കൊച്ചി: അണ്ടർ 17 ലോകകപ്പിനുള്ള കൊച്ചിയിലെ ഒരുക്കത്തിൽ നിരാശയെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ. വെള്ളിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണ പുരോഗതി വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. നിശ്ചയിച്ച തീയതിക്കകം മുഴുവൻ ജോലികളും പൂർത്തിയാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.
മേയ് 15നകം കലൂർ സ്റ്റേഡിയത്തിെൻറ മുഴുവൻ ജോലികളും മേയ് 31നകം പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് സ്റ്റേഡിയം, പനമ്പിള്ളി നഗർ സ്റ്റേഡിയം, ഫോർട്ടുകൊച്ചി വെളി, പരേഡ് മൈതാനങ്ങൾ എന്നിവയുടെ നവീകരണവും പൂർത്തിയാക്കണണെന്ന് മന്ത്രി ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകി. ആവശ്യമെങ്കിൽ വീണ്ടും സന്ദർശനം നടത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പറഞ്ഞ തീയതിക്കുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും മന്ത്രിക്ക് ഉറപ്പുനൽകി. വീഴ്ച വരുത്തിയ കരാറുകാരിൽനിന്ന് പിഴയീടാക്കാനും മന്ത്രി നിർദേശിച്ചു.
മേയ് 15നു ശേഷം പ്രധാന സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള ക്ഷമതയുണ്ടായിരിക്കണം. വളരെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ ലോകകപ്പ് ടൂർണമെൻറിനെ സമീപിക്കുന്നത്. ഫുട്ബാളിന് രാജ്യത്ത് വേരോട്ടമുണ്ടാകാൻ സഹായിക്കുന്ന അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വിഷയത്തെ ഗൗരവമായി സമീപിക്കാത്തതാണ് കൊച്ചിയിലെ പ്രശ്നം.
വേണമെന്ന് വിചാരിച്ചാൽ എല്ലാം പെട്ടെന്ന് നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് കാര്യങ്ങൾ മുന്നോട്ടുനീക്കണം. പറഞ്ഞ സമയത്തിനുള്ളിൽ കൊച്ചിയിലെ നവീകരണം പൂർത്തിയാക്കിയില്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് ടൂർണമെൻറ് മാറ്റുമോ എന്ന ചോദ്യത്തിന് കൊച്ചിയിൽ തന്നെ നടക്കുമെന്നാണ് തെൻറ ആത്മവിശ്വാസമെന്ന് മന്ത്രി മറുപടി നൽകി. കലൂർ സ്റ്റേഡിയത്തിനു പുറമെ പരിശീലന മൈതാനങ്ങളിലും കേന്ദ്ര സംഘം പരിശോധന നടത്തി. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ, നോഡൽ ഓഫിസർ പി.എം. മുഹമ്മദ് ഹനീഷ്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് മേഴ്സിക്കുട്ടൻ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
ആശങ്കയില്ല; എല്ലാം ഉടൻ പൂർത്തിയാക്കും – മുഹമ്മദ് ഹനീഷ്
അണ്ടർ 17 ലോകകപ്പിനുള്ള സ്റ്റേഡിയ നവീകരണത്തിൽ ആശങ്കയില്ലെന്നും ഫിഫ നിർദേശിച്ച തീയതിക്കകം നിർമാണം പൂർത്തിയാക്കി കൈമാറുമെന്നും നോഡൽ ഓഫിസർ പി.എ.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇനി അഗ്നിരക്ഷ സംവിധാനവും കസേര സ്ഥാപിക്കൽ ജോലിയും മാത്രമാണ് പൂർത്തിയാകാനുള്ളത്. അഗ്നിരക്ഷ സംവിധാനത്തിെൻറ ജോലികൾ അന്തിമഘട്ടത്തിലാണ്. കസേര സ്ഥാപിക്കൽ പത്തു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് കരാറുകാരൻ മന്ത്രിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പരിശീലന മൈതാനങ്ങളുടെ ജോലിയും പുരോഗതിയിലാണ്. നാലു മൈതാനങ്ങളിലും പുല്ലുപിടിപ്പിക്കൽ ജോലി പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.