ന്യൂഡൽഹി: ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണ് ചരിത്രത്തിൽനിന്ന് അൽപം അകന്നുപോയ ആ ഷോട്ടെന്ന് മലയാളി താരം കെ.പി. രാഹുൽ. കൊളംബിയക്കെതിരായ കളിയിൽ ബാറിൽ തട്ടി മടങ്ങിയ ആ ഷോട്ട് ഗോളായിരുന്നെങ്കിൽ മത്സരത്തിെൻറ ഗതിയും മറ്റൊന്നായേനെ. ഘാനയോട് ദയനീയമായി തോറ്റ മത്സരത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.
മൂന്നു കളികളിലും മുഴുസമയവും കളിക്കാനായതിൽ സന്തോഷമുണ്ട്. കോച്ച് ഡി മാറ്റിസ് തന്നിലർപ്പിച്ച വിശ്വാസത്തിന് കളിക്കളത്തിൽ നൂറു ശതമാനം സമർപ്പിച്ചിട്ടുണ്ട്. പിഴവുകൾ സംഭവിച്ചിരിക്കാം. എന്നാൽ, ഈ ടീമിെൻറ മികവിൽ അഭിമാനമുണ്ട്. ആദ്യ മത്സരത്തിനുശേഷം പരിക്ക് വിഷമിപ്പിച്ചിരുന്നു. ഒരു ദിവസം പരിശീലനത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ഇപ്പോൾ കുഴപ്പമൊന്നുമില്ല. അമേരിക്കയുടെയും കൊളംബിയയുടെയും ശൈലിയിൽനിന്ന് തീർത്തും വ്യത്യസ്തരാണ് ഘാന. അവരുടെ മെയ്ക്കരുത്തിനും വേഗത്തിനുമൊപ്പമെത്താൻ തങ്ങൾക്ക് കഴിഞ്ഞില്ല.
ലോകകപ്പിനായുള്ള തയാറെടുപ്പിനിടെ മാസങ്ങളായി വീട്ടിൽനിന്ന് അകന്നുകഴിയുന്ന തനിക്ക് ഉടൻ അച്ഛനും അമ്മക്കും കൂട്ടുകാർക്കുമടുത്തെത്തി ലോകകപ്പ് വിശേഷങ്ങൾ പങ്കുവെക്കണം. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ അച്ഛനും അമ്മയുമാണ്. അവരുടെ പ്രാർഥന ദൈവം കേട്ടു. നാട്ടിലെത്തിയാൽ നാട്ടുകാരും കൂട്ടുകാരും ആ ഷോട്ടിനെക്കുറിച്ച് േചാദിച്ചാൽ സങ്കടം വരും. മൂന്നു കളികളിലും ഇന്ത്യ മികവിനൊത്ത് കളിച്ചു. എന്നാൽ, അർഹിച്ച സമനിലപോലും നഷ്ടമായത് ദുഃഖമായി തുടരുന്നു.
ടീമംഗങ്ങളോരോരുത്തരും ഇതിൽ നിരാശരാണ്. നാളെയിലേക്ക് സ്വപ്നം കാണാൻ ഈ ലോകകപ്പ് അനുഭവങ്ങൾ ധാരാളമാണെന്ന് കളിക്കളത്തിൽ ഡിഫൻഡറുടെയും മധ്യനിരക്കാരെൻറയും മുൻനിരക്കാരെൻറയും റോൾ ഭംഗിയായി നിർവഹിച്ച രാഹുൽ വ്യക്തമാക്കി.കളിക്കളത്തിലെ വളർച്ചയിൽ ഓരോ പരിശീലകനും അവരുടേതായ റോളുണ്ട്. ഡി മാറ്റിസ് അത്തരത്തിലൊരു പ്രഗല്ഭ കോച്ചാണ്. അവരുടെ ഗെയിം പ്ലാൻ കളിക്കളത്തിൽ നന്നായി പ്രാവർത്തികമാക്കുകയാണ് ഓരോ കളിക്കാരെൻറയും ദൗത്യം -പ്രായത്തിൽ കവിഞ്ഞ പക്വതയോടെ രാഹുൽ പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.