നൂറുൽ അമീൻ മലപ്പുറം പള്ളിപ്പുറത്തെ ക്രിക്കറ്റ്​ ടൂർണമെന്‍റിൽ ലൈവ്​ കമന്‍ററി പറയുന്നു

'കണ്ടം ക്രിക്കറ്റി'ലെ ഇംഗ്ലീഷ്​ കമന്‍ററി വിശേഷങ്ങൾ

That's massive and out of the ground - മൈക്കിലൂടെ ഇടിവെട്ടുപോലെ ഒഴുകി​യെത്തുന്ന ഈ ശബ്​ദം ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്​സി​ൽ നിന്നോ മെൽബണിലെ പുൽമൈതാനിയിൽനിന്നോ അല്ല. ഹർഷ ഭോഗ്​ലെ, ഇയാൻ സ്മിത്ത്​ പോലുള്ള ഇതിഹാസ കമ​ന്‍റേറ്റർമാരുടെ നാവിൽനിന്നുമല്ല. ഇങ്ങകലെ മലപ്പുറം ജില്ലയിലെ പള്ളിപ്പുറത്തെ തരിശിട്ട വയലിൽ അരങ്ങേറുന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റിലാണ്​ ബൗണ്ടറികളായി ഒഴുകുന്ന ഈ ശബ്​ദം. നൂറുൽ അമീൻ എന്ന ഇംഗ്ലീഷ്​ അധ്യാപകനാണ്​ ഈ ശബ്​ദത്തിന്‍റെ ഉടമ. അതെ, ടി.വിയിൽ മാത്രം കണ്ട്​ ശീലിച്ച ആവേശം വിതറുന്ന ഇംഗ്ലീഷ്​ കമന്‍ററി നമ്മുടെ കണ്ടം കളിയിലും ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ്​.

നട്ടുച്ചക്കും കളി കാണാൻ നിരവധി പേരാണുള്ളത്​. ഓരോ പന്തിനും കമ​േന്‍ററ്ററുടെ ഭാഗത്തുനിന്ന്​ ഉയരുന്ന വാക്കുകൾ കളിയെ ലൈവാക്കി നിർത്തുന്നു. അന്താരാഷ്ട്ര മത്സരം കാണുന്ന അനുഭൂതിയാണ്​ ഓരോ ക്രിക്കറ്റ്​ പ്രേമിക്കും.​ അതുതന്നെയാണ്​ ഇത്രയും ആളുകളെ ഗാലറിയിൽ നിലയുറപ്പിച്ചത്​.

നൂറിലേറെ ടൂർണമെന്‍റുകൾ

മലപ്പുറം തിരൂർ സ്വദേശിയും ഇംഗ്ലീഷ്​ അധ്യാപകനുമായ നൂറുൽ അമീൻ ഏകദേശം 14 വർഷമായി ഇംഗ്ലീഷ്​ കമന്‍ററി പറയാൻ തുടങ്ങിയിട്ട്​. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ ക്രിക്കറ്റ്​ ടൂർണമെന്‍റുകളിൽ ഇതിനകം ലൈവ്​ കമന്‍ററി പറഞ്ഞുകഴിഞ്ഞു. ഏതാനും ഫുട്​ബാൾ ടൂർണമെന്‍റുകളെയും ഇദ്ദേഹം കമന്‍ററി കൊണ്ട്​ ത്രസിപ്പിച്ചിട്ടുണ്ട്​.

നൂറുൽ അമീൻ കമന്‍ററി പറയുന്നു

ചെറുപ്പത്തിൽ തുടങ്ങിയതാണ്​ ക്രിക്കറ്റിനോടും ഇംഗ്ലീഷ്​ കമന്‍ററിയോടുമുള്ള താൽപര്യം. ടെസ്റ്റ്​ മത്സരങ്ങളായിരുന്നു അന്ന്​ കൂടുതൽ കണ്ടിരുന്നത്​​​. അതി​ലെ കമന്‍ററികൾ ചെവികൂർപ്പിച്ച്​ കേട്ടിരിക്കും.

