നോവാക് ദ്യോകോവിച്ച്, റോജർ ഫെഡറർ എന്നിവരേക്കാൾ ഒരു ഗ്രാൻഡ്സ്ലാം കിരീടം അധികം നേടുന്നതിനെ ആശ്രയിച്ചല്ല തെൻറ ഭാവിയിലെ സന്തോഷം നിലനിൽക്കുന്നതെന്ന് റാഫേൽ നദാൽ. നിലവിൽ മൂന്ന് ടെന്നീസ് ഇതിഹാസങ്ങളും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് ഇതുവരെ നേടിയിട്ടുള്ളത്.
"നോവാക്കിനേക്കാളും റോജറിനേക്കാളും ഒരുഗ്രാൻഡ്സ്ലാം കിരീടം കൂടുതൽ ഞാൻ നേടുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും എന്റെ ഭാവി സന്തോഷം എന്ന് ഞാൻ കരുതുന്നില്ല. ഞാൻ ഇപ്പോൾ എന്താണോ ചെയ്യുന്നത് അത് തുടരും, എന്റെ കരിയർ ആസ്വദിക്കാൻ എന്നെത്തന്നെ പരമാവധി പ്രേരിപ്പിക്കും. ഒപ്പം അവിടെ നിന്ന്, എന്തായിരിക്കും സംഭവിക്കുക, ഞാൻ അതിനെ സ്വാഗതം ചെയ്യും. -റാഫ സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചരിത്രമാകാൻ പോകുന്ന 21-ാം ഗ്രാൻഡ്സ്ലാം നേട്ടം ലക്ഷ്യമിടുന്ന നദാൽ തിങ്കളാഴ്ച മാർക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി തന്റെ ആസ്‌ട്രേലിയൻ ഓപ്പൺ കാമ്പയിനും തുടക്കമിട്ടിരിക്കുകയാണ്. ദ്യോകോയും ഫെഡററുമില്ലാതെ, ആദ്യമായി നദാൽ ഒരു ഗ്രാൻറ്സ്ലാമിൽ റാക്കറ്റേന്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ആസ്‌ട്രേലിയൻ ഓപ്പണിനുണ്ട്.
ദ്യോകോവിച്ചുമായി തനിക്ക് എല്ലായ്പ്പോഴൂം നല്ല ബന്ധമുണ്ടെന്നും നദാൽ പറഞ്ഞു. എല്ലാവരുമായും നല്ല ബന്ധം നിലനിർത്തിയാൽ ജീവിതം വളരെ മികച്ചതായി മാറുമെന്നും മാർക്കോസ് ജിറോണിനെതിരായ മത്സരവിജയത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞു.
കഴിഞ്ഞയാഴ്ച മെൽബൺ സമ്മർ സെറ്റ് നേടിയതിന് ശേഷം തുടർച്ചയായ അഞ്ച് മത്സരങ്ങൾ വിജയിച്ച് മികച്ച നിലയിലാണിപ്പോൾ നദാൽ. 2022-ൽ ഇതുവരെ താരം പരാജയമറിഞ്ഞിട്ടില്ല.
അതേസമയം, ലോക ഒന്നാംനമ്പർ ടെന്നീസ് താരമായ നൊവാക് ദ്യോകോവിച്ച് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിസ റദ്ദാക്കിയ ആസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നപടി ചോദ്യം ചെയ്ത് ദ്യോകോവിച്ച് നല്‍കിയ അപ്പീല്‍ കോടതി തള്ളിയതോടെ ആസ്ട്രേലിയൻ ഓപ്പണിൽ താരത്തിന് മത്സരിക്കാനായില്ല. വിസ റദ്ദായതോടെ താരത്തെ ഉടൻ നാടുകടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മൂന്ന് വർഷത്തേക്ക് ആസ്ട്രേലിയയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.