കഴിഞ്ഞ ദിവസം എനിക്കൊരു കാൾ വന്നു- ഭുവൻ ചന്ദ്ര ഹർബോലയായിരുന്നു മറുതലക്കൽ. കാൺപുർ സ്പോർട്സ് ഹോസ്റ്റൽ കാലം മുതൽ കൂട്ടുകാരനും 1996ലെ അണ്ടർ15 ലോകകപ്പടിച്ച ഇന്ത്യൻ ടീമിലെ സഹകളിക്കാരനുമാണ്. എപ്പോഴുമെന്നപോലെ മധുരസുന്ദരകാലത്തെക്കുറിച്ച ഓർമകളായിരുന്നില്ല അദ്ദേഹത്തിെൻറ മനസ്സിലപ്പോൾ. വസീം ജാഫറിെൻറ വാർത്ത കണ്ടില്ലേ എന്നു ചോദിച്ച് വേദനമുറ്റിയായിരുന്നു ആ സംസാരം.
ഫോൺ വെച്ചശേഷം എെൻറ മനസ്സ് പഴയ ഹോസ്റ്റൽനാളുകളിലേക്കു പാഞ്ഞു. ഞങ്ങൾ അഞ്ചുപേർ ഇടനാഴിക്കടുത്തായി കട്ടിലും കബോർഡും ഇടാൻ മാത്രം ഇടമുള്ള കൊച്ചുമുറികളിലായിരുന്നു താമസം. എന്റെ റൂമിന് അഭിമുഖമായിരുന്നു ഹർബോലയുടെ മുറി. എല്ലാ പുലരിയിലും ചന്ദനത്തിരിയുടെ സുഗന്ധം ആ മുറിയിൽനിന്ന് അരിച്ചെത്തും, അവൻ ഉരുവിടുന്ന ഹനുമാൻ ചാലിസയും. ഞാൻ മുറിയിൽ നിസ്കാരം നിർവഹിക്കും. ദൈവസ്തുതികളോടെ ആരംഭിക്കുന്ന കാൺപുരിലെ ആ തണുത്ത പ്രഭാതങ്ങൾ ഇപ്പോഴും കൗമാരകാലത്തിെൻറ പ്രിയപ്പെട്ട ഓർമകളാണ്. ഞാൻ ക്രിക്കറ്റുകളിക്കാരനായി, അവൻ പൊലീസുദ്യോഗസ്ഥനും. ഞങ്ങൾ അങ്ങനെ വളർന്നു, ഞങ്ങളുടെ സൗഹൃദവും.
എപ്പോഴാണ് സ്പോർട്സിനിടയിലേക്ക് മതം കടന്നുവന്നത്? ഞാൻ യു.പിയിലെ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്, രാജ്യത്തെ വിവിധ സോണുകൾക്കുവേണ്ടിയും ഇംഗ്ലണ്ടിലെ ക്ലബുകൾക്കും കൗണ്ടികൾക്കുവേണ്ടിയും. ഒരിക്കൽപോലും മതത്തെക്കുറിച്ച ചിന്തകൾ അതിനിടയിൽ വന്നിട്ടില്ല. റൺ കുറയുന്നതിനെക്കുറിച്ച് സങ്കടപ്പെട്ടിട്ടുണ്ട്, മോശം ഫോമിലുള്ള സഹകളിക്കാരെ പറഞ്ഞ് ഉഷാറാക്കാറുണ്ട്, കളി ജയിക്കാൻ വഴിയെന്തെന്ന് ആലോചിച്ചിരിക്കാറുണ്ട്. എെൻറ മതത്തെക്കുറിച്ച് എെൻറ സഹപ്രവർത്തകർ എന്തു ചിന്തിക്കുന്നുണ്ടാവുമെന്നാലോചിച്ച് ഒരു ദിവസംപോലും ഉറങ്ങാൻ കിടന്നിട്ടില്ല.
ഞാൻ അലഹബാദിൽനിന്നാണ്, പണ്ഡിറ്റുകളുടെ കോളനിയോട് വളരെ അടുത്തായിരുന്നു എെൻറ വീട്. ഈ സുന്ദരമായ കളിയോട് ഞാൻ പ്രേമത്തിലാവുന്നതും അവിടെവെച്ചാണ്. ഞങ്ങൾ ഒന്നിച്ചു കളിച്ചു, ഞങ്ങളുടെ ജീവിതം സ്പോർട്സ് എന്ന ചരടിൽ ചേർത്തുകെട്ടി. ഞാനീ പറയുന്നത് ഇന്ത്യൻ ടീമിനെപ്പറ്റി മാത്രമല്ല.
