ന്യൂഡൽഹി: അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ, വനിത ക്രിക്കറ്റ് താരങ്ങൾക്ക് തുല്യമായ വേതനം നൽകാൻ തീരുമാനമായെങ്കിലും കളിയുടെ എണ്ണത്തിൽ വൻ അന്തരം പ്രകടം. 2021 ജൂൺ മുതൽ ഇന്ത്യയുടെ പുരുഷ ടീം19 ടെസ്റ്റുകൾ കളിച്ചിരുന്നു. ഇതേകാലയളവിൽ രണ്ട് ടെസ്റ്റുകൾക്ക് മാത്രമാണ് വനിത ടീം ഇറങ്ങിയത്. ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെയായിരുന്നു വനിത ടീമിന്റെ മത്സരങ്ങൾ. ഇതേ കാലയളവിൽ പുരുഷന്മാർ 24 ഏകദിനം കളിച്ചു. വനിതകൾ 29 മത്സരങ്ങളിലിറങ്ങി.
ഇന്ത്യൻ പുരുഷ ടീം 50 ട്വന്റി20യിൽ കളിച്ചപ്പോൾ വനിതകൾ കളിച്ചത് 29 എണ്ണത്തിൽ മാത്രം. 23 വർഷം ഇന്ത്യൻ ടീമിലുണ്ടായിരുന്ന പ്രശസ്ത വനിത ക്രിക്കറ്റർ മിതാലി രാജിന് കരിയറിൽ 12 ടെസ്റ്റ് മാത്രമാണ് കളിക്കാനായത്. 2021 ജൂൺ മുതൽ പുരുഷന്മാർക്ക് 5.79 കോടി മാച്ച് ഫീ കിട്ടി. വനിതകൾക്ക് 2.91 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റിൽ വിവേചനങ്ങൾ ഇനിയും ബാക്കിയുണ്ട്. പുരുഷ താരങ്ങളുടെ വാർഷിക കരാർ ഒരു കോടി മുതൽ ഏഴ് കോടി രൂപ വരെയാണ്. വനിതകൾക്ക് പത്ത് ലക്ഷം മുതൽ 50 ലക്ഷം വരെ രൂപ മാത്രമാണ് കിട്ടുന്നത്. ഒന്നാം ഗ്രേഡിലുള്ള ഇന്ത്യൻ ടീം പുരുഷ ക്യാപ്റ്റന് ഏഴ് കോടി വാർഷിക കരാർ വകയിൽ പ്രതിഫലം ലഭിക്കും. വനിത ക്യാപ്റ്റന് 50 ലക്ഷം മാത്രമാണ് പ്രതിഫലം. മാച്ച്ഫീക്ക് പുറമെയുള്ള പ്രതിഫലമാണിത്.
ആഭ്യന്തര ക്രിക്കറ്റിലെ വിവേചനം ഇല്ലാതാക്കാൻ ബി.സി.സി.ഐ ശ്രമിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. പുരുഷന്മാർക്ക് ആഭ്യന്തര ക്രിക്കറ്റിൽ 60,000 രൂപ വരെയാണ് ദിവസവേതനം. വനിതകൾക്ക് പരമാവധി ലഭിക്കുന്നത് 20,000 രൂപ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബി.സി.സി.ഐയുടെ വരുമാനത്തിൽ 6000 കോടി രൂപയുടെ വർധനയുള്ളപ്പോഴാണ് താരതമ്യേന തുച്ഛവരുമാനം വനിതകൾക്ക് നൽകുന്നത്.
അതിനിടെ, തുല്യവേതനം നൽകാനുള്ള തീരുമാനത്തെ താരങ്ങൾ സ്വാഗതം ചെയ്തു. ചരിത്രപരമായ നീക്കമാണെന്നും വനിത ക്രിക്കറ്റിന് പുത്തൻ പ്രഭാതമാണിതെന്നും ഇതിഹാസതാരം മിതാലി രാജ് പറഞ്ഞു.
ശരിയായ പാതയിലുള്ള മഹത്തായ തീരുമാനമാണെന്ന് മുൻ താരവും ബി.സി.സി.ഐ മുൻ ഉന്നതാധികാര സമിതി അംഗവുമായ ശാന്ത രംഗസ്വാമി അഭിപ്രായപ്പെട്ടു. വനിതകളെ തുല്യമായി കാണുന്നതാണ് ഇന്ത്യൻ ക്രിക്കറ്റെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നതായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, ജുലാൻ ഗോസ്വാമി എന്നിവരും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.