ചെല്‍സിയുടെ വലയില്‍ ഇനി പന്ത് കയറില്ല! പ്രതിരോധിക്കാന്‍ ഉരുക്ക് കോട്ടയാണ് ഒരുക്കുന്നത്!

യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ നിരയെ ഒരുക്കുകയാണോ ചെല്‍സി കോച്ച് തോമസ് ടുഷേല്‍? കഴിഞ്ഞ സീസണില്‍ പ്രതിരോധത്തില്‍ വന്ന പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്ന് ശപഥം ചെയ്തത് പോലെയാണ് ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടുഷേലിന്റെ നീക്കങ്ങള്‍. തിയഗോ സില്‍വ, ട്രോവ ചലോബ, മലംഗ് സര്‍ എന്നീ സീനിയര്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലേക്കാണ് നാപോളിയുടെ സെനഗല്‍ ഡിഫന്‍ഡര്‍ ഖാലിദ് കോലിബാലിയെ കൂടി ചെല്‍സി കൊണ്ടു വരുന്നത്. ഇറ്റാലിയന്‍ സീരി എയില്‍ നാല് തവണ ടീം ഓഫ് ദ ഇയറില്‍ ഇടം പിടിച്ച ഡിഫന്‍ഡറാണ് കോലിബാലി. 2019 ല്‍ ഇറ്റലിയിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍ക്കുള്ള അവാര്‍ഡും നാപോളി താരത്തിനായിരുന്നു. സെനഗലിനായി 62 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച കോലിബാലിയുടെ നേതൃത്വത്തിലാണ് സെനഗല്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഈ വര്‍ഷം സ്വന്തമാക്കിയത്.

കോച്ച് തോമസ് ടുഷേലിന് പ്രതിരോധ നിരയിലേക്ക് ഇനിയും താരങ്ങളെ വേണം. സെന്റര്‍ ബാക്കുകളായ അന്റോണിയോ റുഡിഗറും ആന്‍ഡ്രിയസ് ക്രിസ്‌റ്റെന്‍സനും ടീം വിട്ടിരുന്നു. ചെല്‍സിയില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ റുഡിഗര്‍ റയല്‍ മാഡ്രിഡിലേക്ക് ക്രിസ്റ്റെന്‍സന്‍ ബാഴ്‌സലോണയിലേക്കുമാണ് ചേക്കേറിയത്.

ആ ഒഴിവിലേക്ക് നഥാന്‍ അകെ, പ്രെസ്‌നെല്‍ കിംബെബെ എന്നിവരെയാണ് ലക്ഷ്യമിടുന്നത്. ഇവര്‍ കൂടി ചേര്‍ന്നാല്‍, പ്രതിരോധ നിരയില്‍ ആറ് മികച്ച താരങ്ങളെ ടുചേലിന് മാറി മാറി പരീക്ഷിക്കാം.

2014 ല്‍ ബെല്‍ജിയം ക്ലബ്ബ് ജെന്‍കില്‍ നിന്ന് നാപോളിയിലെത്തിയ കോലിബാലി യൂറോപ്പിലെ ഏറ്റവും മികച്ച സെന്‍ട്രല്‍ഡിഫന്‍ഡറായി മാറി. ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങള്‍ കളിക്കുന്ന വേഗതയേറിയ മത്സരങ്ങള്‍ക്ക് വേദിയാകുന്ന പ്രീമിയര്‍ ലീഗ് കോലിബാലിക്ക് വഴങ്ങിയാല്‍ ചെല്‍സിയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് നിസംശയം പറയാം.

Tags:    
News Summary - Chelsea improve Defence strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.