28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജൻറീന ഒരു മേജർ കിരീടം നേടിയിരിക്കുന്നു -കോപ്പ അമേരിക്ക. അർജൻറീന എങ്ങനെ ഇൗ കപ്പ് സ്വന്തമാക്കി എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. ലാറ്റിനമേരിക്കൻ കളിമുറ്റങ്ങൾക്ക് അത്രപരിചിതമല്ലാത്ത കളിശൈലി-ടാക്റ്റിക്കൽ ഫുട്ബാൾ.
അവിടെ ത്രസിപ്പിക്കുന്ന നീക്കങ്ങൾ ഏറെ ഉണ്ടാകണമെന്നില്ല. പന്തടക്കിവെച്ച് എതിരാളികളെ തലങ്ങും വിലങ്ങും പായിക്കുന്ന പൊസഷൻ വേഗം കണ്ടുകൊള്ളണമെന്നില്ല. വലനെയ്യും പോലെ കാലിൽ നിന്ന് കാലിേലക്ക് അതിവേഗം സഞ്ചരിക്കുന്ന കുറിയ പാസുകളോ ഡിഫൻസിനെ കീറി മുറിക്കുന്ന ത്രൂബാളുകളോ അധികം കാണില്ല. എന്നിരുന്നാലും എങ്ങനെയെങ്കിലും ഒരു ഗോൾ പിറന്നിരിക്കും. അവസാന വിസിൽ മുഴങ്ങും വരെ ആ ഗോളിെൻറ മുൻതൂക്കം അവർ സംരക്ഷിച്ചുനിർത്തും, പതിയെ കിരീടത്തിലേക്ക് ചുവടുവെക്കും.
പാരമ്പര്യ ലാറ്റിനമേരികൻ കളി ശൈലി ഉപേക്ഷിച്ച്, വിജയം മാത്രം മുന്നിൽ കണ്ടുള്ള ടാക്റ്റിക്കൽ ഫുട്ബാൾ ആണ് ലയണൽ സ്കലോനി എന്ന അർജൈൻൻ പരിശീലകൻ ടൂർണമൻറിലുടനീളം സ്വീകരിച്ചത്. ഭൂരിഭാഗം കളികളിലും അർജൻറീന ഒരു ഗോളിനാണ് വിജയിച്ചത്. അതിൽ എല്ലാ കളികളിലും ആദ്യപകുതിയിൽ തന്നെ ഗോൾ കണ്ടെത്തി.
ആദ്യ മിനിറ്റുകളിൽ ആക്രമിച്ച് കളിച്ച് ഗോൾ കണ്ടെത്തി പതിയെ ഡിഫൻസിലേക്ക് പിൻവലിയുന്ന ശൈലി യൂറോപ്യൻ കളിമുറ്റങ്ങളിലെ പതിവു കാഴ്ചയാണ്. ഇക്കുറി ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ചെൽസി^മാഞ്ചസ്റ്റർ സിറ്റി പോരാട്ടത്തിൽ അത് കണ്ടതാണ്. ബാൾ പൊസഷനിലും ഷോട്ട് ഒാൺ ടാർഗറ്റിലും എല്ലാം സിറ്റിയായിരുന്നു മുന്നിൽ. പക്ഷേ, ഒറ്റ ഗോളിെൻറ ആനുകൂല്യത്തിൽ കിരീടമണിഞ്ഞത് ചെൽസിയും. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസും ഏറെക്കുറെ ആ കളിശൈലി പിന്തുടർന്നവരായിരുന്നു.
എന്തുകൊണ്ടാകും അർജൻറീന തങ്ങളുടെ പരമ്പരാഗത കളി ശൈലി ഉപേക്ഷിച്ചത്?. ഒറ്റ കാരണമേയുള്ളൂ. തങ്ങളുടെ കിരീട വരൾച്ചക്ക് പരിഹാരം കണ്ടെത്തുക എന്നത് തന്നെ. അർജൻറീനയുടെയും ക്യാപ്റ്റൻ ലയണൽ മെസ്സിയുടെയും വിമർശകർക്കും ആരാധകർക്കും ഒരുപോലെ വേണ്ട ഒന്നുണ്ട്^അത് കിരീടമാണ്. സൗന്ദര്യാത്മക ഫുട്ബാൾ കളിച്ചതു കൊണ്ടോ ബാൾ അധികം കൈവശംവെച്ച് കളിച്ചതുകൊണ്ടോ കിരീടം ലഭിക്കണമെന്നില്ല. അങ്ങനെയാണെങ്കിൽ 2006 ലോകകപ്പിൽ അത് സംഭവിക്കണമായിരുന്നു.
