റാഞ്ചി: ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ധോണിയോടുള്ള ആരാധന മൂത്ത് ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കെ ചിലർ ഗ്രൗണ്ടിലേക്ക് ഒാടിക്കയറിയ സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്. എന്നാൽ, ഹരിയാന സ്വദേശിയും 18 കാരനുമായ അജയ് ഗിൽ ധോണിയെ കാണാനായി 1400 കിലോമീറ്റർ നടന്നുകൊണ്ടാണ് അവരിൽ നിന്നെല്ലാം വ്യത്യസ്തനായത്.
ഹരിയാനയിലെ ഹിസാർ ജില്ലയിലെ ജലൻ ഖേദ ഗ്രാമത്തിൽ നിന്ന് ധോണിയുടെ നാടായ റാഞ്ചിയിലേക്കാണ് അജയ് ഗിൽ നടന്നത്. 16 ദിവസങ്ങളെടുത്താണ് 1400 കിലോമീറ്റർ സഞ്ചരിച്ചതെന്നും അജയ് പറയുന്നു. അത്രയും ദൂരം നടന്നുവന്ന സ്ഥിതിക്ക് ധോണി തന്നെ കാണാനായി ഒരു 10 മിനിറ്റ് മാറ്റിവെക്കുമെന്ന പ്രതീക്ഷയായിരുന്നു അവന്.
എന്നാൽ, നിർഭാഗ്യമെന്ന് പറയെട്ട, ധോണി അദ്ദേഹത്തിെൻറ വീട്ടിലില്ലായിരുന്നു. കോവിഡ് കാരണം നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗിെൻറ രണ്ടാം ഘട്ട മത്സരങ്ങൾക്കായി ധോണിയും സംഘവും കഴിഞ്ഞ ആഴ്ച്ച യു.എ.ഇയിലേക്ക് തിരിച്ചിരുന്നു. അവിടെ ആദ്യ മത്സരത്തിെൻറ തയ്യാറെടുപ്പുകളിലാണ് ധോണിയും ചെന്നൈ സൂപ്പർ കിങ്സ് ടീമംഗങ്ങളും.
എന്നാൽ, അതറിഞ്ഞിട്ടും അജയ് ഗില്ലിന് തിരിച്ച് പോകാൻ പദ്ധതിയുണ്ടായിരുന്നില്ല. മൂന്ന് മാസങ്ങൾക്ക് ശേഷം മാത്രമേ ധോണി മടങ്ങുകയുള്ള, എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ധോണിയെ കണ്ടതിനുശേഷം മാത്രമേ മടങ്ങിപ്പോകൂ എന്ന തീരുമാനത്തിൽ അജയ് ഉറച്ചുനിന്നു. "ധോണിജി സെ മിൽ കേ ഹി ഘർ ലൗട്ടുങ്ക (ഞാൻ ധോണിയെ കണ്ടതിനു ശേഷം മാത്രമേ വീട്ടിലേക്ക് മടങ്ങുകയുള്ളൂ)," പതിനെട്ടുകാരനായ ആരാധകൻ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. റാഞ്ചിയുടെ പ്രാന്തപ്രദേശത്തുള്ള സിമാലിയയിലെ ധോണിയുടെ ഫാംഹൗസിെൻറ ഗേറ്റിന് പുറത്ത് അജയ് നിൽപ്പ് തുടരുകയായിരുന്നു.
ഗ്രാമത്തിൽ താനൊരു ബാർബറായി ജോലി ചെയ്യുകയാണെന്നും തെൻറ ഹെയർകട്ട് അവിടെ ഏറെ പ്രശസ്തമാണെന്നും അജയ് വെളിപ്പെടുത്തി. 18-കാരെൻറ തലയുടെ ഇരുവശത്തും 'ധോണി', 'മഹി' എന്നെഴുതിയിട്ടുമുണ്ട്, മുടിക്ക് മഞ്ഞ, നീല, ഓറഞ്ച് നിറങ്ങളും അവൻ നൽകിയിട്ടുണ്ട്. 'താൻ ക്രിക്കറ്റ് കളിക്കാറുണ്ട് എന്നാൽ ധോണി വിരമിച്ചതിന് ശേഷം അത് നിർത്തി, മുൻ ഇന്ത്യൻ ക്യാപ്റ്റെൻറ അനുഗ്രഹം വാങ്ങിയതിന് ശേഷം വീണ്ടും അത് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും' അജയ് പറഞ്ഞു.
ധോണിയെ കാണാതെ തിരിച്ചുപോവില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ അജയ്ക്ക് പ്രദേശത്തെ ഒരു കച്ചവടക്കാരനും സുഹൃത്തുക്കളും ചേർന്ന് ഒരു ദിവസം താമസിക്കാനായി റൂം ഏർപ്പാടാക്കിയിരുന്നു. ധോണി ഉള്ളപ്പോൾ തിരികെ വരാൻ പറഞ്ഞുകൊണ്ട് ഡൽഹിയിലേക്ക് ഒരു വിമാന ടിക്കറ്റും ബുക്ക് ചെയ്തു കൊടുത്തു. ഒടുവിൽ സമ്മതിച്ച അജയ് ഗിൽ, അവരോട് നന്ദി പറഞ്ഞ് മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.