മെൽബൺ: സിംഗിൾസ് മത്സരം ആയിരുന്നെങ്കിലും കളിക്കിടെ ജപ്പാൻ ടെന്നീസ് താരം നവോമി ഒസാകക്ക് കോർട്ടിൽ ഒരു 'പാർട്ണറെ' കിട്ടി. ഒരു ചിത്രശലഭം. ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് മത്സരത്തിനിടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള 'കെമിസ്ട്രി' സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. കളിക്കിടെ തന്‍റെ കാലിൽ വന്നിരുന്ന ചിത്രശലഭത്തെ കരുതലോടെ നവോമി കോർട്ടിന് പുറത്തെത്തിക്കുന്ന വിഡിയോ വൈറലായി. ടെന്നീസിൽ മാത്രമല്ല, സഹാനുഭൂതിയിലും താൻ നമ്പർ വൺ ആണെന്ന് തെളിയിക്കുകയായിരുന്നു നവോമി.
ടുണീഷ്യൻ താരം ഓൻസ് ജബേറുമായുള്ള മത്സരത്തിന്‍റെ മൂന്നാം റൗണ്ടിലാണ് സംഭവം. സർവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നവോമിയുടെ കാലിൽ ഒരു ചിത്രശലഭം വന്നിരുന്നു. ഏറെ കരുതലോടെ ശലഭത്തെ കൈ കൊണ്ടെടുത്ത് കോർട്ടിനു പുറത്തു കൊണ്ടുപോയി പറത്തി വിടാനായി നവോമിയുടെ ശ്രമം. എന്നാൽ അത് വീണ്ടും പറന്നുയർന്ന് നവോമിയുടെ മുഖത്ത് വന്നിരുന്നു 'പരസ്യ ചുംബനം' നൽകി.. വീണ്ടും ശലഭത്തെ വളരെ കരുതലോടെ കൈകളിലെടുത്ത് പുറത്തു കൊണ്ടുപോയി പറത്തി വിട്ട ശേഷമാണ് നവോമി കളിയിലേക്ക് തിരികെ വന്നത്. മത്സരത്തിൽ അവർ വിജയിക്കുകയും ചെയ്തു.
Even the butterflies in Australia love @naomiosaka 🦋😂#AusOpen | #AO2021 pic.twitter.com/DyJ7jLYYgh
— #AusOpen (@AustralianOpen) February 12, 2021
നിറഞ്ഞ കൈയടികളോടെയാണ് നവോമിയുടെ കരുതലിനെ കാണികൾ വരവേറ്റത്. 'ആസ്ട്രേലിയയിലെ ചിത്രശലഭങ്ങൾ പോലും നിങ്ങളെ സ്നേഹിക്കുന്നു നവോമി' എന്ന കുറിപ്പോടെ ആസ്ട്രേലിയൻ ഓപ്പണിന്‍റെ ട്വിറ്റർ പേജിൽ പങ്കുവെച്ച വിഡിയോ കായികപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.