ഭാര്യയുടെ വേർപാട് മറക്കാൻ മദ്യത്തെയാണ് ആശ്രയിച്ചത്. കള്ളുഷാപ്പിൽ നിന്നുള്ള തുഛമായ വരുമാനം പൗലോസിന് രണ്ട് ആൺമക്കളെ വളർത്താൻ തികഞ്ഞില്ല. അപ്പോഴാണ് എൽദോസിന്റെ മുത്തശ്ശിയായ മറിയുമ്മ പേരക്കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറായി വരുന്നത്. ഇപ്പോൾ 89 വയസാണ് അവർക്ക്. എൽദോസിനെ പൊന്നുപോലെ വളർത്തിയ അവർ അമ്മയുടെ വേർപാടുണ്ടാക്കിയ വേദനയുടെ വിടവ് ഒരു പരിധി വരെ നികത്തുകയും ചെയ്തു. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണമെഡൽ നേടിയതോടെ മാധ്യമങ്ങൾ അഭിമുഖത്തിനായി ഈ മുത്തശ്ശിയുടെ പിറകെയാണ്. കേൾവി ശക്തി കുറഞ്ഞതിനാൽ അൽപം ഉറക്കെ കാര്യങ്ങൾ ചോദിക്കണം എന്ന ഒരു അഭ്യർഥന മാത്രമേ അവർക്കുള്ളൂ.
എറണാകുളം ജില്ലയിലെ കോലഞ്ചേരിയാണ് എൽദോസ് പോളിന്റെ നാട്. മറ്റ് വീടുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എൽദോസ് പോളിന്റെ വീട്. ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ ടെലിവിഷനോ ഫ്രിഡ്ജോ എ.സിയോ വാഷിങ്മെഷീനോ ഒന്നുമല്ല. എല്ലാത്തിനും അപവാദമായി പഴയ ഒരു റേഡിയോ മുറിയിലുണ്ട്.
ഇന്ന് ആ ഗ്രാമത്തിന്റെ അഭിമാനമാണ് എൽദോസ്.ബസ് സ്റ്റോപ്പിൽ എൽദോസിന്റെ വലിയ ഒരു ബാനൽ ഉണ്ട്. ആളുകൾ ഓൺലൈനിൽ എന്തെങ്കിലും ഓർഡർ ചെയ്യുമ്പോൾ എൽദോസിന്റെ വീടിനടുത്ത് എന്നാണ് വിലാസത്തിൽ കൊടുക്കുന്നത്-ചിരിയോടെ അമ്മാവൻ ബാബു പറഞ്ഞു. നിങ്ങൾക്ക് അവനെ കുറിച്ച് അറിയേണ്ടതെല്ലാം എന്നോട് ചോദിക്കൂ...ഞാനവന്റെ അച്ഛനും അമ്മയും രക്ഷാകർത്താവും എല്ലാമാണ്. മറിയാമ്മ തുടരുന്നു. എന്നാൽ എൽദോസിന്റെ വിജയത്തിന്റെ ഒരു ക്രെഡിറ്റ് പോലും ഏറ്റെടുക്കാൻ ഈ കുടുംബം ആഗ്രഹിക്കുന്നില്ല. മുത്തശ്ശിയാണ് എൽദോസിനെ വളർത്തിയതെന്ന് കൊച്ചുതോട്ടത്തിൽ പൗലോസും സാക്ഷ്യപ്പെടുത്തി. സ്കൂൾ പഠനകാലത്ത് രക്ഷാകർതൃമീറ്റിങ്ങുകൾക്കെല്ലാം പോയിരുന്നത് മറിയാമ്മയായിരുന്നു. അവന് സ്വന്തം പോകാൻ കഴിയുന്നത് വരെ സ്കൂളിൽ കൊണ്ടുചെന്നു വിട്ടു.
