കൊച്ചി: അണ്ടർ 17 ലോകകപ്പിന് കൊച്ചിയിലെ ഒരുക്കത്തിന് വേഗം പോരെന്ന് ഫിഫ സംഘം. നവീകരണജോലി ഇഴഞ്ഞുനീങ്ങുന്നതിൽ സംഘം ഉത്കണ്ഠ രേഖപ്പെടുത്തി. സ്റ്റേഡിയങ്ങൾ ഫിഫക്ക് കൈമാറാനുള്ള അവസാന തീയതി മേയ് 15 വരെ നീട്ടിനൽകി. നേരേത്ത ഫെബ്രുവരി 28നകം സ്റ്റേഡിയം നവീകരണം പൂർത്തിയാക്കി കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ജവഹർലാൽ നെഹ്റു സ്റ്റേഡിയവും നാല് പരിശീലന മൈതാനങ്ങളുടെയും നവീകരണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംഘം. ഡല്‍ഹി, ഗോവ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഫിഫയുടെയും പ്രാദേശിക ഓര്‍ഗനൈസിങ് കമ്മിറ്റിയിലെയും 21 അംഗങ്ങൾ വെള്ളിയാഴ്ച കൊച്ചിയിലെത്തിയത്.
ടൂർണമെൻറ് തലവൻ ജെയ്മെ യർസ, ഡയറക്ടർ ഹാവിയർ സിപ്പി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഫുട്ബാൾ ലോകകപ്പ് ടൂർണമെൻറാണിത്. ഇതിനനുസരിച്ച് സർക്കാർ ഗൗരവമായി കാര്യങ്ങളെ സമീപിക്കണമെന്ന് ജെയ്മെ യെർസ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ നവീകരണ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടായിരുന്നു. നിർഭാഗ്യവശാൽ ആ വേഗം ഇപ്പോൾ കാണുന്നില്ല. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കുറച്ചുകൂടി പ്രതിബദ്ധത കാണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡയറക്ടർ ഹാവിയർ സിപ്പി പറഞ്ഞു. ഫിഫയുടെ മാനദണ്ഡ പ്രകാരം മുഴുവൻ സ്റ്റേഡിയങ്ങളുടെ നവീകരണം പൂർത്തിയാക്കി പറഞ്ഞ ദിവസത്തിനകം കൈമാറുമെന്ന് കായിക മന്ത്രി എ.സി. മൊയ്തീൻ ഉറപ്പുനൽകി. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറാകില്ലെന്ന് സംഘം പറഞ്ഞു.
ടൂർണമെൻറ് നടക്കുന്ന സമയത്ത് 15,000 സുരക്ഷ ജീവനക്കാരെ സ്റ്റേഡിയം പരിസരത്തും പരിശീലന മൈതാനങ്ങളിലുമായി വിന്യസിക്കേണ്ടി വരും. ടൂർണമെൻറ് തുടങ്ങുന്നതിന് 10 ദിവസം മുമ്പ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം കോംപ്ലക്സിലെ മുഴുവൻ കെട്ടിടങ്ങളും അടച്ചുപൂട്ടണമെന്നും ഫിഫ സംഘം ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിലെ കസേരകൾ സ്ഥാപിക്കൽ, അഗ്നിരക്ഷ സംവിധാനം തുടങ്ങിയ ജോലികൾ രണ്ടു മാസത്തിനകം പൂർത്തിയാക്കുമെന്ന് നോഡൽ ഓഫിസർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്‍, വൈസ് പ്രസിഡൻറ് മേഴ്‌സികുട്ടന്‍ തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഒക്‌ടോബര്‍ ആറുമുതല്‍ 28 വരെയാണ് രാജ്യം ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ -17 ലോകകപ്പ്.
ഒച്ചിഴയും വേഗം ലോകകപ്പിന് പന്തുരുളാൻ ഇനി വെറും 194 ദിവസങ്ങൾ മാത്രം. ആറ് മാസവും ഏതാനും ദിവസങ്ങളും മാത്രം. ലോകകപ്പിനാണ് വേദിയൊരുങ്ങുന്നതെന്ന ഗൗരവം ഇന്ത്യ ഉൾകൊണ്ടിട്ടില്ലെന്ന പരിഭവത്തിലാണ് ഫിഫ. ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ഉന്നത സംഘം മെല്ലെപ്പോക്കിനെ രൂക്ഷഭാഷയിൽ തന്നെ വിമർശിച്ചു. മാച്ച് ഗ്രൗണ്ടും പരിശീലന ഗ്രൗണ്ടും അടക്കമുള്ളവയുടെ ജോലികൾക്ക് വേഗം കൂട്ടാൻ മുന്നറിയിപ്പ് നൽകിയാണ് സംഘം കൊച്ചിയിൽ നിന്നും മടങ്ങിയത്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം
പൂർത്തിയായത് മത്സര വേദിയായ കലൂർ സ്റ്റേഡിയത്തിൽ പുല്ല് വിരിക്കൽ 90 ശതമാനം കഴിഞ്ഞു. െഡ്രയിനേജ് നിർമാണം പൂർത്തിയായി. പ്ലംബിങ്, ടോയ്ലറ്റ് നിർമാണം 60 ശതമാനം വരെ പൂർത്തിയാക്കി. ഇലക്ട്രിക്കൽ ജോലികളും പരിശീലന മൈതാനങ്ങളെ ബന്ധിപ്പിക്കുന്ന ജോലികളും ഇനിയും പകുതിയോളം ബാക്കി. അഗ്നിരക്ഷ സംവിധാനം, എയർകണ്ടീഷൻ, മാലിന്യസംസ്കരണ പ്ലാൻറ്, കസേര സ്ഥാപിക്കൽ എന്നിവ ആരംഭിച്ചിട്ടില്ല. ഇവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
പരിശീലന മൈതാനങ്ങൾ മഹാരാജാസ് കോളജ്, ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗർ, വെളി ഗ്രൗണ്ട് എന്നീ പരിശീലന മൈതാനങ്ങളുടെ നവീകരണം ഇഴയുന്നു. അന്താരാഷ്ട്ര നിലവാരം പരിശീലന മൈതാനങ്ങൾക്കും വേണമെന്നിരിക്കെ ചില മൈതാനങ്ങളിൽ മണ്ണ് നിറക്കൽ ജോലി ആരംഭിച്ചതേയുള്ളൂ. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ നിർമാണ ജോലികളാണ് കുറച്ചെങ്കിലും വേഗത്തിൽ പൂർത്തിയാകുന്നത്. ടോയ്്ലറ്റ്, ഡ്രെയിനേജ്, മണ്ണ് നിറക്കൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. ഗ്രൗണ്ട് നവീകരണത്തിനായി കെ.എം.ആർ.എൽ 2.94 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ മണ്ണ് നിറക്കൽ ജോലികൾ ആരംഭിച്ചപ്പോൾ പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലും ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിലും മണ്ണ് നിറക്കൽ ജോലി പൂർത്തിയായി. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട് നവീകരണത്തിന് 1.75 കോടിയും പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിന് 11 കോടിയും ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിന് അഞ്ച് കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.