അർജൻറീനയുടെ സമീപകാല ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികവാർന്ന നിരയായിരുന്നു അന്ന് കളത്തിലിറങ്ങിയത്. യുവാൻ റോമൻ റിക്വൽമി, റോബർേട്ടാ അയാള, ഹെർനാൻ ക്രസ്പോ അടക്കമുള്ള മികവാർന്ന നിര ടൂർണമൻറിൽ ഉടനീളം മനോഹരമായി കളിച്ചുവെങ്കിലും ക്വാർട്ടർ ഫൈനലിൽ ജർമനിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ അടിയറവ് പറഞ്ഞു. 2002 ലും 2010 ലും അത് തന്നെയാണ് സംഭവിച്ചത്.
2014 ൽ ഫൈനലിലേക്കുള്ള അർജൻറീനയുടെ മുന്നേറ്റം അതുവരെയുള്ള കളി ശൈലിയിൽനിന്ന് തെല്ലിട മാറിയത് കൊണ്ടായിരുന്നു. ഫൈനലിലെ തോൽവി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ ഇത്തവണ കോപ്പ അമേരിക്കയിൽ കളിച്ച കളി ആയിരുന്നു അവർ ലോകകപ്പിൽ കളിച്ചത്. നോക്കൗണ്ട് റൗണ്ടിൽ ബെൽജിയത്തോടും സ്വിറ്റ്സർലിൻറിനോടും ഒരു ഗോളിെൻറ വിജയം. സെമിയിൽ നെതർലാൻഡ്സിനോട് ഷൂട്ടൗട്ടിൽ വിജയം. ഒടുവിൽ ജർമനിയോട് ഒരു ഗോളിെൻറ തോൽവി.
2018 ലെ ലോകകപ്പ് പരാജയത്തിന് ശേഷം ഇടക്കാല കോച്ചായി നിയമിതനായതാണ് മുൻ ദേശീയ താരം കൂടിയായ ലയണൽ സ്കലോനി. 2017 മുതൽ ടീമിെൻറ അസിസ്റ്റൻറ് കോച്ചായിരുന്നു അദ്ദേഹം. 2006 ലോകകപ്പിലെ ദേശീയ ടീമിൽ അംഗമായിരുന്ന അദ്ദേഹത്തിന് ആ ടൂർണമൻറിലെ തെൻറ ടീമിെൻറ തോൽവിയുടെ കാരണം ആരേക്കാളും നന്നായി അറിയാവുന്നതാണ്. അതുതന്നെയാവാം കളിശൈലിയിലെ ഒരു പറിച്ചുനടലിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
34 മത്സരങ്ങളിലാണ് അദ്ദേഹം ഇതുവരെ ടീമിനെ പരിശീലിപ്പിച്ചത്. അതിൽ ഇത്തവണത്തെ കോപ്പ ഫൈനലും കഴിഞ്ഞ തവണത്തെ ലൂസേഴ്സ് ഫൈനലും ഉൾപ്പെടെ 20 വിജയങ്ങളുണ്ട്. 10 മത്സരങ്ങളിൽ സമനിലയായപ്പോൾ നാല് മത്സരങ്ങളിൽ മാത്രമാണ് തോൽവി അറിഞ്ഞത്. അവസാനമായി തോറ്റത് 2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനെതിരെ ആയിരുന്നു. അവിടന്നിങ്ങോട്ട് 20 മത്സരങ്ങളിൽ തുടർച്ചയായി തോൽവി അറിയാതെ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നു.
