കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടന്ന ആദ്യ വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ നാലകത്ത് ബഷീർ സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ലാഭം ഉപയോഗിച്ച് സംസ്ഥാന വോളിബാൾ അസോസിയേഷന് ആസ്ഥാനമന്ദിരം പണിയുമെന്നായിരുന്നു ആ പ്രഖ്യാപനം. കാണികൾ ഒഴുകിയെത്തിയ കോഴിക്കോട്ടെ ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിലെ വരുമാനമുപയോഗിച്ച് ആസ്ഥാനമന്ദിരം പണിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, 9.32 ലക്ഷത്തോളം രൂപ നഷ്ടമാണെന്നാണ് സംഘാടകർ വെള്ളിയാഴ്ച അവതരിപ്പിച്ച കണക്കിലുള്ളത്. ഇത്രയും തുക കിട്ടാനുണ്ടെന്നും നഷ്ടമില്ലാതെ മുന്നോട്ടുപോകാമെന്നുമാണ് വാദം.
മത്സരം നടന്ന കാലിക്കറ്റ് ട്രേഡ് സെൻറർ സൗജന്യമായി ലഭിക്കുമെന്നായിരുന്നു ചാമ്പ്യൻഷിപ്പിനു മുമ്പ് സംഘാടകർ മാധ്യമപ്രവർത്തകരെ അറിയിച്ചത്. എന്നാൽ, വരവുചെലവ് കണക്കിൽ 18 ലക്ഷം രൂപ കാലിക്കറ്റ് ട്രേഡ് സെൻററിന് വാടകയിനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 60 ലക്ഷം രൂപ കാലിക്കറ്റ് ട്രേഡ് സെൻറർ ഉടമകളായ എമറാൾഡ് ഗ്രൂപ്പിൽനിന്ന് സ്പോൺസർഷിപ്പായി കിട്ടിയെന്നാണ് കണക്ക് പുസ്തകത്തിലുള്ളതും നാലകത്ത് ബഷീർ പറയുന്നതും. സ്റ്റേഡിയത്തിനുള്ളിലെയും മറ്റും പരസ്യത്തുക എമറാൾഡ് ഗ്രൂപ്പിന് എന്നതായിരുന്നു വ്യവസ്ഥ.
50.45 ലക്ഷം രൂപയാണ് താമസ സൗകര്യത്തിനായി ചെലവായത്. 50ഓളം ടീമുകൾക്ക് ഇത്രയും തുക താമസത്തിന് വേണമെന്ന് സംഘാടകർ പറയുന്നു. എന്നാൽ, ആദ്യ റൗണ്ടുകളിൽ പുറത്തായ ടീമുകൾക്ക് പിറ്റേന്നുതന്നെ ഹോട്ടൽ മുറികൾ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നതായി അേക്കാമഡേഷൻ കമ്മിറ്റിയിലെ ഒരംഗം പറഞ്ഞു. സാധാരണയായി വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുമ്പോൾ ഓഡിറ്ററുടെ പേരും വിശദാംശങ്ങളുമുണ്ടാകും. എന്നാൽ, മുൻകൂട്ടി സംഘാടക സമിതി അംഗങ്ങൾക്ക് കൈമാറാതെ നാല് ഷീറ്റ് കടലാസിൽ സംസ്ഥാന വോളിബാൾ അസോസിയേഷൻ ട്രഷറർ ബാപ്പു ഹാജി കണക്ക് അവതരിപ്പിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
ഓഡിറ്റ് ചെയ്ത കണക്കാണെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ പറയുന്നതല്ലാതെ യോഗത്തിൽ തെളിവൊന്നും കാണിച്ചിരുന്നില്ല. പൊതുപണമുപയോഗിച്ച് നടത്തിയ ചാമ്പ്യൻഷിപ്പിലെ കള്ളക്കണക്ക് ആരോപണത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവയിൽനിന്ന് ചാമ്പ്യൻഷിപ്പിനായി പണം പിരിച്ചിരുന്നു. സ്പോർട്സ് കൗൺസിലും പൊതുമേഖല സ്ഥാപനങ്ങളും സഹായം നൽകുമെന്നറിയിച്ചിരുന്നു. കൺസ്യൂമർഫെഡ് ചെയർമാനും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ എം. മെഹബൂബായിരുന്നു സംഘാടക സമിതി ചെയർമാൻ.
അഴിമതി നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മെഹബൂബിെൻറ അഭിപ്രായം. സംസ്ഥാന സ്പോർട്സ് കൗൺസിൽ വോളിബാൾ അസോസിയേഷെൻറ അഫിലിയേഷൻ റദ്ദാക്കിയപ്പോൾ അനുരഞ്ജനത്തിന് മെഹബൂബുമുണ്ടായിരുന്നു. തുടർന്നാണ് നാലകത്ത് ബഷീറിനെയും ചാർലിയെയും ഭാരവാഹിത്വത്തിൽനിന്ന് മാറ്റിയതും പകരക്കാരെ വെച്ചതും. പ്രതിപക്ഷ പാർട്ടിയുമായി അടുത്ത ബന്ധമുള്ള വോളി സംഘാടകനെ കോഴിക്കോട്ടെ സി.പി.എം നേതാക്കളിൽ ചിലർ സംരക്ഷിക്കുന്നത് അടുത്ത കൗൺസിൽ യോഗത്തിൽ ഉന്നയിക്കാനും നീക്കംനടക്കുന്നുണ്ട്.
പ്രശ്നത്തിൽ ഇടപെടില്ല -ടി.പി. ദാസൻ കോഴിക്കോട്: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് സംഘാടക സമിതിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സ്പോർട്സ് കൗൺസിൽ ഇടപെടില്ലെന്ന് പ്രസിഡൻറ് ടി.പി. ദാസൻ. അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർതന്നെ ചർച്ച ചെയ്ത് ശരിയാക്കുന്നതാണ് നല്ലത്. അസോസിയേഷന് സ്പോർട്സ് കൗൺസിൽ അംഗീകാരം റദ്ദാക്കിയതിനാൽ സ്പോർട്സ് കൗൺസിലിെൻറ ധനസഹായം നൽകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.