''വളരെ ചെറുപ്പത്തിലാണ് അമ്മ ഞങ്ങളെ വിട്ടുപോയത്. അതിനാൽ എനിക്കമ്മയെ കുറിച്ചുള്ള ഓർമകൾ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം മുത്തശ്ശിയാണ് എന്റെ അമ്മ. അമ്മയില്ലാത്തതിന്റെ ദുഃഖം ഒരിക്കലും ഞാൻ അറിഞ്ഞിട്ടില്ല. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് മുത്തശ്ശിയുടെ സ്നേഹവും ത്യാഗവും കൊണ്ടാണ്''-എൽദോസ് പറയുന്നു.
വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത കുട്ടിക്കാലമായിരുന്നു എൽദോസിന്റെത്. എന്നാൽ അവൻ വിശന്നിരിക്കാൻ പാടില്ലെന്ന് മുത്തശ്ശിക്ക് ഉറപ്പുണ്ടായിരുന്നു. അയർലൻഡിൽ നഴ്സായിരുന്ന മറിയാമ്മയുടെ മകൾ എൽദോസിന്റെ സ്പോർട് ആവശ്യങ്ങൾ നിറവേറ്റാനും വീട്ടാവശ്യങ്ങൾക്കുള്ളതുമായ പണം മുടങ്ങാതെ അയച്ചു.
പേരക്കുട്ടിയുടെ സ്പോർട്സിനെ കുറിച്ച് മറിയാമ്മക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. ട്രിപ്പിൾ ജംപ് എന്ന കായിക ഇനത്തെ കുറിച്ച് അവർ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എൽദോസ് അതിന്റെ ഭാഗമായപ്പോഴാണ് അതെന്താണെന്ന് അറിയുന്നതു തന്നെ. സ്കൂൾ പഠനത്തിനു ശേഷം എൽദോസ് സ്പോർടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോൾ പേരക്കുട്ടി പഠനത്തിൽ ശ്രദ്ധിക്കാത്തതിൽ മറിയാമ്മ വിഷമിച്ചു. എന്നാൽ എല്ലാ പരീക്ഷകളും പാസാകുമെന്നും പഠനം ഉപേക്ഷിക്കില്ലെന്നും എൽദോസ് മുത്തശ്ശിക്ക് വാക്ക്കൊടുത്തു.
ജൂലൈയിൽ യു.എസിലെ ഒറിഗോണിൽ നടന്ന ലോകചാമ്പ്യൻഷിപ്പിനിടെയാണ് മറിയാമ്മ തന്റെ പേരക്കുട്ടിയെ ആദ്യമായി ടെലിവിഷനിൽ കാണുന്നത്. മത്സരത്തിൽ എൽദോസ് തോറ്റു. മുത്തശ്ശിയെ വിളിച്ച് ഈ തോൽവിയിൽ നിരാശപ്പെടരുതെന്ന് പറഞ്ഞു. ഇൗ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതു തന്നെ വലിയ നേട്ടമാണ്. അടുത്ത തവണ കൂടുതൽ നന്നായി ശ്രമിക്കുമെന്നും എൽദോസ് പറഞ്ഞുവെന്നും മുത്തശ്ശി ഓർത്തെടുത്തു.
ക്ഷമയാണ് എൽദോസിനെ മുത്തശ്ശി പഠിപ്പിച്ച ഏറ്റവും വലിയ പാഠം. അത് സ്പോർട്സിൽ വലിയ മുതൽക്കൂട്ടായി. മാത്രമല്ല, പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും കഠിനാധ്വാനം ചെയ്യാനും മുത്തശ്ശിയിൽ നിന്നാണ് ഞാൻ മനസിലാക്കിയത്-പൗലോസ് തുറന്നുപറഞ്ഞു.
സ്കൂളിൽ പഠിക്കുമ്പോൾ ഗണിത ശാസ്ത്രമായിരുന്നു മറിയാമ്മയുടെ ഇഷ്ടവിഷയം. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പഠിക്കാൻ അവരെ അനുവദിച്ചില്ല. പഠനം നിർത്തി വയലിൽ പണിക്കുപോയി. എൽദോസിന്റെ അമ്മ മരിച്ചപ്പോൾ പ്രാർഥനയാണ് തനിക്കു കരുത്തു പകർന്നതെന്നും ഈ സൂപ്പർ മുത്തശ്ശി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.