കൊച്ചി: കൗമാരക്കാരുടെ വിശ്വപോരിന് പന്തുതട്ടാൻ ചൊവ്വാഴ്ച മുതൽ ടീമുകൾ കൊച്ചിയിലെത്തും. ഡി ഗ്രൂപ്പില്‍ സ്പാനിഷ് പട ആദ്യമെത്തും. പുലര്‍ച്ചെ മൂന്നിന് ഇത്തിഹാദ് എയര്‍വേഴ്സിൽ ടീം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങും. മുംബൈയിൽ കഴിഞ്ഞദിവസം എത്തിയ ബ്രസീല്‍ ചൊവ്വാഴ്ച ഉച്ചയോടെയും എത്തും. നൈജര്‍ ഉച്ചക്കഴിഞ്ഞ് വിമാനമിറങ്ങും. രാത്രി ആറിന് ഉത്തര കൊറിയയും പറന്നിറങ്ങും. ബുധനാഴ്ച മുതലാണ് ടീമുകളുടെ പരിശീലനം. കേരളത്തനിമയോടെ താരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണത്തിനും സുരക്ഷക്കുമുള്ള നടപടികൾ പൂർത്തിയായിവരുന്നു.
കസ്റ്റംസ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അഡീഷനല്‍ കമീഷണര്‍ എസ്. അനില്‍കുമാർ, ഡെപ്യൂട്ടി കമീഷണര്‍ ബിജു തോമസ്, അസി. കമീഷണര്‍മാരായ മൊയ്തീന് നൈന, ശിവരാമന് എന്നിവര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും കറന്‍സി മാറാൻ പ്രത്യേക കൗണ്ടറുകള്‍ തുറക്കും. ബാഗേജിലെ സാധനങ്ങള്‍ നഷ്ടമാവാതെ സൂക്ഷിക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുമുണ്ടാകും. കളി ഉപകരണങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാനും മടക്കി കൊണ്ടുപോകാനും കാര്‍ഗോയിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രത്യേക ഹെല്പ് ഡെസ്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും. പരീശീലനം ലഭിച്ച വളൻറിയര്മാരാകും താരങ്ങൾക്ക് സഹായവുമായി ഉണ്ടാവുക.
ഗ്രൂപ് ഡിയില്‍ ബ്രസീല്‍, സ്പെയിന്, ഉത്തര കൊറിയ, നൈജര്‍ ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ് സിയിലെ ഗ്വിനി, ജര്‍മനി പ്രാഥമിക റൗണ്ട് മത്സരവും ഒാരോ പ്രീക്വാര്‍ട്ടര്‍, ക്വാർട്ടർ മത്സരവും കൊച്ചിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.