നമ്മുടെ തൊട്ടയൽപക്കത്തുള്ള കുട്ടിടീമിെൻറ കാര്യമെടുത്താൽ മതിയല്ലോ. വിവിധ വിശ്വാസങ്ങൾ പുലർത്തുന്ന വീടുകളിൽനിന്നുള്ള കുട്ടികൾ ഒത്തുചേർന്ന് ഒരേ ലക്ഷ്യത്തിനുവേണ്ടി കളിച്ചുവളരുന്നു. ഇപ്പോഴാലോചിക്കുേമ്പാൾ എെൻറ സ്വഭാവം രൂപപ്പെട്ടതുതന്നെ അവിടെനിന്നാണെന്ന് തോന്നുന്നു. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളിൽനിന്നും സ്വഭാവ-സാമ്പത്തിക ചുറ്റുപാടുകളിൽനിന്നും വരുന്ന ആളുകളെ ഒരുമിപ്പിച്ച് ഉൾച്ചേർത്തു നിർത്തുന്നു ഈ കിടിലൻ കളി.
എനിക്കോർമയുണ്ട്, സചിൻ ടെണ്ടുൽകറുടെ ക്രിക്കറ്റ് കിറ്റിനു മുകളിൽ അദ്ദേഹം ആദരിച്ചിരുന്ന സായി ബാബയുടെ ചിത്രമുണ്ടായിരുന്നു, വി.വി.എസ്. ലക്ഷ്മണിന് അദ്ദേഹത്തിെൻറ. സഹീർ ഖാനും ഹർഭജൻ സിങ്ങിനും അവരുടെ... ഓരോരുത്തർക്കും തങ്ങളുടേതായ വിശ്വാസങ്ങൾ. ഞങ്ങളുടെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ന്യൂസിലൻഡുകാരനായ കോച്ച് ജോൺ റൈറ്റും എല്ലാ പ്രാദേശിക വ്യത്യാസങ്ങളെയും മായ്ച്ചുകളഞ്ഞു. ഞങ്ങൾ ഞങ്ങളുടെ പ്രവിശ്യകൾക്കുവേണ്ടിയല്ലല്ലോ കളിച്ചിരുന്നത്. ഞങ്ങളാരും യു.പിക്കാരെന്നോ ബംഗാളിയെന്നോ പഞ്ചാബിയെന്നോ ചിന്തിച്ചില്ല. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യൻ എന്നൊന്നും ആലോചിച്ചില്ല. ഞങ്ങൾ ഓരോരോത്തർക്കുംവേണ്ടി, ഈ ടീമിനുവേണ്ടി, ഞങ്ങളുടെ ചങ്ങാതിമാർക്കുവേണ്ടി, നമ്മുടെ ഇന്ത്യക്കുവേണ്ടി ആണു കളിച്ചത്.തെൻറ ഉദ്ദേശ്യശുദ്ധി മുന്നോട്ടുവന്ന് ബോധ്യപ്പെടുത്തേണ്ടിവന്നപ്പോൾ ജാഫർ നന്നായി വിഷമിച്ചിട്ടുണ്ടാവും. സോഷ്യൽ മീഡിയ ട്രോളുകൾക്ക് രാജ്യത്തെ ഭിന്നിപ്പിക്കാൻ കെൽപുള്ള, നമ്മൾ ജീവിക്കുന്ന ഈ കാലത്തെക്കുറിച്ച് ഒരുപാട് പറയുന്നുണ്ട് ഈ സംഭവം.
