രാവിലെ അഞ്ചു മണിക്കുതന്നെ നിഷ്നിയിലേക്കുള്ള ബസ് റെഡിയായിരുന്നു. മോസ്കോയിൽ നിന്ന് 480 കി.മീറ്റർ ദൂരത്തുള്ള ഈ പട്ടണം റഷ്യയിലെ അഞ്ചാമത്തെ വലിയ നഗരമാണ്. ലോകകപ്പിനു വേണ്ടി പുതുതായി പണികഴിപ്പിച്ച സ്റ്റേഡിയത്തിലാണ് ഫ്രാൻസ് -ഉറുഗ്വായ് ക്വാർട്ടർ നടക്കുന്നത്. വോൾഗ നദിക്ക് അഭിമുഖമായി െക്രംലിെൻറ ഭാഗത്തുനിന്ന് കാണാവുന്ന രീതിയിൽ തയാറാക്കിയ അതിമനോഹരമായ ഉരുക്കുകെട്ടിടം ഈ വർഷം ആദ്യമാണ് പണി പൂർത്തിയായത്. സ്റ്റേഡിയത്തിന് തൊട്ടടുത്തായി ഒരു വലിയ ഷോപ്പിങ് മാൾ ലോകകപ്പിനുവേണ്ടി മാത്രമായി തയാറാക്കിയത് ആശ്ചര്യമായി.
ഫുഡ് കോർട്ടുകളും ബ്രാൻഡഡ് ഷോറൂമുകളുമായി കെട്ടിടം ബഹളമയം. വോൾഗ നദിയുടെ മറുകര സ്വർണച്ചായമണിഞ്ഞ് നിൽക്കുന്ന ക്രിസ്ത്യൻ പള്ളി സ്റ്റേഡിയത്തിൽ നിന്നുള്ള നല്ല കാഴ്ചയാണ്. ധാരാളം സർവകലാശാലകളുള്ള സ്ഥലമായതുകൊണ്ടുതന്നെ ഒട്ടനവധി വിദേശ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. മെഡിക്കൽ വിദ്യാർഥികളായി ഒരുപാട് ഇന്ത്യക്കാരുമുണ്ട്.
പ്രധാനമായും രണ്ട് നദികളെ കേന്ദ്രീകരിച്ചാണ് ടൂറിസം. ഒട്ടനവധി വിദേശികൾ ബോട്ടിലും മറ്റുമായി നഗരം ചുറ്റിക്കറങ്ങുന്നുണ്ട്. ഇതിനിടയിലാണ് ബംഗളൂരുകാരൻ ഉബൈദിനെ കാണുന്നത്. ഹോസ്പിറ്റാലിറ്റി വളൻറിയറാണ് കക്ഷി. ബംഗളൂരുവിലെ ഒരു കമ്പനിയിൽ എൻജിനീയറായ ഇദ്ദേഹം ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തിനെത്തുന്നത്. ഇവിടത്തെ വെന്യൂ മാനേജ്മെൻറ് ടീമിൽ ഒട്ടനവധി ഇന്ത്യക്കാരായ മെഡിക്കൽ-എൻജിനീയറിങ് വിദ്യാർഥികൾ ഉണ്ടെന്ന് ഉബൈദ് പറഞ്ഞു.
മുഖ്യമായ സ്ഥലമായി ഉബൈദ് പറഞ്ഞത് ഡിമിറ്റോവ്സ്കയ ടവർ ഉൾപ്പെടെയുള്ള 13 കോട്ട താവളങ്ങളാൽ ചുറ്റപ്പെട്ട െക്രംലിൻ ആണ്. 16ാം നൂറ്റാണ്ടു മുതൽ ക്രെംലിൻ (സെൻട്രൽ ടൗൺ) അറിയപ്പെടുന്നത് ഈ ഗോപുരങ്ങളുടെ ഭംഗിയുടെ പേരിലാണ്. െക്രംലിെൻറ പ്രധാനമായ ആകർഷണമായി 17ാം നൂറ്റാണ്ടിൽ പുനർനിർമിച്ച, മേജർ മൈക്കൽ എന്ന ഗ്രീൻ-സ്പിയേഡ് കത്തീഡ്രൽ. ഒരു വലിയ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന നിഷ്നി നൊവ്ഗോർദ് സ്റ്റേറ്റ് ആർട്ട് മ്യൂസിയം; അതിനകത്ത് റഷ്യൻ, യൂറോപ്യൻ പെയിൻറിങ്ങുകളുടെയും ഐക്കണുകളുടെയും വലിയ ഒരു ശേഖരവും ചരിത്രകുതുകികളായ സഞ്ചാരികൾക്ക് ഒരു ഉണർവുതന്നെയാണ്.
ഏത് ചരിത്ര ശേഷിപ്പുകളും വരുംതലമുറക്ക് പകർന്നുനൽകാനുതകുന്ന രീതിയിൽ സംരക്ഷിക്കപ്പെടുക എന്നത് റഷ്യൻ സംസ്കാരത്തിൽനിന്ന് നാം ആർജിക്കേണ്ട പാഠമാണെന്ന് തോന്നുന്നു. ഉബൈദിനോട് സംസാരിച്ച് നഗരം ചുറ്റിക്കറങ്ങി തിരിച്ചെത്തുമ്പോഴും മനസ്സിലുള്ളത് ഒരു ഉരുക്കുകോട്ടയായി തലയുയർത്തിനിൽക്കുന്ന ഈ സ്റ്റേഡിയം തന്നെയാണ്. വളരെ പരിമിതമായ സ്ഥലത്ത് എല്ലാ കായിക ഇനങ്ങളുടെയും ഉന്നമനത്തിനായി ഉയർത്തപ്പെട്ട കളി മൈതാനം. ഇത് ഇവിടെ നിർമിക്കാൻ കാണിച്ച ഭരണാധികാരികളുടെ ഇച്ഛാശക്തിയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.