കൊച്ചി: കാൽപന്തുകളിയുടെ മാമാങ്കത്തിനുശേഷം ആരവമൊഴിഞ്ഞ മൈതാനങ്ങളിൽ അധികൃതർക്ക് ഉത്തരവാദിത്തങ്ങളനവധി. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് നവീകരിച്ച മൈതാനങ്ങളുടെ പരിപാലനം വെല്ലുവിളിയാവുകയാണ്. മത്സരത്തിെൻറ പ്രധാന വേദിയായിരുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും മഹാരാജാസ് മൈതാനം, ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, പനമ്പിള്ളിനഗർ, വെളി എന്നിവിടങ്ങളിലെ പരിശീലന മൈതാനങ്ങളും ഉന്നതനിലവാരത്തിലേക്ക് ഉയർന്നതോടെ ഇവയുടെ പരിപാലനംപോലും അധികൃതരെ വിയർപ്പിക്കുന്നതായി.
62 കോടിയിൽപരം രൂപയാണ് മൈതാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചത്. പുല്ലു പിടിപ്പിച്ചും ഭൗതികസൗകര്യങ്ങൾ വർധിപ്പിച്ചും മുഖം മിനുക്കിയിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ 200നടുത്ത് ശൗചാലയങ്ങളും എയർ കണ്ടീഷൻ ചെയ്ത മുറികൾ ഉൾപ്പെടെ 34ൽപരം മുറികളും നിർമിച്ചിട്ടുണ്ട്. സൗകര്യങ്ങൾ വർധിച്ചതോടെ ഇൗ മൈതാനങ്ങളുടെ വാടകയിലും ഗണ്യമായ വർധന വന്നിട്ടുണ്ട്.
കായിക മത്സരങ്ങൾക്കുവേണ്ടി മാത്രമേ ഉപയോഗിക്കൂ
-എ.പി.എം. മുഹമ്മദ് ഹനീഷ്
ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് മുഖം മിനുക്കിയ മൈതാനങ്ങൾ കായികമത്സരങ്ങൾക്കുവേണ്ടി മാത്രം ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്ന് ഫിഫ വേൾഡ് കപ്പ് ലോകകപ്പ് നോഡൽ ഒാഫിസർ എ.പി.എം. മുഹമ്മദ് ഹനീഷ്. കഴിഞ്ഞ മൂന്നിന് സ്റ്റേഡിയങ്ങളുടെ പരിപാലനം സംബന്ധിച്ച് തീരുമാനമെടുക്കാൻ യോഗം ചേർന്നിരുന്നു. പ്രാദേശിക ക്ലബുകളുെടയും സംഘടനകളുെടയും സഹകരണം ഇക്കാര്യത്തിൽ ഉറപ്പുവരുത്തും. കേരള ബ്ലാസ്റ്റേഴ്സും കേരള സ്പോർട്സ് കൗൺസിലും ഇതിന് കൈകോർത്തിട്ടുണ്ട്. പരിപാലന ചുമതല ജി.സി.ഡി.എക്കാണ്. സ്റ്റേഡിയം പരിപാലിക്കാൻ മാസത്തിൽ രണ്ടുലക്ഷത്തോളം രൂപ ചെലവുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഫീൽഡ് ഇനങ്ങൾക്ക് മൈതാനം
അനുവദിക്കില്ല -ജെ. മാത്യൂസ്
ഡിസ്കസ് ത്രോ, ഹാമർ ത്രോ, ഷോട്ട്പുട്ട് തുടങ്ങിയവ നടത്തുമ്പോഴാണ് മൈതാനം കേടുവരുന്നതെന്നും ഫുട്ബാൾ ഒഴികെയുള്ള ഫീൽഡ് ഇനങ്ങൾക്ക് മഹാരാജാസ് മൈതാനം അനുവദിക്കില്ലെന്നും കോളജിലെ ഫിസിക്കൽ എജുേക്കഷൻ വിഭാഗം തലവൻ ജെ. മാത്യൂസ്. കോളജിെൻറ മൈതാനത്ത് കായികമത്സരങ്ങളും കളികളും സംഘടിപ്പിക്കുന്നതിൽ കോളജിലെ വിദ്യാർഥികൾക്കാണ് മുൻഗണന നൽകുക. കോളജും ഫിസിക്കൽ എജുക്കേഷൻ വിഭാഗവും മൈതാനം ഭംഗിയായി പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി പഴയപോലെയല്ല; കാശുമുടക്കുണ്ട്...!
അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തിനുശേഷം മൈതാനത്തിെൻറ വാടക കുത്തനെ വർധിപ്പിച്ചതായി ആക്ഷേപം. നേരേത്ത മൂന്നുദിവസത്തേക്ക് 18,000 രൂപ നൽകിയാൽ മതിയായിരുന്ന മഹാരാജാസ് മൈതാനത്തിന് ദിവസത്തേക്ക് 16,000 രൂപയാണ് ആവശ്യപ്പെടുന്നത്. കലക്ടറുടെ നിർദേശമനുസരിച്ചാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ലോകകപ്പിെൻറ ഭാഗമായി പരിശീലനത്തിന് ഫിഫ നന്നാക്കിയത് ഫീൽഡ് മാത്രമാണെങ്കിലും അത്ലറ്റിക് മത്സരങ്ങളുടെ നടത്തിപ്പിന് ട്രാക്ക് മാത്രം വാടകക്കെടുത്താലും ഇതേ നിരക്കുതന്നെ നൽകണമെന്നും ആക്ഷേപമുണ്ട്. കായികമേളകൾക്ക് മൈതാനം വാടകക്കെടുക്കുന്ന കോളജുകൾക്കും സംഘടനകൾക്കും ഇത് തിരിച്ചടിയായി. മൈതാനത്തിന് മാത്രമല്ല, പവിലിയനിലെ കടമുറികൾക്കും തുക വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.