പുതിയ യുവ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതായിരുന്നു ആദ്യം അദ്ദേഹം സ്വീകരിച്ച നടപടി. അർജൻറീനയിലെ ആഭ്യന്തര ലീഗുകളിൽ നിന്നാണ് കൂടുതൽ പേരെയും അദ്ദേഹം കണ്ടെത്തിയത്. അർജൻറീനൻ കുപ്പായത്തിൽ അരങ്ങേറാൻ അവസരം ലഭിച്ച അവരിൽ പലരും യൂറോപ്യൻ ലീഗുകളിലേക്ക് ചേക്കേറി തങ്ങളുടെ വ്യക്തിഗത മികവും വേഗവും വർധിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.
2019 ലെ ലോകകപ്പിൽ കളിച്ച ഭൂരിഭാഗം സീനിയർ താരങ്ങളെയും മാറ്റി നിർത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിെൻറ ഇൗ നീക്കം. തുടക്കത്തിൽ ആരാധകരിൽ ചെറിയ ആശയക്കുഴപ്പം തീർത്തുവെങ്കിലും വിജയക്കുതിപ്പ്് അതിനെല്ലാം മറുപടി പറഞ്ഞു. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ആ തന്ത്രങ്ങൾ പൂർണ വിജയത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും അതിന് ശേഷമുള്ള രണ്ട് വർഷം ടീമിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
യുവതാരങ്ങളിൽ തന്നെ ലൂക്കാസ് ഒകംപസ്, പൗലോ ഡിബാല, ജ്വാൻ ഫോയ്ത്ത് തുടങ്ങിയ പ്രധാനികളെ പുറത്തിരുത്തിയാണ് തെൻറ കോപ്പ സക്വാഡ് സ്കലോനി നിശ്ചയിച്ചത്. ആരാധകരിൽ മുറുമുറപ്പുണ്ടാക്കിയെങ്കിലും തെൻറ 28 അംഗ സക്വാഡിൽ അദ്ദേഹം വിശ്വാസം ഉറപ്പിച്ചു. സ്ക്വാഡിലെ മിക്കവാറും കളിക്കാർക്കും പ്രാഥമിക ഘട്ടത്തിൽ തന്നെ അവസരം നൽകി. ഒരോ മത്സരത്തിനും അനുസരിച്ച് 'ആദ്യ പതിനൊന്നിനെ' മാറ്റി മാറ്റി അദ്ദേഹം നിശ്ചയിച്ചു. എയ്ഞ്ചൽ ഡി മരിയയെ പോലുള്ള സൂപ്പർ താരത്തെ സന്ദർഭോചിതം ഉപയോഗിച്ചു.
അതെല്ലാം 100 ശതമാനം വിജയവുമായി. ഇക്വഡോറിനെതിരായ ക്വാർട്ടർ മത്സരത്തിൽ ഡി മരിയയുടെ രണ്ടാം പകുതിയിലുള്ള വരവ് കളിയിലുണ്ടാക്കിയ മാറ്റം കണ്ടതാണ്. സെമിയിൽ കൊളംബിയക്കെതിരെയും ഡി മരിയയെ അതേ പാറ്റേണിൽ ഉപയോഗിച്ചു. എന്നാൽ, ഫൈനലിൽ ഏവരെയും അമ്പരപ്പിച്ച് ഡി മരിയയെ ആദ്യ ഇലവനിൽ പരീക്ഷിച്ചു. 21ാം മിനുറ്റിൽ സൂപ്പർ ഗോളിലൂടെ ഡി മരിയ കോച്ചിെൻറ ആ തീരുമാനം ശരിവെച്ചു.
പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നതിൽ സ്കലോനിയുടെ മിടുക്ക് എടുത്തുപറയേണ്ടതാണ്. ക്രിസ്റ്റ്യൻ റൊമേരോ, നാവൽ മൊളീന, ജെർമൻ പെസല്ല, മാർക്കസ് അക്യൂന, ഗോൺസാലോ മോൺഡിയൽ എന്നിവരെ സാഹചര്യത്തിനനുസരിച്ച് മാറി മാറി ഉപയോഗിച്ചു. എതിരാളികൾക്ക് അനുസൃതമായ പ്രതിരോധ നിരയെ ആണ് സ്കലോനി ഒരോ മത്സരത്തിനുമയച്ചത്. നിക്കോളാസ് ഒട്ടമൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരുടെ പരിചയ സമ്പത്തും കൃത്യമായി ഉപയോഗപ്പെടുത്തി. ഫൈനലിൽ ഡിഫൻസിൽ ഒടമൻഡിയും മോൺഡിയലും നിർണായക സാന്നിധ്യങ്ങളായി മാറിയത് ഉദാഹരണം.
