ഹനോവര്‍: കേരള ബ്ലാസ്റ്റേഴ്സ് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് വടക്കന്‍ അയര്‍ലന്‍ഡിന്‍െറ പ്രതിരോധനിരയില്‍ മുഴുസമയവും പന്തുതട്ടിയെങ്കിലും ജര്‍മനിയുടെ വിജയം തടയാന്‍ കഴിഞ്ഞില്ല. ലോകകപ്പ് യോഗ്യതാ റൗണ്ട് യൂറോപ്യന്‍ മേഖലാ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ പിറന്ന രണ്ടു ഗോളുകളുമായി ജര്‍മനി ഗ്രൂപ് ‘സി’യില്‍ ഒമ്പതു പോയന്‍റുമായി ഏറെ മുന്നില്‍. കളിയുടെ 13ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്സലറുടെ ഗോളിലൂടെയായിരുന്നു ജര്‍മനിയുടെ തുടക്കം. നാലു മിനിറ്റിനുള്ളില്‍ സമി ഖെദീരയും ലക്ഷ്യംകണ്ടതോടെ അയര്‍ലന്‍ഡിന്‍െറ മുനയൊടിഞ്ഞു. ജര്‍മന്‍ കുപ്പായത്തില്‍ കോച്ച് യോഹിം ലോയ്വിന്‍െറ 94ാം ജയംകൂടിയായിരുന്നു ഇത്. സെപ് ഹെര്‍ബര്‍ഗറിന്‍െറ റെക്കോഡിനൊപ്പം ലോയ്വ് ഇടംപിടിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍വേ 4-1ന് സാന്‍മാരിനോയെ കീഴടക്കി.
‘ഇ’യില്‍ പോളണ്ട് 2-1ന് അര്‍മീനിയയെ വീഴ്ത്തിയപ്പോള്‍ മോണ്ടിനെഗ്രോ 1-0ത്തിന് ഡെന്മാര്‍ക്കിനെ തോല്‍പിച്ചു. ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് പോളിഷുകാരുടെ വിജയഗോള്‍ നേടിയത്. എഫില്‍ ഇംഗ്ളണ്ടിനെ സ്ലൊവീനിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. സ്ലൊവീനിയക്കു മുന്നില്‍ വിയര്‍ത്തുപോയ ഇംഗ്ളണ്ടിനെ ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന്‍െറ ഉജ്ജ്വല സേവുകളാണ് തോല്‍വിയില്‍നിന്ന് രക്ഷിച്ചത്. സ്റ്ററിഡ്ജും ലിന്‍ഗാര്‍ഡും ചേര്‍ന്ന് നടത്തിയ മുന്നേറ്റങ്ങളെ സ്ലൊവീനിയന്‍ ഗോളി ജാന്‍ ഒബ്ളാക്കും അതേ ആവേശത്തില്‍ ചെറുത്തതോടെ ഗോളിമാരുടെ ദിനമായി മാറി. മറ്റൊരു മത്സരത്തില്‍ സ്ലോവാക്യ 3-0ത്തിന് സ്കോട്ലന്‍ഡിനെയും ലിത്വേനിയ 2-0ത്തിന് മാള്‍ട്ടയെയും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.