തിരുവനന്തപുരം: ജില്ല അസോസിയേഷനിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ തുടർന്ന് സംസ്ഥാന വോളിബാൾ അസോസിയേഷനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ സസ്പെൻഡ് ചെയ്തു. സ്പോർട്സ് കൗൺസിൽ നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടത്തിയതിനാണ് നടപടി. ‘കടലാസ് ക്ലബു’കളെ ജില്ല തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച് അതിലൂടെ സംസ്ഥാന അസോസിയേഷൻ പിടിച്ചെടുക്കാനുള്ള നിലവിലെ ഭരണസമിതിയുടെ തന്ത്രങ്ങൾ അംഗീകരിക്കില്ലെന്നും ഉടൻ തന്നെ ഇത് സംബന്ധിച്ച് അന്വേഷണ കമീഷൻ രൂപവത്കരിക്കുമെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
നേരത്തെ വോളി അസോസിയേഷൻ ജില്ല തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടന്നത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തെരഞ്ഞെടുപ്പിലെ ക്രമക്കേട് വിവാദമായതോടെ വിവിധ ക്ലബുകൾ ഹൈകോടതിയെ സമീപിക്കുകയും പല ജില്ലകളിലെ പ്രഖ്യാപനങ്ങൾ കോടതി തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്പോർട്സ് കൗൺസിൽ നടത്തിയ പരിശോധനയിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലടക്കം വൻ തിരിമറി കണ്ടെത്തി. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് വ്യാഴാഴ്ച അവൈലബിൾ അഡ്മിനിസ്ട്രേറ്റിവ് ബോർഡ് യോഗം ചേർന്ന് അസോസിയേഷനെ അന്വേഷണ വിധേയമായി സംസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യോഗത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, സെക്രട്ടറി സഞ്ജൻ കുമാർ, അഡ്മിനിട്രേറ്റിവ് ബോർഡ് അംഗങ്ങളായ എം.ആർ. രഞ്ജിത്ത്, ഒ.കെ.വിനീഷ് എന്നിവർ പങ്കെടുത്തു.
വെള്ളിയാഴ്ച ചേരുന്ന അഡ്മിനിട്രേറ്റിവ് ഭരണസമിതിയോഗത്തിൽ അസോസിയേഷനെതിരെ അന്വേഷണം പ്രഖ്യാപിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.