പുതിയ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപാട് വാതിലുകളിൽ മുട്ടിയെങ്കിലും ഇതുവരെ ഒരു ക്ലബ്ബും താരത്തിന് വേണ്ടി രംഗത്തുവന്നിട്ടില്ല. യുണൈറ്റഡിൽ താരം വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അനുഭവിക്കുന്നത്. ലിവര്‍പൂളിനെതിരായ മല്‍സരത്തിന് മുമ്പ് കോച്ച് എറിക് ടെന്‍ ഹാഗ് ടീമംഗങ്ങളുമായി രണ്ട് മണിക്കൂര്‍ നടത്തിയ ചര്‍ച്ചയില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കിയതായി പുതിയ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ നിന്നും താരത്തെ കോച്ച് ഒഴിവാക്കിയിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി താരത്തിന് അവശേഷിക്കുന്ന ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു. ജര്‍മന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്കും ബൊറൂഷ്യ ഡോട്മുണ്ടുമായിരുന്നു ക്രിസ്റ്റ്യാനോയെ റാഞ്ചാന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്നത്. ബയേണിന്റെ റോബര്‍ട്ടോ ലെവന്‍ഡോവ്‍സ്കി ബാഴ്സയിലേക്ക് പോയതോടെ ക്രിസ്റ്റ്യാനോ ടീമിലെത്തിയേക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ ബയേൺ ഡയറക്ടർ ഹസൻ സാലിഹ് മിജിക് തങ്ങളുടെ പദ്ധതിയിൽ ക്രിസ്റ്റ്യാനോ ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നതോടെ ആരാധകർ നിരാശരായി. കഴിഞ്ഞയാഴ്ചയാണ് ക്രിസ്റ്റ്യാനോ ബൊറൂഷ്യ ഡോട്മുണ്ടിലേക്കും ഇല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് . ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോർജ് മെൻഡസ് ഡോട്മുണ്ടുമായി ചർച്ചകൾ ആരംഭിച്ചെങ്കിലും 37-കാരനായ താരത്തിന്റെ പ്രായവും ഉയർന്ന ശമ്പളവും ജർമൻ ക്ലബ്ബിനെ പിന്തിരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം, ക്ലബ്ബ് വിടാന്‍ ശ്രമിക്കുന്ന റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള നപ്പോളിയുമായി അടുക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. താരത്തിന്റെ ഏജന്റ് ജോര്‍ജ്ജ് മെന്‍ഡിസ് നപ്പോളിയുമായി ചര്‍ച്ച നടത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാൽ, നപ്പോളി ഇതിനകം മൂന്ന് ഫോര്‍വേഡുകളെ ടീമിലെത്തിച്ചിട്ടുണ്ട്.
യുവന്‍റസ് വിട്ട് മാഞ്ചസ്റ്ററിലെത്തിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിനു ശേഷം ക്ലബ്ബ് മാറാൻ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുനൈറ്റഡിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കാൻ യോഗ്യത ലഭിക്കാത്തതാണ് അതിന് കാരണമായത്. ബയേൺ മ്യൂണിക്ക്, പി.എസ്.ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, അത്‌ലറ്റികോ മാഡ്രിഡ്, എ.സി മിലാൻ, ഇന്‍റര്‍ മിലാൻ തുടങ്ങിയ ക്ലബ്ബുകളുമായി താരത്തിന്‍റെ ഏജന്‍റ് ചർച്ച നടത്തിയിരുന്നു. എന്നാൽ, ഒരു ടീമും ഭീമൻ തുക നൽകി താരത്തെ സ്വന്തമാക്കാൻ മുന്നോട്ട് വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.