ടോക്യോ: ലോകമെങ്ങും കോവിഡ് ഭീതിയിൽ കഴിയുന്നതിനാൽ 2020ലെ ടോക്യോ ഒളിംപിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെ. ഒളിംപിക്സ് റദ്ദാക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, മാറ്റിവെക്കുന്നത് പരിഗണിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം തിങ്കളാഴ്ച പാർലമെൻറിൽ പറഞ്ഞു.
ജൂലൈ 24നാണ് ഗെയിംസ് ആരംഭിക്കേണ്ടത്. അതിനുള്ള ഒരുക്കം തുടരുകയാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഞായറാഴ്ച പറഞ്ഞിരുന്നു. ഒളിമ്പിക്‌സ് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കേണ്ട സമയമായില്ലെന്നാണ് ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാക് പറഞ്ഞത്. ‘നാലുമാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടതില്ല. നിർണായക തീരുമാനത്തിന് സമയമുണ്ട്. എല്ലാ സാഹചര്യങ്ങളും ഒളിമ്പിക് കമ്മിറ്റിയുടെ പരിഗണനയിലാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശത്തിനനുസരിച്ചാകും അന്തിമ തീരുമാനം. നിലവിൽ അത്തരമൊരു നിർദേശം ലഭിച്ചിട്ടില്ല. ജൂലൈ 24 മുതൽ ആഗസ്‌ത് ഒമ്പതുവരെ ഒളിമ്പിക്‌സ് ടോക്യോയിൽ നടത്തുന്ന കാര്യത്തിൽ ജാപ്പനീസ് സംഘാടകസമിതിക്ക് സംശയമൊന്നുമില്ല. എല്ലാ ഒരുക്കങ്ങളുമായി അവർ മുന്നോട്ടുപോകുകയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാൽ, ഇതിനുപിന്നാലെ ടോക്കിയോ ഗെയിംസ് മേധാവി യോഷിരോ മോറിയുമായും ഐ.ഒ.സി പ്രസിഡൻറ് തോമസ് ബാക്കുമായും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ചർച്ച നടത്തി. തുടർന്നാണ് ഒളിംപിക്സ് മാറ്റിവെക്കുന്നതായി പ്രസിഡൻറ് പാർലമെൻറിൽ പ്രഖ്യാപിച്ചത്. മറ്റു തീയതി കാണാൻ ശ്രമം ആരംഭിച്ചതായി ഐ.ഒ.സി വൃത്തങ്ങളും അറിയിച്ചു.
ഞായറാഴ്ച വരെ കൊറോണമൂലം ജപ്പാനിൽ 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,055 പേർക്കാണ് രോഗം ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.