അവർ പറയുന്നതിനനുസരിച്ച്​ സ്വയം പരിശീലിക്കും. ചെറിയ കുട്ടിയായിരുന്ന​പ്പോൾ മരത്തിന്​ മുകളിൽ കയറി കൂട്ടുകാരോടൊപ്പം ​ക്രിക്കറ്റിന്​ കമന്‍ററി പറയാറുണ്ടായിരുന്നു. അതും ഒരു നിമിത്തമായി മാറി. അക്കാലത്ത്​ ധാരാളം ടൂർണമെന്‍റുകളിൽ കളിക്കാരനായി പോവുകയും ചെയ്തു​. ക്രിക്കറ്റിന്​ പുറമെ ഫുട്​ബാൾ കമന്‍ററിയും സ്ഥിരമായി കേൾക്കാറുണ്ട്​. ഓരോ ടൂർണമെന്‍റിന്​ മുമ്പും ചെറിയ രീതിയിൽ പരിശീലനം നടത്തും. വലിയ ടൂർണമെന്‍റുകളിൽ ഒരു ദിവസം മുഴുവൻ കമന്‍ററി പറഞ്ഞ അനുഭവങ്ങളുണ്ട്​.

ക്രിക്കറ്റ്​ കാണുന്നതിനുപുറമെ ഇംഗ്ലീഷ്​ സിനിമകൾ, കാർട്ടൂണുകൾ, വായന എന്നിവയും ഇംഗ്ലീഷിനെ പരിപോഷിപ്പിക്കാൻ സഹായിച്ചു. ഇന്‍റർനാഷനൽ കമന്‍റേറ്റേഴ്​സിനെ അനുകരിക്കുകയും അവരുടെ വാക്കുകൾ കടമെടുക്കാറുമുണ്ട്​ ഇദ്ദേഹം. രവി ശാസ്ത്രി, ഹർഷ ഭോഗ്​ലെ, ടോണി ഗ്രേയ്​ഗ്​, ഡേവിഡ്​ ലോയ്​ഡ്​, ഡീൻ ജോൺസ്​... അങ്ങനെ നിരവധി പേരുണ്ട്​ ഇദ്ദേഹത്തിന്‍റെ ഇഷ്ട കമന്‍ററേറ്റർമാരിൽ.

ഇംഗ്ലീഷ്​ കമന്‍ററിയുടെ ആരംഭം

2005ന്​ ശേഷമാണ് കേരളത്തിലെ പ്രാദേശിക ടൂർണമെന്‍റുകളിൽ​ കമന്‍ററിയുടെ ട്രെൻഡ്​ കടന്നുവരുന്നത്​. ഫ്ലഡ്​ലിറ്റിൽ അരങ്ങേറുന്ന സോഫ്​റ്റ്​ബാൾ ക്രിക്കറ്റ്​ ടൂർണമെന്‍റുകളാണ്​ ഇതി​ന്​ സ്വാഗതമോതിയത്. ഇവ രണ്ടുമെത്തിയതോടെ കളിയുടെ ആവേശവും ഇരട്ടിച്ചു. ആദ്യകാലത്ത്​​ മലയാളത്തിലായിരുന്നു കമന്‍ററി. പക്ഷേ, അതിന്​ ഇത്ര ആവേശം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട്​ ഇംഗ്ലീഷിലേക്ക്​ വഴിമാറുകയായിരുന്നു. നിരവധി പേർ ഇപ്പോൾ ഇംഗ്ലീഷിൽ കമന്‍ററി പറയുന്നവരായുണ്ട്​.

