കൊച്ചി: സംസ്ഥാന വോളിബാൾ അസോസിയേഷൻെറ കാരണം കാണിക്കൽ നോട്ടീസിന് ജനം മറുപടി നൽകുമെന്ന് വോളിബാൾ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ്. വാട്സ്ആപ് വഴി ചൊവ്വാഴ്ച വൈകീട്ടാണ് അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീർ അച്ചടക്കലംഘനത്തിെൻറ പേരിൽ തനിക്ക് നോട്ടീസ് നൽകിയത്. ഇത് പൊതുജനത്തിന് സമർപ്പിക്കുകയാണെന്നും മറുപടി നൽകില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അസോസിയേഷൻ ഭാരവാഹികൾ ഉന്നയിച്ച മൂന്ന് ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോച്ച് ജി.ഇ. ശ്രീധറിന് ചെരിപ്പുമാല അയച്ചെന്ന ആരോപണം അദ്ദേഹംതന്നെ നിഷേധിച്ചു. അസോസിയേഷൻ നിർദേശിച്ചതുകൊണ്ടല്ല 2014ൽ അർജുന അവാർഡ് ലഭിച്ചത്. അർജുന അവാർഡ് ജേതാവായ ഉദയകുമാറും സ്പോർട്സ് കൗൺസിലുമാണ് പേര് നിർദേശിച്ചത്. 2012ലും 2013ലും അസോസിയേഷൻ അവാർഡിന് നിർദേശിച്ചെന്നത് ശരിയാണ്. പക്ഷേ രണ്ടുവർഷവും പരിഗണിക്കപ്പെട്ടില്ല. അർജുന കിട്ടിയതിനുശേഷം വോളിബാളിെൻറ വികസനത്തിന് ഒന്നും ചെയ്തില്ലെന്ന ആരോപണവും ശരിയല്ല. സെക്രട്ടറിയുടെ അവഹേളനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അസോസിയേഷനെതിരെ അന്വേഷണത്തിന് കായികമന്ത്രി എ.സി. മൊയ്തീൻ സ്പോർട്സ് കൗൺസിലിന് നിർദേശം നൽകിയതായും ടോം ജോസഫ് പറഞ്ഞു.
സെക്രട്ടറി സ്ഥാനത്തുനിന്ന് നാലകത്ത് ബഷീർ രാജിവെക്കണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ ആവശ്യപ്പെട്ടു. വോളിബാളിെൻറ ഉന്നമനത്തിന് മുതിർന്ന കളിക്കാരുടെയും പഴയകാല താരങ്ങളുടെയും നേതൃത്വത്തിൽ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷൻ രൂപവത്കരിക്കുമെന്നും പറഞ്ഞു. എസ്.എ. മധു, ആർ. രാജീവ്, എം.സി. ചാക്കോ, രാജ് വിനോദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.