മഡ്രിഡ്: ആറു കളികളിൽ അഞ്ചും ജയിച്ച് ഇറ്റലിയും മാസിഡോണിയയെ മറികടന്ന് സ്പെയിനും ലോകകപ്പ് യോഗ്യതാപോരാട്ടങ്ങളിൽ കുതിപ്പ് തുടരുന്നു. ഇത്തിരിക്കുഞ്ഞന്മാരായ ലീച്ചെൻസ്റ്റീനെതിരെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു ഗ്രൂപ് ജിയിൽ അസൂറികളുടെ ജയം. ശക്തമായ ചെറുത്തുനിൽപുമായി ആദ്യ 35 മിനിറ്റ് ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന ലീച്ചെൻസ്റ്റീൻ പ്രതിരോധനിരയെ മുക്കി ഇൻസൈൻ, ബെലോട്ടി, എഡർ, ബെർണാഡെഷി, ഗബിയാഡിനി എന്നിവരാണ് ഇറ്റലിക്കായി ഗോൾ കണ്ടെത്തിയത്. സ്വന്തമായി സൃഷ്ടിച്ചെടുത്ത അവസരം മനോഹരമായി വലയിലെത്തിച്ച് നാപോളി താരം ലോറെൻസോ ഇൻസൈനായിരുന്നു ആദ്യം വലചലിപ്പിച്ചത്. ലോറെൻസോ സ്പർശമുള്ളതായിരുന്നു രണ്ടാം ഗോളും. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ എഡർ 74ാം മിനിറ്റിൽ ടീമിെൻറ മൂന്നാം ഗോളിലേക്കു പന്തുപായിച്ചതോടെ തകർന്നുപോയ ലീച്ചെൻസ്റ്റീൻ അവസാന നിമിഷങ്ങളിൽ രണ്ടു ഗോളുകൾകൂടി വഴങ്ങിയത് തകർച്ച പൂർണമാക്കി.
മികച്ച ആക്രമണ ഫുട്ബാൾ കണ്ട സ്പെയിൻ- മാസിഡോണിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പാനിഷ് വിജയം. 15ാം മിനിറ്റിൽ ഡേവിഡ് സിൽവയാണ് സ്പെയിനിനുവേണ്ടി ആദ്യ ഗോൾ കണ്ടെത്തിയത്. റയൽ താരം ഇസ്കോയുടെ മുഴുനീള പാസിൽ ചെൽസി താരം ഡീഗോ കോസ്റ്റ കാൽവെച്ചായിരുന്നു രണ്ടാം ഗോൾ. ഗ്രൂപ്പിൽ ഇതുവരെയും തോൽക്കാത്ത സ്പെയിൻ തന്നെയാണ് ഒന്നാമത്. തൊട്ടുപിറകെയുള്ള ഇറ്റലിക്കും തുല്യ പോയൻറുണ്ട്.
ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഇസ്രായേലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് അൽബേനിയ മൂന്നാം സ്ഥാനത്തേക്കുയർന്നു. മറ്റു പോരാട്ടങ്ങളിൽ തുർക്കി ഒന്നിനെതിരെ നാലു ഗോളുകൾക്ക് കൊസോവയെയും െഎസ്ലൻഡ് എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയെയും യുക്രെയ്ൻ ഒന്നിനെതിരെ രണ്ടു ഗോളിന് ഫിൻലൻഡിനെയും തകർത്തു. ജോർജിയ-മൾഡോവ, ആസ്ട്രിയ-അയർലൻഡ്, സെർബിയ-വെയിൽസ് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. മെക്സികോ സിറ്റിയിൽ നടന്ന മറ്റൊരു കളിയിൽ കരുത്തരായ മെക്സികോയെ ഒാരോ ഗോൾ വീതമടിച്ച് അമേരിക്ക സമനിലയിൽ പിടിച്ചു. മൈക്കൽ ബ്രാഡ്ലി അമേരിക്കയെ മുന്നിലെത്തിച്ചെങ്കിലും കാർലോസ് വെലയിലൂടെ മെക്സികോ സമനില പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.