ചാലക്കുടി: രണ്ട് ദേശീയ കായിക താരങ്ങളുടെ അത്ലറ്റിക് ട്രാക്കിലെ പ്രണയം പുതുവർഷത്തിൽ പൂവണിഞ്ഞു. മധ്യദൂര ഓട്ടത്തിൽ ദേശീയ താരങ്ങളായ ചാലക്കുടി സ്വദേശി ജിതിൻ പോളും മംഗളൂരു സ്വദേശിനി എം.ആർ. പൂവമ്മയുമാണ് വിവാഹിതരായത്. ആളൂർ ബി.എൽ.എമ്മിലാണ് താലികെട്ട് നടന്നത്. ചാലക്കുടി കോസ്മോസ് ക്ലബ് ഹാളിൽ സൽക്കാരവും നടന്നു.
നോർത്ത് ചാലക്കുടി സെന്റ് ജോസഫ്സ് പള്ളിക്കടുത്ത് കൂനമ്മാവ് കെ.പി. പോളിന്റെയും ജാൻസിയുടെയും മകനാണ് ജിതിൻ. 400 മീറ്റർ ഹർഡിൽസിൽ ദേശീയ ചാമ്പ്യനായിരുന്നു. 2010, 2014 വർഷങ്ങളിൽ 4x400 മീറ്റർ റിലേയിലും 400 മീറ്റർ ഹർഡിൽസിലും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധാനം ചെതു. 2016ൽ സാഫ് ഗെയിംസിൽ വെള്ളി നേടി. പുണെയിൽ ഇൻകംടാക്സ് ഓഫിസറാണ്.
2016ലെ റിയോ ഒളിമ്പിക്സിൽ 4x400 മീറ്റർ റിലേ ടീം അംഗമായിരുന്ന പൂവമ്മ 2014, 2018 ഏഷ്യൻ ഗെയിംസിലും 2013 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ 4x400 മീറ്റർ റിലേ ടീമിലുണ്ടായിരുന്നു. 2015, 2019 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ റിലേ വെങ്കലവും നേടി.
400 മീറ്റിൽ 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2013, 2015 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെള്ളിയും നേടി. 2007ൽ ലോക യൂത്ത് മീറ്റിൽ പങ്കെടുക്കാൻ പട്യാലയിൽ നടന്ന കോച്ചിങ് ക്യാമ്പിൽ കണ്ടുമുട്ടിയത് മുതലുള്ള പരിചയമാണ് പ്രണയത്തിലും വിവാഹത്തിലുമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.