തിരുവനന്തപുരം: പന്തുരുളുന്നത് ലാറ്റിന അമേരിക്കയിലും യൂറോപ്പിലുമാണെങ്കിലും ഹൃദയമിടിക്കുന്നത് കേരളത്തിലാണ്. കാൽപന്തിൻെറ ആരവങ്ങൾക്കൊപ്പം ചേരുകയാണ് രാഷ്ട്രീയ കേരളവും. മലയാളികളുടെ ഇഷ്ട ടീമുകളിലൊന്നായ അർജന്‍റീനക്ക് ഇഷ്ടം പ്രഖ്യാപിച്ച് ഇതിനോടകം തന്നെ നിരവധി പേർ രംഗത്തെത്തി. മുൻ മന്ത്രിയും ഉടുമ്പൻ ചോല എം.എൽ.എയുമായ എം.എം മണി, മുൻ കായിക മന്ത്രി ഇ.പി ജയരാജൻ, യു.പ്രതിഭ എം.എൽ.എ, വി.ശശികുമാർ അടക്കമുള്ള സി.പി.എം നേതാക്കൾ അർജന്‍റീനക്ക് പിന്തുണയുമായെത്തി. അർജന്‍റീന ആരാധകരിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടും.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡയലോഗ് ചേർത്താണ് എം.എം മണി അർജന്‍റീനക്ക് പിന്തുണ പ്രഖ്യാപിച്ചത്.''ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമർശിക്കുന്നവരുണ്ടാകും, അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ...അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല...ചെഗുവേരയുടെ അർജൻറീന,മറഡോണയുടെ അർജന്‍റീന, അർജന്റീനയുടെ ഫാൻ'' എന്നാണ് എം.എം മണി ഫേസ്ബുക്കിൽ കുറിച്ചു.
എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ഉറപ്പാണ് എൽ.ഡി.എഫ് എന്നത് ഉറപ്പാണ് അർജന്‍റീന എന്നാക്കിയാണ് ഇ.പി ജയരാജനും യു.പ്രതിഭ എം.എൽ.എയും പിന്തുണ പ്രഖ്യാപിച്ചത്. വല്ലാത്തൊരു മൊഹബ്ബത്താണ് ഇവന്മാരാടെന്നായിരുന്നു വി.ശശികുമാർ അർജന്‍റീനക്ക് പിന്തുണ പ്രഖ്യാപിച്ച് കുറിച്ചത്.
കോൺഗ്രസിന്‍റെ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കോപ്പ അമേരിക്കയിൽ അർജന്‍റീനയോടൊപ്പവും യൂറോകപ്പിൽ ഫ്രാൻസിനോടൊപ്പവും ആണ്. ''എന്‍റെ കളിയാരവങ്ങളെപ്പോഴും അർജന്‍റീനയോടൊപ്പമാണ്. അത് കോപ്പ അമേരിക്കയാലും, വേൾഡ് കപ്പായാലുമെല്ലാം''- രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.