പുണെ: 'പഞ്ഞിക്കിടുക എന്നുവെച്ചാലെന്താണെന്ന് സാംസിനറിയുമോ...?' എന്ന് മൈക്കിളപ്പനെപ്പോലെ പാറ്റ് കമ്മിൻസ് ചോദിച്ചിട്ടില്ലെന്നേയുള്ളു. പക്ഷേ, ഐ.പി.എല്ലിൽ അതെന്താണെന്ന് ഡാനിയൽ റിച്ചാർഡ് സാംസിന് ഇപ്പോൾ ബോധ്യമായിട്ടുണ്ട്. അമ്മാതിരിയൊരു തല്ലിക്കൂട്ടലായിരുന്നല്ലോ പാറ്റ് കമ്മിൻസിൽനിന്ന് സാംസിന് കിട്ടിയത്.
എന്നിട്ടും പാറ്റ് കമ്മിൻസിനുപോലും ഇനിയും വിശ്വസിക്കാനായിട്ടില്ല താൻ അടിച്ചുപരത്തിയ മുംബൈ ഇന്ത്യൻസ് ബൗളർമാരുടെ പന്തുകൾ എങ്ങനെ ബൗണ്ടറിക്കപ്പുറത്തേക്ക് പറപറന്നുവെന്ന്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 41 ടെസ്റ്റും 58 ഏകദിനവും 39 ട്വന്റി20യും കളിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ഇന്നിങ്സ് ആദ്യം. ടെസ്റ്റിൽ അടിച്ച 63 റൺസാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന അന്താരാഷ്ട്ര വ്യക്തിഗത സ്കോർ. ഏകദിനത്തിൽ 36ഉം ട്വൻറി20യിൽ 13ഉം.
പക്ഷേ, ബുധനാഴ്ച പുണെ എം.സി.എ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കമ്മിൻസിന്റെ ബാറ്റിൽനിന്ന് പറന്നതെല്ലാം അതിശയങ്ങളായിരുന്നു. ആറ് സിക്സർ. നാല് ബൗണ്ടറി. ഐ.പി.എല്ലിലെ അതിവേഗ അർധ സെഞ്ച്വറിയുടെ റെക്കോഡ്.
ബാറ്റർ എന്നതിനെക്കാൾ ബൗളർ എന്നതാണ് ഓസീസിന്റെ കുന്തമുനയായ ഈ 28കാരന്റെ മേൽവിലാസം. പക്ഷേ, ആദ്യം ബാറ്റ് ചെയ്ത മുംബൈ കമ്മിൻസിനെ ശരിക്കും പഞ്ഞിക്കിട്ടു. നാലോവറിൽ 49 റൺസാണ് ഫാഫ് ഡുപ്ലസിയുടെ സംഘം അടിച്ചുതകർത്തത്. അതിന്റെ പകയുണ്ടായിരുന്നു കമ്മിൻസിന്റെ ബാറ്റിന്.
162 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുകുലുക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി 13.2ാമത്തെ ഓവറിൽ കമ്മിൻസ് ക്രീസിൽ എത്തുമ്പോൾ ജയിക്കാൻ വേണ്ടത് 41 പന്തിൽ 61 റൺസ്. 15ാമത്തെ ഓവർ അവസാനിക്കുമ്പോൾ ലക്ഷ്യം 30 പന്തിൽ 35 റൺസ്. ഡാനിയൽ സാംസ് എന്ന സ്വന്തം നാട്ടുകാരൻ എറിഞ്ഞ 16ാമത്തെ ഓവർ കഴിയുമ്പോൾ കൊൽക്കത്ത കളി ജയിച്ചു.
സാംസ് എറിഞ്ഞ 16ാമത്തെ ഓവറിൽനിന്ന് കമ്മിൻസ് അടിച്ചുകൂട്ടിയത് 35 റൺസ്. പിന്നെയും 24 പന്ത് ബാക്കി. വെറും 14 പന്തിൽനിന്ന് 50 റൺസ്. പുറത്താകാതെ 15 പന്തിൽ 56 റൺസ്. ലോകേഷ് രാഹുലിന്റെ അതിവേഗ അർധ സെഞ്ച്വറിക്കൊപ്പം. താനടിച്ച പന്തുകൾ ബൗണ്ടറിക്കു മുകളിലൂടെ പറപറന്നതിൽ ഒട്ടും വിശ്വാസം വരാത്തത് തനിക്കുതന്നെയാണെന്നാണ് പാറ്റ് കമ്മിൻസിന്റെ സ്വയം വിലയിരുത്തൽ.
എന്തായാലും, കമ്മിൻസിൽ ഒളിച്ചിരുന്ന അക്രമകാരി കൂടുപൊളിച്ചു പുറത്തുവന്നിരിക്കെ ഐ.പി.എല്ലിൽ ഇനി എന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയിലാണ് കൊൽക്കത്തയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.