ടൂർണമൻറിലെ മികച്ച താരമായും ടോപ്സ്കോററായും തിരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസ്സി ആയിരുന്നു. നാല് ഗോളുകളും നാല് അസിസ്റ്റും നേടിയ മെസ്സി നാല് മാൻ ഒാഫ് ദി മാച്ച് പുരസ്കാരങ്ങളും സ്വന്തമാക്കി. അർജൻറീന ടൂർണമെൻറിൽ നേടിയ 12ൽ ഒമ്പത് ഗോളുകളിലും മെസ്സിക്ക് നേരിട്ട് പങ്കാളിത്തം ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ അർജൻറീനയുടെ കോപ്പ വിജയത്തിൽ കോച്ചിനോളം വലിയ പങ്ക് മെസ്സിക്കുമുണ്ട്.
മെസ്സിയെ പൂർണമായും ആശ്രയിച്ചുള്ള കളി ശൈലി ടീം ഉപേക്ഷിച്ചതും മറ്റൊരു പ്രധാന കാര്യമാണ്. മെസ്സിയില്ലാതെയും ടീം സ്കലോനിക്ക് കീഴിൽ നിരവധി തവണ വിജയിച്ചു. കരുത്തരായ ജർമനിക്കെതിരെ അവരുടെ തട്ടകത്തിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് സമനില നേടിയെടുത്തു. മെസ്സിയുടെ സമ്മർദം കുറച്ചുകൊണ്ടുള്ള ടീം ഫോർമേഷൻ ആണ് കോപ്പയിൽ ഉടനീളം സ്കലോനി പുറത്തെടുത്തത്. അതിെൻറ ഗുണഭോക്താവും മെസ്സി തന്നെ ആയിരുന്നു.
മെസ്സിയെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു ഇൗ ടൂർണമൻറ്. രാജ്യത്തിനായി നേരത്തെ കളിച്ച നാല് ഫൈനലുകളിലും കരഞ്ഞുകൊണ്ടായിരുന്നു അയാളുടെ മടക്കം. കപ്പില്ലെങ്കിലും മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമായി തുടരുമെങ്കിലും വിമർശകർ അയാൾക്ക് നേരെ നിരന്തരം പരിഹാസ ശരങ്ങൾ എറിഞ്ഞു. കളിയെ സ്നേഹിക്കുന്നവരിൽ, വർഷം മുഴുവൻ ആ ഇടങ്കാൽ മാന്ത്രികം ആസ്വദിക്കുന്നവരിൽ ഇൗ കപ്പ് പ്രത്യേകിച്ച് ഒരു പുതിയ സന്തോഷവും ഉണ്ടാക്കിയെന്ന് വരില്ലെങ്കിലും കപ്പില്ലാതെ അയാളിലെ ഇതിഹാസം പൂർണമാവില്ലെന്ന് ഫുട്ബാൾ പണ്ഡിറ്റുകളിൽ പലരും വിധിയെഴുതി. ഒടുവിൽ തങ്ങളുടെ പാരമ്പര്യ വൈരികളുടെ കളിമുറ്റത്ത് വെച്ച്, അവരെ തന്നെ കീഴടക്കി അയാൾ എല്ലാവരോടുമുള്ള കണക്ക് തീർത്തു.
ടൂർണമൻറ് വിജയത്തോടെ ഇൗ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരവും ബാലൻ ഡി ഒാറും മെസ്സിയെ തന്നെ തേടിയെത്തുമെന്നാണ് കരുതുന്നത്. ബാലൻ ഡി ഒാർ പവർ റാങ്കിങിൽ മെസ്സി തന്നെയാണ് ഇപ്പോൾ മുന്നിൽ.
