ഓരോ കായികപ്രേമിയുടെയും മനസ്സിലേക്ക് അളന്നുമുറിച്ച മനോഹരമായ പാസുമായി ഡീഗോ മറഡോണ ഡ്രിബ്ൾ ചെയ്തു കയറിയപ്പോൾ മലപ്പുറത്തെ വീടുകളിലും കവലകളിലുംവരെ അയാൾ നിറഞ്ഞു, ചിത്രമായും കട്ടൗട്ടായും. അവിടുന്നിങ്ങോട്ട് ഡീഗോയുടെ കാലിലെ പന്തുപോലെ മലപ്പുറവും അയാളും ഒന്നുതന്നെയായി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കുേമ്പാൾ നെഞ്ചുരുകി ഈ നാടുമുണ്ടായിരുന്നു. ഒടുവിൽ ഓരോ കാൽപന്തുപ്രേമിക്കും നിരാശയുടെ കറുത്തദിനം പകർന്ന്, ഡീഗോ തിരിച്ചു നടന്നു....
മലപ്പുറം: കാൽപന്തുകളിയുടെ ഇതിഹാസ താരങ്ങളിെലാന്നായ മറഡോണ വിടവാങ്ങിയ വിവരം ബുധനാഴ്ച രാത്രി 10ഓടെയാണ് സമൂഹ മാധ്യമങ്ങളിൽ വരാൻ തുടങ്ങിയത്. നിമിഷങ്ങൾക്കുള്ളിൽ എല്ലാ വാട്സ്ആപ് ഗ്രൂപ്പുകളിലും വിയോഗ വാർത്തയെത്തി. മറേഡാണയെ നെഞ്ചോട് ചേർത്തുവെച്ച ആയിരക്കണക്കിന് ആരാധകരെ അത് െഞട്ടിച്ചു. പലരും വാർത്ത ശരിയാവരുതെന്ന് പ്രാർഥിച്ചു. അവരുടെ മനസ്സിൽ അത്രമേൽ ഇടം പിടിച്ചിരുന്നു അയാൾ. ബുധനാഴ്ച രാത്രി തന്നെ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് തെരുവുകളിൽ ഫ്ലക്സ് ബോർഡുകൾ പൊങ്ങി. വ്യാഴാഴ്ച ക്ലബുകളും ആരാധകരും അനുസ്മരണ പരിപാടികളൊരുക്കി.
മറ്റു ടീമുകളുടെ ആരാധകരും അതിൽ പങ്കെടുത്തു. മറഡോണ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. അങ്ങ് ദൂരെ ലാറ്റിനമേരിക്കയിൽ കിടക്കുന്ന രാജ്യത്തിന് മലപ്പുറത്തിെൻറ മുക്കിലും മൂലയിലും ഇത്രയധികം ആരാധകരുണ്ടായതിന് പിന്നിലെ അദ്ഭുതം ഈ മാന്ത്രികനാണ്. ടി.വി വ്യാപകമല്ലാത്ത കാലത്ത് ലഭ്യമായ സ്ഥലങ്ങളിൽ കൂട്ടംകൂടിയിരുന്ന് 1986ലെ ലോകകപ്പ് ഫുട്ബാൾ മത്സരം കണ്ടവരിൽ ഒരാളും മറക്കാത്ത പ്രതിഭാസം. നീളമേറിയ ആൻറിനക്ക് താഴെ കൊച്ചു ചതുരത്തിൽ തെളിഞ്ഞ മൈതാനപ്പച്ചയിൽ എതിരാളികളെ അസാമാന്യ പാടവത്തോടെ കബളിപ്പിച്ച് ഗോളടിച്ചുകൂട്ടിയ കുറിയ രൂപം. അർജൻറീനയെന്ന രാജ്യം മലപ്പുറത്തെ കളിക്കമ്പക്കാരുടെ ഇടനെഞ്ചിൽ തറച്ചത് അന്നു മുതലാണ്.