നൂറുൽ അമീൻ

വമ്പൻ ടൂർണമെന്‍റുകളാണ്​ ഇപ്പോൾ കേരളത്തിലെ പ്രാദേശിക തലങ്ങളിൽ നടക്കുന്നത്​. വിവിധ ജില്ലകളിൽനിന്നുള്ള ടീമുകൾ മാറ്റുരക്കുന്ന പോരുകൾ. പലതും ​ഫേസ്​ബുക്കിൽ ലൈവാണ്​​. ലക്ഷക്കണക്കിന്​ കാഴ്ചക്കാരാണ്​ ഈ വിഡിയോകൾക്കുള്ളത്​. ഇവയെ ട്രെൻഡിങ്ങാക്കുന്നതിൽ ഇംഗ്ലീഷ്​ കമന്‍ററിയുടെ പങ്ക്​ പ്രധാനമാണ്. ഏതൊരു മത്സരത്തെയും ലൈവായിട്ട്​ നിർത്തുന്നത്​ അതിന്‍റെ കമന്‍ററിയാണ്​. അതിരസകരമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ കളിക്കാർ പോലും ആവേശം കൊള്ളും. കാണികൾക്കും രോമാഞ്ചമുണ്ടാകും.

കമന്‍ററി കേട്ട്​ ഉറങ്ങാതെ നിന്ന മുത്തശ്ശി

നാട്ടുകാരുടെ ഭാഗത്തുനിന്ന്​ മികച്ച പ്രതികരണങ്ങളാണ്​ ഇംഗ്ലീഷ്​ കമന്‍ററിക്ക്​ ലഭിക്കാറെന്ന്​ നൂറുൽ അമീൻ പറയുന്നു. കളി കാണാൻ വരുന്ന വിദ്യാർഥികൾക്കെല്ലാം ഇത്​ ഉപകാരപ്പെടുന്നുണ്ടെന്ന്​ അവരുടെ പ്രതികരണങ്ങളിൽനിന്ന്​ വ്യക്​തം. അവരുടെ ഇംഗ്ലീഷ്​ മെച്ചപ്പെടുത്താൻ​ കമന്‍ററി​ സഹായിക്കുന്നു. പുതിയ പുതിയ വാക്കുകൾ മനസ്സിലാക്കാൻ അവർക്ക്​ സാധിക്കുന്നു.

മറക്കാനാവാത്ത പല അനുഭവങ്ങളും ഇദ്ദേഹത്തിനുണ്ടായിട്ടുണ്ട്​. ഫ്ലഡ്​ലിറ്റ്​ ടൂർണമെന്‍റ്​ നടക്കുമ്പോൾ ഗ്രൗണ്ടിന്​​ സമീപം പ്രായം ചെന്ന സ്ത്രീയുടെ വീടുണ്ടായിരുന്നു. രാത്രി അവർ ഉറക്കമൊഴിച്ച്​ കമന്‍ററി കേട്ടിരിക്കുകയായിരുന്നുവത്രെ. കളി കഴിഞ്ഞശേഷം കമന്‍ററിയുടെ മനോഹാരിതയെ അവർ നേരിട്ട്​ വന്ന്​ അഭിനന്ദിക്കുകയും ചെയ്തു. വലിയ അദ്ഭുതമായിരുന്നു അതെന്ന്​ നൂറുൽ അമീൻ ഓർക്കുന്നു.

മറ്റൊരു അനുഭവം നാട്ടിലെ ടൂർണമെന്‍റിൽനിന്നാണ്​. കളി നടക്കുന്ന ഗ്രൗണ്ടിന്​ സമീപം വന്നതായിരുന്നു നൂറുൽ അമീൻ. കാര്യമായി ആരും അവിടെയില്ല. കമ്മിറ്റി അംഗങ്ങൾ കമന്‍ററി പറയാൻ ഇദ്ദേഹത്തെ നിർബന്ധിച്ചു. മൈക്ക്​ കൈയിലെടുത്തതോടെ ജനം തിങ്ങിക്കൂടാൻ തുടങ്ങി. കളിയുടെ ആവേശവും പരകോടിയിലായി. ഇംഗ്ലീഷ്​ കമന്‍ററിയിൽ വളർന്നുവരുന്നവർക്ക്​ എല്ലാവധി പിന്തുണയും നൽകാനാണ്​ ഇദ്ദേഹത്തിന്‍റെ തീരുമാനം.

