ന്യൂഡൽഹി: ലോകകപ്പ് നേടിയ ഇന്ത്യന്‍ കബഡി ടീമിന് സര്‍ക്കാര്‍ അര്‍ഹമായ പാരിതോഷികം നല്‍കിയില്ലെന്ന് ഫൈനലില്‍ ഇന്ത്യയുടെ ഹീറോയായ അജയ് താക്കൂർ. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ടീമിനും താരങ്ങള്‍ക്കും സര്‍ക്കാര്‍ തുച്ഛമായ തുക മാത്രമേ സമ്മാനമായി നല്‍കിയുള്ളൂ എന്നാണ് താരത്തിന്റെ ആരോപണം. ഫൈനലില്‍ 14 പോയന്റ് നേടി ഇന്ത്യയുടെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് അജയ് താക്കൂർ.
ലോകത്തിന് മുന്നില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക അഭിമാനമുള്ള കാര്യമാണ്, ലോകകപ്പ് നേടാനാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല, പക്ഷെ ഇത്രയും വലിയ നേട്ടം കൈവരിച്ചിട്ടും സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും താരങ്ങള്‍ക്ക് യാതൊരു പാരിതോഷികവും ലഭിച്ചില്ല എന്നത് വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അജയ് താക്കൂർ പറഞ്ഞു. കായിക വകുപ്പില്‍ നിന്നും ടീമിന് മൊത്തമായി ലഭിച്ച സമ്മാനത്തുക വെറും പത്ത് ലക്ഷമാണ്. താരങ്ങള്‍ക്കിടയില്‍ ഇത് വീതിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് കിട്ടുക വളരെ തുച്ഛമായ തുക മാത്രമായിരിക്കുമെന്ന് താക്കൂർ ചൂണ്ടിക്കാണിച്ചു.
ലോകകപ്പ് നേടിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ താരങ്ങള്‍ക്കും സര്‍ക്കാരുകളും മറ്റ് വ്യക്തികളും സംഘടനകളും പാരിതോഷികവുമായി പുറകെ നടന്ന സാഹചര്യത്തിലാണ് കബഡി ഹീറോസിന്റെ ഈ ദുര്‍ഗതിയെന്ന് ഓര്‍ക്കണം. ജനങ്ങളുടെ ഭാഗത്തു നിന്നുമുള്ള അഭിനന്ദനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും നന്ദിയുണ്ട്. മറ്റ് കായികതാരങ്ങളുടെ നേട്ടത്തെ ആഘോഷമാക്കുമ്പോള്‍ കബഡിതാരങ്ങളെ പരിഗണിക്കുക പോലും ചെയ്യാത്തത് വിഷമമുള്ള കാര്യമാണെന്നും താക്കൂർ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.