ഞങ്ങൾ ക്രിക്കറ്റുകളിക്കാർക്ക് ആകെ അവശേഷിക്കുന്നത് നല്ലപേരും വിശ്വാസ്യതയും മാത്രമാണ്. ജനങ്ങളുടെ സ്നേഹവും പരിഗണനയുമെല്ലാം ഞങ്ങൾക്ക് ലഭിക്കുന്നത് അതുകൊണ്ടു മാത്രമാണ്. വിജയകരമായ ഒരു കരിയറിനുശേഷം ഒരാൾ പരിശീലകെൻറ ചുമതല ഏറ്റെടുക്കുേമ്പാൾ അദ്ദേഹം ശ്രമിക്കുക വിജയവും ഐക്യവും വളർത്തുന്ന ഒരു സംസ്കാരം പരിപോഷിപ്പിക്കാനാണ്. അതദ്ദേഹത്തിെൻറ അഭിമാനപ്രശ്നമാണ്. എനിക്കോർമയുണ്ട്, ഞങ്ങളുടെ കോച്ച് ൈററ്റ് ലോകകപ്പ് ടീമിനു മുന്നിൽ 'നൗ ഓർ നെവർ' (ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല) എന്ന മുദ്രാവാക്യവുമായി എത്തിയത്. അതിനു പിന്നിലെ ലക്ഷ്യം ലളിതമായിരുന്നു: ടീമിനെ ഒരു പൊതു കാരണത്തിനു ഒരുമിപ്പിക്കുക, എല്ലാവരുടെയും ഊർജം ഒരേ വഴിയിലേക്ക് പ്രവഹിപ്പിക്കുക, ലക്ഷ്യം സാക്ഷാത്കരിക്കാൻ പര്യാപ്തരാക്കുക. എല്ലാ മികച്ച കോച്ചുകളും ചെയ്യുന്നതാണ് അത്. പ്രാദേശിക താൽപര്യങ്ങളിൽ നിന്നും സെലക്ഷൻ സമയങ്ങളിലെ മുൻവിധികളിൽ നിന്നും റൈറ്റും ഗാംഗുലിയും ചേർന്ന് ഞങ്ങളെ സംരക്ഷിച്ചുനിർത്തി.
പ്രാർഥന തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. ഞാനെന്നെങ്കിലും ഡ്രസിങ്റൂമിൽ നമസ്കരിച്ചതായി ഓർക്കുന്നില്ല, പക്ഷേ, ഇംഗ്ലണ്ടിെൻറ മുതിർന്ന മുൻ കളിക്കാരൻ ഗ്രെയിം ഹിക്ക് വുസ്റ്റഷെയറിലെ ഡ്രസിങ് റൂമിൽ പുതുമുറക്കാരനായിരുന്ന മുഈൻ അലിക്ക് നമസ്കരിക്കുന്നതിനായി തെൻറ ക്രിക്കറ്റ് കിറ്റ് ഒതുക്കിവെച്ച് ഇടം ഒരുക്കിക്കൊടുത്തതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്. വ്യക്തിപരമായി എെൻറ വിശ്വാസം എനിക്ക് സ്വന്തം കാര്യമാണ്. ഞാനത് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോകാറില്ല, എന്നുവെച്ച് മറ്റാരെങ്കിലും അപ്രകാരം ചെയ്താൽ അതൊരു കുറ്റവുമല്ല. എല്ലാവർക്കും അവരുടേതായ ശീലങ്ങളും വിശ്വാസങ്ങളുമാവാം; മറ്റാരുടെയെങ്കിലും മേൽ അത് അടിച്ചേൽപ്പിക്കാത്തിടത്തോളം.
മറ്റൊരു ഓർമകൂടി, അതത്ര പഴയതല്ല. വിൻഡീസിെൻറ പഴയ ഫാസ്റ്റ് ബൗളർ ഇയാൻ ബിഷപ്പും ഞാനും ഒരുമിച്ച് കമൻററി പറയാൻ പോയതാണ്. ഹോട്ടലിൽ അടുത്തടുത്ത മുറികളിലായിരുന്നു താമസം. തികഞ്ഞ മതനിഷ്ഠയുള്ള അദ്ദേഹത്തിെൻറ ബൈബ്ൾ വായന കേട്ടാണ് ഓരോ പ്രഭാതവും ആരംഭിച്ചിരുന്നത്. വിരൽതുമ്പ് വരെ മാന്യനായ ആ മഹാ കളിക്കാരൻ കുട്ടികൾ കൂടുതൽ നേരം സ്ക്രീനിൽ ചെലവിടുന്നതിനെപ്പറ്റിയും മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളുമെല്ലാം പങ്കുവെക്കുമായിരുന്നു- നമ്മൾ ഓരോരുത്തരെയുംപോലെ.