ഭാവിയിൽ ക്രിക്കറ്റ്​ കമ​േന്‍ററ്റർമാർക്ക്​ പരിശീലനം നൽകുന്ന അക്കാദമി വരുകയാണെങ്കിൽ അതൊരു മുതൽക്കൂട്ടാകുമെന്ന്​ ഇദ്ദേഹം പറയുന്നു. വളർന്നുവരുന്നവർക്ക്​ ഇംഗ്ലീഷ്​ മൂർച്ചകൂട്ടാനുള്ള നല്ലൊരു മാർഗമാണ്​ കമന്‍ററി. വിനോദത്തിനൊപ്പം പഠനം കൂടിയാണ്​ ഇവിടെ സാധ്യമാകുന്നത്​. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഉയർന്നുവരുന്ന കളിക്കാർക്കും ഈ കമന്‍ററി ഏറെ ഉപകാരപ്പെടും. അവർക്ക്​ ഭാവിയിൽ വലിയ ടൂർണ​മെന്‍റുകളുടെയും ടീമുകളുടെയും ഭാഗമാകുമ്പോൾ ഇംഗ്ലീഷ്​ അത്യാവശ്യമായി വരും.

25,000 വിദ്യാർഥികൾ

മലപ്പുറം ജില്ലയിലെ തിരൂർ മംഗലത്താണ്​ നൂറുൽ അമീൻ ജനിച്ചത്​. വർഷങ്ങൾക്കുള്ളിൽ കുടുംബത്തോടൊപ്പം പുണെയിലെത്തി. പുണെ യൂനിവേഴ്​സിറ്റിയിൽനിന്നാണ്​ ബി.എ ഇംഗ്ലീഷ്​ പാസാകുന്നത്​. തുടർന്നും ഇംഗ്ലീഷിനെ ജീവിതത്തിൽ മുറുകെ പിടിക്കാൻ തീരുമാനിച്ചു.

ഇംഗ്ലീഷ്​ ടീച്ചേഴ്​സ്​ ട്രെയിനറായിട്ട്​ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജോലിചെയ്തിട്ടുണ്ട്​. ആയിരത്തോളം സ്കൂളുകളിലായിട്ട്​ 25,000 കുട്ടികൾക്ക്​ ഇംഗ്ലീഷ്​ പരിശീലനം നൽകി​. 500ന്​ മുകളിൽ അധ്യാപകരെയും പരിശീലിപ്പിച്ചു. നിരവധി സ്കൂളുകളിൽ ജോലിചെയ്തു​. അവിടെ നടക്കുന്ന പരിപാടികൾ അവതരിപ്പിക്കുന്നത്​ ഇദ്ദേഹമായിരിക്കും. പട്ടാമ്പി, തിരൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നടന്ന എം.ഇ.എസ്​ ഇന്‍റർസ്​റ്റേറ്റ്​ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക്​ കമന്‍ററി പറഞ്ഞിട്ടുണ്ട്​. 2018 മുതൽ മഞ്ചേരി ​​​േബ്ലാസം പബ്ലിക്​ സ്കൂളിൽ ഫാക്കൽറ്റി ഓഫ്​ കമ്യൂണിക്കേറ്റിവ്​ ഇംഗ്ലീഷ്​ ലാംഗ്വേജ്​ ഡിപ്പാർട്ട്​മെന്‍റ്​ തലവനും പ്രോഗ്രാം കോഓഡിനേറ്ററുമാണ്​.

തസ്​ലീനയാണ്​ ഭാര്യ. വീട്ടിൽ സ്ഥിരമായി കമന്‍ററി പറയുന്നതു​ കേട്ട ഇവരാണ്​ ടൂർണമെന്‍റുകൾക്കുവേണ്ടി പറയാൻ പ്രേരണ നൽകിയത്​. നാലു പെൺമക്കളുമുണ്ട്​ ഇവർക്ക്​. പാലിയേറ്റിവ്​ കെയറിലും മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്​ ഈ 40കാരൻ. 

Tags:    
News Summary - English commentary on domestic cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.