റോട്ടർഡാം: വീഴ്ചകളെ ചവിട്ടുപടികളാക്കി ഒാറഞ്ചുകുപ്പായക്കാർ തിരിച്ചെത്തുന്നു. 2016 യൂറോകപ്പിലും റഷ്യ ലോകകപ്പിലും യോഗ്യതപോലുമില്ലാതെ നാണംകെട്ട ഒാറഞ്ചുപടക്ക് പുതിയ പരിശീലകൻ റൊണാൾഡ് കോമാനു കീഴിൽ വർധിതവീര്യം. യുവേഫ നേഷൻസ് ലീഗ് ആദ്യ കളി തോറ്റതിനു പിന്നാലെ ഫൈനൽ റൗണ്ട് പ്രതിസന്ധിയിലായവർ നിർണായക അങ്കത്തിൽ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് പ്രതീക്ഷകൾക്ക് ചിറകുനൽകി.
അെൻറായിൻ ഗ്രീസ്മാൻ, കെയ്ലിയൻ എംബാപ്പെ, ഒലിവർ ജിറൂഡ് തുടങ്ങിയ ലോകകപ്പ് താരങ്ങളുമായിറങ്ങിയ ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് നെതർലൻഡ്സ് തരിപ്പണമാക്കിയത്. കളിയുടെ 44ാം മിനിറ്റിൽ ജോർജിന്യോ വിനാൽഡമും ഇഞ്ചുറി ടൈമിെൻറ അവസാന മിനിറ്റിൽ മെംഫിസ് ഡിപേയുടെ പനേക പെനാൽറ്റി ഗോളുമാണ് ലോക ചാമ്പ്യന്മാരുടെ വലതുളച്ചത്.
കരുത്തരായ എതിരാളിയെ വരിഞ്ഞുമുറുക്കിയായിരുന്നു നെതർലൻഡ്സിെൻറ ഗെയിം പ്ലാൻ. ലോക ചാമ്പ്യന്മാരെ പിടിച്ചുകെട്ടി അവർ കളംവാണു. ഷോട്ടിലും പന്തടക്കത്തിലും (64-36) ഒാറഞ്ചുകാർ മികച്ചുനിന്നു. ഗ്രീസ്മാനെയും എംബാപ്പെയെയും ക്യാപ്റ്റൻ വിർജിൽ വാൻഡികും മത്യാസ് ഡി ലിഗ്റ്റും ചേർന്ന് തളച്ചതോടെ ഫ്രാൻസിെൻറ മുനയൊടിഞ്ഞു. ഇതിനിടെയാണ് ഫ്രഞ്ച് മിഡ്ഫീൽഡർ സ്റ്റീവൻ സൊൻസിയുടെ ഹെഡർ പിഴച്ച് ഡച്ച് താരം റ്യാൻ ബാബലിെൻറ ബൂട്ടിലെത്തിയത്.
ബോക്സിനുള്ളിൽ ബാബൽ നിറയൊഴിച്ചെങ്കിലും ഗോളി ലോറിസിെൻറ കാലിൽ തട്ടി റീബൗണ്ട് ചെയ്തു. ചാടിവീണ വിനാൽഡം പാഴാക്കിയില്ല. പന്ത് ലോറിസിനെ കീഴടക്കി വലയിൽ. രണ്ടാം പകുതിയിൽ നെതർലൻഡ്സിന് അരഡസൻ അവസരങ്ങൾ പിന്നെയും പിറന്നു. ഇതിനൊടുവിലാണ് േബാക്സിനകത്തെ ഫൗൾ പെനാൽറ്റിയായതും ഡിപേ പനേക കിക്കിലൂടെ രണ്ടാം ഗോൾ നേടിയതും.
ഡച്ച് ജയം; അടിയേറ്റ് ഫ്രാൻസും ജർമനിയും
ഒരു വെടിക്ക് രണ്ടു പക്ഷിയെന്നപോലെയായി നെതർലൻഡ്സിെൻറ കാര്യങ്ങൾ. ഒറ്റജയത്തോടെ അടിയേറ്റത് ഫ്രാൻസിനും ജർമനിക്കും. ഒരു സമനിലകൊണ്ട് ഫൈനൽ റൗണ്ട് ഉറപ്പിക്കാമായിരുന്ന ഫ്രാൻസിന് തോൽവിയോടെ ഭാവി കട്ടപ്പുറത്തായി. ഒപ്പം, ഒരു ജയം പോലുമില്ലാത്ത ജർമനി പുറത്താവുകയും അടുത്ത സീസണിൽ ലീഗ് ‘ബി’യിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു.
ഗ്രൂപ് ഒന്നിൽ നാലു കളിയും കഴിഞ്ഞ ഫ്രാൻസിന് ഇപ്പോൾ ഏഴു പോയൻറാണുള്ളത്. ഒരു കളി കുറവുള്ള നെതർലൻഡ്സിന് ആറും ജർമനിക്ക് ഒന്നും. മൂന്നു കളിയിൽ രണ്ടു തോൽവി വഴങ്ങിയ ജർമനി ഇതോടെ പുറത്തായി.
തിങ്കളാഴ്ചയിലെ ജർമനി-നെതർലൻഡ്സ് മത്സരം ഗ്രൂപ് ചാമ്പ്യന്മാരെ നിർണയിക്കും. സമനിലകൊണ്ട് നെതർലൻഡ്സിന് ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിക്കാം. ഏഴു പോയൻറുമായി ഫ്രാൻസിനൊപ്പമാവുമെങ്കിലും ഗോൾശരാശരിയിലെ മുൻതൂക്കം ഒാറഞ്ചുപടക്ക് അനുഗ്രഹമാവും.
വെയ്ൽസിന് തോൽവി
ലീഗ് ‘ബി’യിൽ വെയ്ൽസിെൻറ ഫൈനൽ റൗണ്ട് മോഹങ്ങൾക്ക് തിരിച്ചടിയായി തോൽവി. ഗ്രൂപ് നാലിൽ ഡെന്മാർക് 2-1ന് വെയ്ൽസിനെ വീഴ്ത്തി. ഇതോടെ, ഏഴ് പോയൻറുമായി ഡെന്മാർക് ഒന്നാമതായി. നാല് കളിയും പൂർത്തിയായ വെയ്ൽസിന് ആറ് പോയൻറാണുള്ളത്. ഒരു കളി ബാക്കി നിൽക്കെ ഡെന്മാർക് ഫൈനൽ റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.