ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഏഴ് വട്ടവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ച് വട്ടവും സ്വന്തമാക്കിയ ബാലണ്‍ദ്യോര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിലേക്ക് കൊണ്ടു വന്നാല്‍ വിനീഷ്യസ് ജൂനിയര്‍ എന്ന ബ്രസീലുകാരന് കൈ നിറയെ കാശ് ഉറപ്പ്! റയല്‍ മാഡ്രിഡ് അതിനായി പ്രത്യേകം തുക തന്നെ നിബന്ധനകളോടെ വിനീഷ്യസ് ജൂനിയറിന്റെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്ലബ്ബുമായി കരാര്‍ വ്യവസ്ഥയിലുള്ള കാലയളവില്‍ യുവതാരം ബാലണ്‍ദ്യോര്‍ ജേതാവായാല്‍ ഒരു ദശലക്ഷം യൂറോയാണ് ബോണസ് ഇനത്തില്‍ സമ്മാനമായി ലഭിക്കുക. ഇന്ത്യന്‍ രൂപയില്‍ 8,31,36,752 വരും ഇത്.
കഴിഞ്ഞ സീസണില്‍ റയലിന്റെ കിരീടക്കുതിപ്പില്‍ വിനീഷ്യസിന്റെ ഫോം നിര്‍ണായകമായിരുന്നു. തുടക്ക കാലത്ത് താളം കണ്ടെത്താന്‍ വിഷമിച്ച ബ്രസീല്‍ താരം പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടി തിരിച്ചെത്തിയതോടെ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തു.
ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമക്കൊപ്പം അനായാസം ഗോള്‍ കണ്ടെത്താന്‍ വിനീഷ്യസിന് കഴിയുന്നുണ്ട്. കഴിഞ്ഞ സീസണില്‍ 52 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകളും 20 അസിസ്റ്റുകളുമാണ് ബ്രസീല്‍ താരത്തിന്റെ പ്രകടനം. സ്പാനിഷ് ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും നേടുന്നതില്‍ റയലിനെ സഹായിച്ച പ്രകടനമാണിത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ വിജയഗോളടിച്ചതും വിനീഷ്യസായിരുന്നു. ആ രാത്രിയില്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലേഖകന്‍ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു: റയല്‍ മാഡ്രിഡില്‍ 2027 വരെ കളിക്കാനുള്ള കരാര്‍ ഉറപ്പിച്ച ഗോളാണ് വിനീഷ്യസ് നേടിയത്.
മുന്‍ ബ്രസീല്‍ താരം റിവാള്‍ഡോയും അടുത്ത വര്‍ഷത്തെ ബാലണ്‍ദ്യോര്‍ പട്ടികയില്‍ വിനീഷ്യസിന് മുന്‍നിരയില്‍ സ്ഥാനമുണ്ടാകുമെന്ന് പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.