ഇൗ ടൂർണമൻറിലൂടെ അർജൻറീനനൻ സ്ക്വാഡിെൻറ അവിഭാജ്യ ഘടകങ്ങളായി മാറിയ താരങ്ങളാണ് ഫുൾബാക്കായ ക്രിസ്റ്റ്യൻ റെമേരോയും ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസും. ഒന്നാം ഗോൾ കീപ്പർ ഫ്രാേങ്കാ അർമാനിക്ക് കോവിഡ് പോസിറ്റീവ് ആയതിനാലാണ് മാർട്ടിനസിന് ടീമിൽ ഇടം കിട്ടിയത്. കിട്ടിയ അവസരം സമർഥമായി ഉപയോഗിച്ച മാർട്ടിനസ് ബാറിന് മുന്നിൽ ഇനി മറ്റൊരാളെ പരീക്ഷിക്കേണ്ടതില്ലെന്ന് ടീം മാനേജ്െമൻറിനെ ബോധ്യപ്പെടുത്തി.
സെമി ഫൈനലിൽ ഏതാണ്ട് ഒറ്റക്ക് പൊരുതിയാണ് മാർട്ടിനസ് ടീമിനെ കലാശപ്പോരിനെത്തിച്ചത്. കൊളംബിയയുടെ മൂന്ന് പെനാൽറ്റി ഷോട്ടുകളാണ് അയാൾ തടഞ്ഞിട്ടത്. ഫൈനലിൽ ബ്രസീൽ നിരയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ മനോഹരമായി അദ്ദേഹം തടഞ്ഞിട്ടു. ടൂർണമൻറിലെ മികച്ച ഗോൾ കീപ്പറുമായി. ആസ്റ്റൺ വില്ലക്കായി പോയ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു എമി മാർട്ടിനസ്.
സീരി എയിലെ ഇത്തവണത്തെ മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അറ്റ്ലാൻറയുടെ ക്രിസ്റ്റ്യൻ റെമോരോ. പരിക്ക് മൂലം കോപ്പയിൽ മൂന്ന് മത്സരങ്ങളിലേ ഇറങ്ങാൻ സാധിച്ചുള്ളൂ എങ്കിലും മൂന്നിലും മികവുറ്റ പ്രകടനം കാഴ്ച്ചവെക്കാനായി. ഫൈനലിൽ റെമേരോയുടെ സാന്നിധ്യം ടീമിന് ചില്ലറ ആശ്വാസമൊന്നുമല്ല നൽകിയത്. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും പ്രതിഭയാർന്ന ഒരു ഡിഫന്‍ററെയും ഗോൾകീപ്പറെയും നീലപ്പടക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇൗ ടൂർണമൻറിൽ കപ്പിനൊപ്പം അർജൻറീനക്ക് ലഭിച്ച രണ്ട് സൗഭാഗ്യങ്ങളായി ഇരുവരെയും വിശേഷിപ്പിക്കാം.
2022ലെ ഖത്തർ ലോകകപ്പിലേക്ക് ഇനി കൃത്യം 498 ദിവസങ്ങളാണുള്ളത്. അർജൻറീന കോപ്പ കിരീടമണിഞ്ഞ ഉടനെ ഫിഫ തങ്ങളുടെ ഒഫീഷ്യൽ പേജിൽ, ഇനി മെസ്സിയുെട കണ്ണുകൾ ആ കപ്പിലാണ് എന്ന് സചിത്രം കുറിക്കുകയുണ്ടായി. 2014ൽ ഇതേ മാറക്കാനയിൽ വെച്ച് നഷ്ടപ്പെട്ട വിശ്വ കിരീടം രാജ്യത്തിനായി നേടിക്കൊടുത്ത് വേണം അയാൾക്ക് നീലക്കുപ്പായം അഴിച്ച്വെക്കാൻ. അർജൻറീന വലിയ പ്രതീക്ഷയോടെയാണ് ഖത്തർ ലോകകപ്പിനായി കാത്തിരിക്കുന്നത്.
ലയണൽ സ്കലോനി തന്നെയാകും ടീമിനെ പരിശീലിപ്പിക്കുക. കോപ്പ നേടിയ സക്വാഡിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കാനുമിടയില്ല. ലോകകപ്പ് യോഗ്യത മത്സരങ്ങൾ മുന്നിലുള്ളതിനാൽ എത്രയും വേഗം ലോകകപ്പ് െബർത്ത് ഉറപ്പിക്കുന്നതിലാകും ഇനി സ്കലോനിയുടെയും സംഘത്തിെൻറയും ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.