പോര്‍ച്ചുഗലിലും ഇംഗ്ലണ്ടിലും സ്‌പെയ്‌നിലും ഇറ്റലിയിലും പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിക്കുകയും ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത പരിശീലകനാണ് പോര്‍ച്ചുഗീസുകാരനായ ഹോസെ മൗറീന്യോ. എഫ്.സി പോര്‍ട്ടോയെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കിയതാണ് മൗറീന്യോയുടെ കരിയറിലെ വലിയ വഴിത്തിരിവ്. ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായപ്പോഴും ഇന്റര്‍മിലാന്‍ യൂറോപ്പ് കീഴടക്കിയപ്പോഴും സ്‌പെയ്‌നില്‍ പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സ യുഗം അവസാനിപ്പിച്ചതും മൗറീന്യോയുടെ പരിശീലകനിലെ കീര്‍ത്തി വര്‍ധിപ്പിച്ചു.
എന്നാലിതാ, മൗറീന്യോ ആരാധകര്‍ക്ക് പിതൃതുല്യനും കുടുംബത്തിലെ കാരണവരുമൊക്കെയാകുന്ന പുതിയ കാഴ്ച. എ എസ് റോമയുടെ ആരാധകരായ ഇണകള്‍ കഴിഞ്ഞ ദിവസം ടീമിന്റെ പരിശീലന സ്ഥലത്തെത്തി, ലക്ഷ്യം മൗറീന്യോയുടെ ആശീര്‍വാദമായിരുന്നു. ആദ്യം കോച്ചിനും സഹപ്രവര്‍ത്തകര്‍ക്കും കാര്യം പിടി കിട്ടിയില്ല. മൗറീന്യോയുടെ സാക്ഷ്യത്തില്‍ ആരാധകന്‍ തന്റെ കാമുകിയെ വിവാഹാഭ്യര്‍ഥന നടത്തിയതോടെ കണ്ടു നിന്നവരുടെ മുഖത്ത് അതിശയവും ആഹ്ളാദവും. മൗറീന്യോയും ടീം അംഗങ്ങളും റോമ ക്ലബ്ബ് ആരാധകരുടെ ഭാവിജീവിതത്തിന് ആശംസകള്‍ നേര്‍ന്നു.
ഒരു ക്ലബ്ബിന്റെ ഭാഗമാകുമ്പോള്‍ പലതരം അനുഭവങ്ങളുണ്ടാകും. എന്നാല്‍, ഇതുപോലൊരു അനുഭവം ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് സീസണ്‍ കൊണ്ട് ഇന്റര്‍മിലാന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത മൗറീന്യോക്ക് ഇറ്റലിയില്‍ വലിയ ആരാധകവൃന്ദമുണ്ട്. എ എസ് റോമ പ്രതാപ കാലത്തേക്ക് തിരിച്ചുവരികയാണ്. യൂറോപ കോണ്‍ഫറന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് റോമ നേടിയത് അദ്ദേഹത്തിന്റെ തന്ത്രങ്ങളിലാണ്.
അര്‍ജന്റീന സ്‌ട്രൈക്കര്‍ പോളോ ഡിബാല മൂന്ന് വര്‍ഷ കരാറില്‍ റോമയില്‍ ചേര്‍ന്നത് ക്ലബ്ബ് ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. മൗറീന്യോ ക്ഷണിച്ചാല്‍ വരാതിരിക്കാനാകില്ല. അദ്ദേഹം ഒന്നും കാണാതെ തന്നെ റോമയിലേക്ക് ക്ഷണിക്കില്ല. കിരീട വിജയങ്ങളില്‍ പങ്കാളിയാകാന്‍ താന്‍ തയ്യാറെടുക്കുകയാണെന്ന് ഡിബാല പറഞ്ഞതും ആരാധകരെ ആഹ്ലാദത്തിലാഴ്ത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.