ആ അദ്ഭുത കളി കാണാത്ത തലമുറയിലുള്ളവർക്കുപോലും വല്ലാത്തൊരു മുഹബ്ബത്തായിരുന്നു ഈ മനുഷ്യനോട്. കണ്ണൂരിൽ ഫുട്ബാൾ 'ദൈവം' അവതരിച്ചപ്പോൾ ഇരച്ചെത്തിയവരിൽ നല്ലൊരു പങ്ക് മലപ്പുറത്തെ കളിയാരാധകരായിരുന്നു. അർജൻറീന ടീമിന് വേണ്ടി ബൂട്ടണിഞ്ഞ ഒർട്ടേക, ബാറ്റിസ്റ്റ്യൂട്ട, റിക്വൽമ, ടെവസ്, റോഡ്രിഗസ്, ഡി മരിയ, മെസി തുടങ്ങിയവരെല്ലാം മലപ്പുറത്തെ ഓരോ ഫുട്ബാൾ ആരാധകെൻറയും മണ്ണിലും മനസ്സിലും ഇടം പിടിച്ചതിന് പിന്നിലും മറഡോണയുണ്ട്. 10ാം നമ്പർ ജഴ്സിയോടുള്ള പിരിശത്തിനും മറ്റൊരു കാരണമില്ല. മലപ്പുറത്തിെൻറ സെവൻസ് മൈതാനങ്ങളിൽ സൂപ്പർ സ്റ്റുഡിയോയും കെ.എഫ്.സി കാളികാവും ഫിഫ മഞ്ചേരിയും ടൗൺ ടീം അരീക്കോടും എ.വൈ.സി ഉച്ചാരക്കടവുമൊക്കെ പടക്കിറങ്ങുേമ്പാഴും വരയൻ ജഴ്സിയണിഞ്ഞ് മെസിയും ഡി മരിയയുമൊക്കെ ഗാലറിയിലുണ്ടാവുന്നതും അതുകൊണ്ടാണ്.
ഒരു കളിക്കാരന് സ്വന്തം മികവും കഴിവുംകൊണ്ട് രാജ്യത്തിന് ലോകകപ്പ് പോലെയുള്ള ടൂർണമെൻറുകളില്‍ ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കുന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. ഫുട്ബാൾ രാജാവ് പെലെ ഇത്തരം നിരവധി മുഹൂര്‍ത്തങ്ങള്‍ ബ്രസീലിന് സമ്മാനിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങള്‍ അത്ര പ്രചാരത്തില്‍ ഇല്ലാത്തതിനാൽ തത്സമയ സംപ്രേഷണം കാണാന്‍ അവസരമുണ്ടായില്ല.
1982ലെ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചെങ്കിലും '86ലാണ് മറഡോണ എന്ന ഇതിഹാസ താരത്തിെൻറ കഴിവുകൾ കേരളീയര്‍ ഉൾപ്പെടെ ഫുട്ബാൾ പ്രേമികൾക്ക് ദൃശ്യമാധ്യമങ്ങളിലൂടെ ആസ്വദിക്കാന്‍ അവസരം ലഭിച്ചത്. ഒരുപക്ഷേ, ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വിവാദമായ 'ദൈവത്തിെൻറ കൈ' എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ഗോൾ നേടുകയും ചെയ്തു.
വിവാദം ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ തന്നെ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഗോൾ 60 മീറ്റര്‍ അകലെനിന്ന് കുതിച്ച് അഞ്ചോ ആറോ എതിരാളികളെ കബളിപ്പിച്ച് ഇംഗ്ലണ്ടിെൻറ വലയിലിട്ട മുഹൂര്‍ത്തവും മനസ്സില്‍ എന്നും പതിഞ്ഞു നില്ക്കും. മണ്മറഞ്ഞാലും ലോക ഫുട്ബാൾ രംഗത്ത് എന്നും അസ്തമിക്കാത്ത സൂര്യതിളക്കമായി മറഡോണ നിലനിൽക്കും.
ലോക ഫുട്ബാളിലെ പകരക്കാരില്ലാത്ത ഇതിഹാസം മറഡോണ വിടവാങ്ങിയ വാർത്ത കേട്ടപ്പോൾ സത്യമാവരുതേ എന്നാണ് ആഗ്രഹിച്ചത്. പക്ഷേ, മറഡോണയില്ലാത്ത ലോകത്താണ് ഇപ്പോൾ നമ്മളെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടേ മതിയാവൂ.
നീലക്കുപ്പായത്തിൽ അർജൻറീനയുടെ മാത്രമല്ല, ലോക ഫുട്ബാളിലെ തന്നെ രാജാവായി വാണ ഇതിഹാസമാണ് അദ്ദേഹം. ഡീഗോ കളിക്കുന്നത് നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിെൻറ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഒരു ഫുട്ബാൾ താരമെന്ന നിലയിൽ മഹാഭാഗ്യമാണ്. ഇതുപോലൊരാൾ ഇനി ഉണ്ടാവില്ലെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.