യുപിക്കായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന മുൻ പഞ്ചാബ് കിങ്സ് (പിബികെഎസ്) സ്പിന്നർ ശിവം ശർമ്മയുടെ വികാരഭരിതമായ ഒരു ട്വീറ്റാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. തനിക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റാണ് ശിവം പങ്കുവെച്ചത്. കൂടെ രണ്ട് ചുവന്ന പന്തുകൾ കൈവശം വച്ചിരിക്കുന്ന ചിത്രവുമുണ്ടായിരുന്നു. താൻ ഫോമിലാണെന്നും അവസരങ്ങൾ ലഭിക്കുന്നില്ലെന്നും വലംകൈയ്യൻ സ്പിന്നർ ട്വീറ്റിൽ സൂചിപ്പിച്ചു.
"നല്ല പ്രകടനങ്ങൾ ശരിക്കും കണക്കിലെടുക്കുന്നുവെങ്കിൽ, പ്രിയ ക്രിക്കറ്റ്, ഞാൻ ഒരു അവസരം അർഹിക്കുന്നു, ദയവായി എനിക്ക് ഒരവസരം തരൂ, ഞാൻ നിങ്ങൾക്ക് അഭിമാനിക്കാൻ അവസരമുണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു... !! - ശിവം ട്വീറ്റ് ചെയ്തു. #God #Cricket എന്നീ ഹാഷ്ടാഗുകളും താരം പോസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ജയദേവ് ഉനദ്കട്ടും ഇതുപോലൊരു ട്വീറ്റ് പങ്കുവെച്ചിരുന്നു. മികച്ച ഫോമിലായിരുന്നു ഇടംകൈയ്യൻ പേസറെ സെലക്ടർമാർ നിരന്തരം അവഗണിച്ചതോടെയായിരുന്നു ട്വീറ്റ്. എന്നാൽ, ട്വീറ്റ് പങ്കുവെച്ച് ഒരു വർഷത്തിന് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഉനദ്കട്ടിന് വിളിയെത്തി. അങ്ങനെ 12 വർഷങ്ങൾക്കിടയിലെ തന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം താരം കളിക്കുകയും ചെയ്തു.
ഡൽഹി സ്വദേശിയായ ശിവം സംസ്ഥാനത്തെ ജൂനിയർ ടീമുകളിലൂടെയാണ് കരിയർ ആരംഭിച്ചത്. ഡൽഹി അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഡൽഹിക്ക് വേണ്ടി കളിക്കുന്നതിന് മുമ്പ് അദ്ദേഹം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത് ശ്രദ്ധേയമാണ്.
ശിവം പഞ്ചാബ് കിംഗ്‌സിന്റെ ശ്രദ്ധ ആകർഷിക്കുകയും 2014ൽ 10 ലക്ഷം രൂപയ്ക്ക് അവരോടൊപ്പം ചേരുകയും ചെയ്തു. അതേ വർഷം തന്നെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഐപിഎൽ അരങ്ങേറ്റം കുറിച്ചു.
ശിവം 2014-ൽ ഡൽഹിക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു, 2021-ലാണ് അദ്ദേഹത്തിന്റെ ലിസ്റ്റ് എ അരങ്ങേറ്റം. 2016-ന് ശേഷം അദ്ദേഹം ടി20 കളിച്ചിട്ടില്ല, സീനിയർ ക്രിക്കറ്റിൽ 2 വർഷം മുമ്പ് ഡൽഹിക്ക് വേണ്ടി കളിച്ചിരുന്നു.
14 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റുകളാണ് ഈ 29കാരന്റെ സമ്പാദ്യം. 8 ടി20കളിൽ 9 ബാറ്റ്സ്മാൻമാരെ പുറത്താക്കുകയും ലിസ്റ്റ് എ അരങ്ങേറ്റത്തിൽ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി സീസണിൽ ഡൽഹി തങ്ങളുടെ ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്, ശിവത്തിനെ അവർ തിരിച്ചുവിളിക്കുമോ എന്ന് കണ്ടറിയണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ കളിച്ച 4 മത്സരങ്ങളിൽ 2 എണ്ണത്തിലും ഡൽഹി തോറ്റിരുന്നു. പോയിന്റ് പട്ടികയിൽ അവർ ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.