പാകിസ്താനെതിരെ ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയയെ വിറപ്പിച്ച ബൗളറാണ് ആമർ ജമാൻ. അരങ്ങേറ്റ ടെസ്റ്റ് തന്നെ അവിസ്മരണീയമാക്കിയ ആമർ, ഒന്നാം ഇന്നിങ്സിൽ ഓസീസിന്റെ ആറ് വിക്കറ്റുകകളായിരുന്നു പിഴുതത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അരങ്ങേറ്റത്തിൽ തന്നെ ആറ് വിക്കറ്റ് വീഴ്ത്തുന്ന ആറാമത്തെ പാകിസ്താൻ ബൗളറായും ആമർ മാറി.
എന്നാൽ, ഈ സ്വപ്ന നേട്ടത്തിലേക്കുള്ള ആമറിന്റെ പാത ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു, ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലെത്താൻ താരത്തിന് നിരവധി പ്രതിസന്ധികളോട് പോരാടേണ്ടിവന്നിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ആസ്‌ട്രേലിയയിൽ ഊബർ ഡ്രൈവറായി താരം ജോലി ചെയ്തിരുന്നു .
2014 ൽ അണ്ടർ 19 ക്രിക്കറ്റ് കളിച്ചതിന് ശേഷം ആമർ മത്സര ക്രിക്കറ്റിൽ നിന്ന് നാല് വർഷത്തെ ഇടവേള എടുക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ കുടുംബത്തെ പിന്തുണക്കുന്നതിനായി താരത്തിന് ഊബർ ഡ്രൈവറായി ജോലി ചെയ്യേണ്ടിവന്നു. അതിനൊപ്പം ചെറിയ രീതിയിൽ ക്രിക്കറ്റ് പരിശീലനവും തുടരുന്നുണ്ടായിരുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രാർഥന നിർവഹിച്ച ശേഷം താൻ രണ്ട് മണിക്കൂർ നേരം ക്രിക്കറ്റ് പരിശീലനത്തിനായി മാറ്റിവെച്ചിരുന്നതായി ആമർ പി.സി.ബി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ആസ്‌ട്രേലിയയിലെ ഒരു സീസണിന് ശേഷം ആമിർ പാകിസ്താൻ അണ്ടർ 23 പര്യടനത്തിന് തയ്യാറെടുത്തു. ഗ്രേഡ് 2 ക്രിക്കറ്റ് സെലക്ഷനിലെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, ഡ്രൈവിങ് വഴിയും പരിശീലനം ഷെഡ്യൂൾ ചെയ്തുമായിരുന്നു ആമർ തന്നെ പിന്തുണച്ചത്. ജോലിയും ഒപ്പം നിരവധി ട്രെയിനിങ് ഷിഫ്റ്റുകളും ഉൾപ്പെടുന്ന കഠിനമായ ഷെഡ്യൂൾ താരത്തിന്റെ അർപ്പണബോധവും സ്ഥിരോത്സാഹവും പ്രകടമാക്കി.
കുടുംബത്തിൽ നിന്ന് കാര്യമായ പിന്തണയില്ലാത്തതിനാൽ, സ്വന്തമായി സമ്പാദിച്ച് അവരെ നോക്കുന്നതിനൊപ്പം, പരിശീലനവും തുടരേണ്ടിയിരുന്നു. ‘ഈ പോരാട്ടം എന്നെ ‘സമയനിഷ്ഠ’ പഠിപ്പിച്ചു, ഞാൻ കാര്യങ്ങൾ വിലമതിക്കാൻ തുടങ്ങി’. സമയനിഷ്ഠ പാലിക്കാനും കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ വിലമതിക്കാനും ഈ പോരാട്ടം തന്നെ പഠിപ്പിച്ചെന്ന് ആമർ പറയുന്നു. ജീവിതത്തിൽ എളുപ്പവഴിയില്ലെന്നും വിജയത്തിലേക്ക് എത്താൻ എന്തായാലും കഠിനാധ്വാനമെന്ന പ്രൊസസിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആമറിന് ചില പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നിരുന്നു. ക്ലബ് ക്രിക്കറ്റ് രാഷ്ട്രീയവും താരത്തിന് പ്രതിസന്ധിസൃഷ്ടിച്ചു. ക്രിക്കറ്റ് ഉപേക്ഷിക്കാനുള്ള ഉപദേശങ്ങൾ ധാരാളം വന്നിട്ടും കൈവിടാതെ, ഒടുവിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് കഴിഞ്ഞു.
യു.കെയിലുണ്ടായിരുന്ന സമയത്ത് കളി മെച്ചപ്പെടുത്തിയ താരം കശ്മീർ പ്രീമിയർ ലീഗിൽ ഇടം നേടുകയും പിന്നാലെ, പാകിസ്താൻ സൂപ്പർ ലീഗിൽ പെഷവാർ സാൽമിയുടെ റിസർവ് കളിക്കാരനായി കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.