ആലപ്പുഴ/മണ്ണഞ്ചേരി: വോളിബാൾ പ്രതിഭകൾക്ക് തലമുറകളോളം അറിവ് പകർന്ന ആചാര്യനും സാമൂഹികപ്രവർത്തകനുമായ കലവൂർ എൻ. ഗോപിനാഥ് അന്തരിച്ചു. 83 വയസ്സായിരുന്നു. ’59ൽ ദേശീയ ചാമ്പ്യൻഷിപ് നേടിയ സർവിസസ് ടീമിലെ അംഗമായിരുന്നു. ’66ൽ സർവിസസിെൻറ പരിശീലകനായി. ആ വർഷംതന്നെ ഗോപിനാഥിെൻറ ടീം ദേശീയ കിരീടം നേടി. വ്യോമസേനയിൽനിന്ന് വിരമിച്ചശേഷം ദീർഘകാലം അന്തർ സർവകലാശാല വോളിബാൾ കോച്ചായിരുന്നു.
സർവിസിൽനിന്ന് വിരമിച്ച ഗോപിനാഥിന് വ്യോമസേന സമ്മാനിച്ചത് ഒരിക്കലും മറക്കാത്ത സ്മാരകമായിരുന്നു. തമിഴ്നാട് ആവടിയിൽ വ്യോമസേന സ്റ്റേഡിയം നിർമിച്ച് അതിന് അദ്ദേഹത്തിെൻറ പേര് നൽകിയായിരുന്നു സേനയുടെ ആദരം. കേരളത്തിലെ സർവകലാശാലകളിൽ വോളിബാൾ പരിശീലകനായി പ്രവർത്തിക്കുന്ന കാലത്ത് നിരവധി ദേശീയ-അന്തർദേശീയ കായികപ്രതിഭകളെ വാർത്തെടുത്തു. ജിമ്മി ജോർജ്, ശ്യാംസുന്ദർ റാവു, കെ. ഉദയകുമാർ എന്നിവർ അതിൽ പെടും. ’72ലാണ് കേരള സർവകലാശാല കോച്ചായത്. ’73 മുതൽ ’79 വരെ കേരള സർവകലാശാല അഖിലേന്ത്യ ചാമ്പ്യൻമാരായത് അദ്ദേഹത്തിെൻറ പരിശീലന മികവിലായിരുന്നു. എം.ജി സർവകലാശാല രൂപവത്കരിച്ചപ്പോൾ അങ്ങോട്ട് മാറി. അന്തർ സർവകലാശാല കോച്ചായും പ്രവർത്തിച്ചു.
മണ്ണഞ്ചേരിയിലെ വൈ.എം.എ ക്ലബിൽനിന്ന് തുടങ്ങിയ വോളിബാൾ ജീവിതം ദേശീയ കളിക്കളത്തിൽ വരെ എത്തിയതിന് പിന്നിൽ സ്ഥിരോത്സാഹവും അർപ്പണബോധവുമായിരുന്നു. ഒൗദ്യോഗിക ജീവിതത്തിനുശേഷം സാമൂഹികസേവന രംഗത്ത് വ്യാപൃതനായി. ശ്രീനാരായണ ആദർശ പ്രചാരകനായും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ പ്രസിഡൻറായും ദീർഘകാലം പ്രവർത്തിച്ചു. ആലംബഹീനരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും എന്നും അദ്ദേഹം അത്താണിയായിരുന്നു. കയർ ഉൽപന്ന നിർമാണ രംഗത്തും സജീവമായിരുന്നു.
ഭാര്യ: ടി.കെ. പങ്കി(റിട്ട. അധ്യാപിക, കണിച്ചുകുളങ്ങര സ്കൂൾ). മക്കള്‍: ബിനു ഗോപിനാഥ് (പോസ്റ്റ് മാസ്റ്റര്‍ ആലപ്പുഴ), ബിജു ഗോപിനാഥ് (കെ.എസ്.ഇ.ബി, എറണാകുളം), ബീന ഗോപിനാഥ് (അധ്യാപിക, കണിച്ചുകുളങ്ങര ദേവസ്വം ഹയര്‍ സെക്കൻഡറി സ്‌കൂള്‍). മരുമക്കള്‍: മാല, മഞ്ജു, സനല്‍ (ജില്ല സഹകരണ ബാങ്ക്, ആലപ്പുഴ). സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.