച്ച ശാരീരികക്ഷമതയും പ്രതിരോധത്തിൽ പോരാടിനിൽക്കാനുള്ള മിടുക്കുമായി ആദ്യ സീസണിൽ തന്നെ യുവതാരം ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ഗോളിയും കോച്ചുമായ ഡേവിഡ് ജെയിംസും ഡിഫൻഡർ സെഡ്രിച് ഹെങ്ബർട്ടും നൽകിയ പിന്തുണയിൽ സെൻറർ ബാക്കിൽ ജിങ്കാൻ തലയുയർത്തി നിന്നു. ആ വർഷം മികച്ച യുവതാരത്തിനുള്ള ‘എമേർജിങ്’ പുരസ്കാരം തേടിയെത്തി.
പിന്നീടുള്ള സീസണുകളിൽ മഞ്ഞപ്പടയുടെ വിശ്വസ്ത താരമായി ജിങ്കാൻ തുടർന്നു. രണ്ടു സീസണിൽ നായകനായി. അവസാന സീസൺ പരിക്ക് കാരണം നഷ്ടമായെങ്കിലും ആരാധകർക്ക് ജിങ്കാൻ ഇന്നും ഫേവറിറ്റ് തന്നെ. 76 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഇന്ത്യൻ താരംകൂടിയാണ്.
പുതിയ താവളം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല. വിദേശത്തേക്കെന്ന് ഊഹാപോഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. അതേസമയം, ഐ.എസ്.എല്ലിൽനിന്ന് താരത്തിന് മികച്ച ഓഫറുകളുണ്ടെന്നാണ് റിപ്പോർട്ട്.
നമ്പർ 21 ഇനിയില്ല
സന്ദേശ് ജിങ്കാനോടുള്ള ആദരസൂചകമായി അദ്ദേഹം അണിഞ്ഞ 21ാം നമ്പർ ജഴ്സിയും ടീമിൽനിന്ന് വിരമിച്ചു. ഇനി ആർക്കും ഈ നമ്പർ നൽകില്ല. ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറാണ് ഇക്കാര്യം അറിയിച്ചത്. സചിൻ ടെണ്ടുൽകറിെൻറ 10ാം നമ്പർ കുപ്പായം ബി.സി.സി.ഐ പിൻവലിച്ചതു പോലെയാണ് ഈ നീക്കവും. ഫുട്ബാളിൽ വിവിധ ക്ലബുകളും ഇതേ മാർഗം സ്വീകരിച്ചുവരുന്നുണ്ട്. ഇന്ത്യൻ ഫുട്ബാളിൽ കളിക്കിടെ മരണപ്പെട്ട രണ്ടു താരങ്ങളുടെ ജഴ്സി ക്ലബുകൾ പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.