മതം ഇക്കാലമത്രയും ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവന്നിട്ടേയില്ല. ഇന്ത്യയുടെ ഏതു കോണിൽ ജനിച്ചൊരു കുഞ്ഞിനും ഉയരങ്ങൾ എത്തിപ്പിടിക്കണമെന്ന് ആഗ്രഹിക്കാവുന്ന ഏറ്റവും ഉചിതമായ മേഖലയാണ് ക്രിക്കറ്റ്. അല്ലായിരുന്നെങ്കിൽ ഝാർഖണ്ഡിൽനിന്ന് ഒരു എം.എസ്. ധോണി ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഉയർന്നുവരുമായിരുന്നില്ല. മുംബൈയും പുണെയും പോലുള്ള മഹാരാഷ്ട്രയുടെ മുൻനിര പട്ടണങ്ങളിൽനിന്നല്ലാത്ത സഹീർഖാന് ആധുനിക ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ബൗളറാവാൻ കഴിയുമായിരുന്നില്ല. ഗുജറാത്തിലെ ഇഖാർ എന്ന ചെറുഗ്രാമത്തിൽനിന്നുള്ള മുനാഫ് പട്ടേൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ഭാഗഭാക്കാവുമായിരുന്നില്ല.
ഒരു രാഷ്ട്രം എന്ന നിലയിൽ നാം ഒരുപാട് ആത്മാന്വേഷണം നടത്തേണ്ടതുണ്ട്. ചരിത്രത്തിൽ അത്രമാത്രം നിർണായകമായ സന്ധിയിലാണ് നാമിന്ന്. തമ്മിൽതമ്മിൽ ഭിന്നിക്കപ്പെടുന്നത് നമുക്കിനി താങ്ങാനാവില്ല. അത് തികച്ചും അപായകരവും നമ്മെ തോൽപിച്ചുകളയുന്നതുമായ അവസ്ഥയാണ്. ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളിൽനിന്നെല്ലാം സുരക്ഷിതമായി നിൽക്കുന്ന ഒരു പ്രത്യേക ബയോ ബബിളിനുള്ളിലല്ല സ്പോർട്സ്. നമ്മുടെ സമൂഹത്തിെൻറ പ്രതിഫലനം ഏറിയും കുറഞ്ഞും അതിന്മേലുണ്ടാവുകതന്നെ ചെയ്യും. പക്ഷേ, ഞാൻ മനസ്സിലാക്കിയിടത്തോളം തുല്യ അവസരവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉൽകൃഷ്ടതയും നിലനിൽക്കുന്ന ഇടമാണ് കായിക മേഖല, വിശിഷ്യ ക്രിക്കറ്റ്.
രാജ്യത്തിെൻറ പല ഭാഗങ്ങളിലായി വളർന്നുവരുന്ന, ഇന്ത്യക്കുവേണ്ടി പാഡണിയണമെന്ന് സ്വപ്നം കാണുന്ന പുതുതലമുറയോട് എനിക്കൊന്നേ പറയാനുള്ളൂ: ഈ കാണുന്ന അലങ്കോലങ്ങളിലൊന്നും പെടാതിരിക്കുക, ശുദ്ധരായി നിലനിൽക്കുക, ഈ കളി നിങ്ങൾക്ക് പ്രതിഫലം നൽകും. ഇത് അസാമാന്യ സുന്ദരമായ ഒരു കളിയാണ്. അതിലും വർഗീയത കലക്കാൻ ശ്രമിക്കുന്നതു കാണുേമ്പാൾ ക്രിക്കറ്റിനെ ജീവിതമാർഗമാക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളെപ്പോലുള്ളവർ വിഷമിക്കാതിരിക്കുന്നതെങ്ങെന?
നമ്മുടെ കുട്ടികൾക്ക് മലിനമാക്കപ്പെടാത്ത ഒരു ചുറ്റുപാട് ഉറപ്പാക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഞങ്ങളുടെ ഇന്ത്യൻ ടീമിെൻറ മുദ്രാവാക്യത്തിൽ പറയുന്നതുപോലെ 'നൗ ഓർ നെവർ'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.