കൊച്ചി: തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയ മലയാളി യുവതാരം സി. അജിത്ത് ലാൽ പ്രോ വോളിയിൽ അരങ്ങേറ്റം ഗംഭീരമാക്കി. ചെന്നൈ സ്പാർട്ടൻസിനെതിരെ 4-1 ന് കാലിക്കറ്റ് ഹീറോസ് ജയിച്ചു കയറിയപ്പോൾ ഹീറോയായത് ഈ 22 കാരൻ തന്നെയായിരുന്നു. ടീമിെൻറ വിജയത്തിലും തനിക്ക് കിട്ടിയ ‘കളിയിലെ കേമൻ’ പദവിയിലും തികച്ചും ഹാപ്പിയാണ് അജിത്ത്. ആദ്യ കളിയായതിനാൽ സ്വാഭാവികമായ പരിഭ്രമമുണ്ടായിരുന്നുവെന്ന് താരം പറയുന്നു. മത്സരം തുടങ്ങിയതോടെ ടെൻഷനെയെല്ലാം കളത്തിന് പുറത്തിരുത്തി അജിത് ലാൽ നിറഞ്ഞാടി. കളി ശൈലിയിലും മാറ്റം പ്രകടമായിരുന്നു.
ഔട്ട്സൈഡ് ഹിറ്റർ എന്ന രീതിയിലാണ് അജിത് പോയൻറുകൾ വാരിക്കൂട്ടിയത്. 14 പോയൻറുകളാണ് ടീമിന് ഈ അറ്റാക്കറുടെ സംഭാവന. ഇതിലൊന്ന് തകർപ്പൻ ബ്ലോക്കിലൂടെ നേടിയതായിരുന്നു. കഴിഞ്ഞ വർഷം കോഴിക്കോട്ട് നടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ കേരളത്തെ കിരീടത്തിലേക്ക് തോളിലേറ്റിയ അജിത്തിന് ഇക്കഴിഞ്ഞ സീസണിൽ അതേ പ്രകടനം ആവർത്തിക്കാനായിരുന്നില്ല.
സ്പൈക്കിങ്ങിെൻറ ഉയരത്തിലടക്കം കൂടുതൽ മികവ് കാട്ടുന്ന യുവതാരത്തിന് ടീം മെൻററും കൊച്ചി ബി.പി.സി.എല്ലിലെ സീനിയർ താരവുമായ ഇ.കെ. കിഷോർ കുമാറിെൻറ പിന്തുണയും വിലപ്പെട്ടതാണ്. ക്യാപ്റ്റൻ ജെറോം വിനീതും കാലിക്കറ്റ് ഹീറോസ് ഉടമ പി.ടി സഫീറടക്കമുള്ളവരും കട്ട സപ്പോർട്ടാണ്.
അമേരിക്കൻ താരം പോൾ ലോട്ട്മാനും കോംഗോയുടെ ബ്ലോക്കർ ഇലൗനിയും നൽകുന്ന ഉപദേശങ്ങളും അജിത് ലാൽ മാനിക്കുന്നു. കടവന്ത്ര സ്റ്റേഡിയത്തിലെ ഗാലറിയിൽ ആവേശം വിതറിയ ചെമ്പടയുടെ ആരാധകരെയും മറക്കാനാവില്ല. ചൊവ്വാഴ്ച യു മുംബക്കെതിരെയും കാലിക്കറ്റ് ഹീറോസിന് മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.