ഭുവനേശ്വർ: റെയിൽവേ ട്രാക്കു തെറ്റിച്ച് തുടർച്ചയായ മൂന്നാം തവണയും ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് കേരള വനിതകൾ. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ റെയിൽവേയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് തകർത്താണ് കേരളത്തിെൻറ ഹാട്രിക് കിരീട നേട്ടം. സ്കോർ: 25-20, 26-24, 25-13. ആദ്യ രണ്ടു െസറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും മൂന്നാം സെറ്റിൽ എതിരാളികളെ തീർത്തും തകർത്താണ് കേരള വനിതകൾ ചാമ്പ്യന്മാരായത്.
നേരത്തേ, 2019ൽ ചെന്നൈയിലും 2020ൽ ഭുവനേശ്വറിലും കേരളം റെയിൽവേയെ അട്ടിമറിച്ച് കിരീടമണിഞ്ഞിരുന്നു. തുടർച്ചയായി പത്തു വർഷം റെയിൽവേക്കു മുന്നിൽ ഫൈനലിൽ തോറ്റ പതിവ് തിരുത്തിയായിരുന്നു ഹാട്രിക് നേട്ടത്തിലേക്ക് കോച്ച് സദാനന്ദനു കീഴിൽ കേരള വനിതകൾ കുതിച്ചത്. ക്യാപ്റ്റൻ കെ.എസ്. ജിനിയുടെ നേതൃത്വത്തിലുള്ള കേരള ടീമിെൻറ തുടർച്ചയായ ആക്രമണത്തിനു മുന്നിൽ റെയിൽവേസിനു പിടിച്ചുനിൽക്കാനായില്ല. അവസാന സെറ്റിൽ റെയിൽവേ തീർത്തും നിഷ്പ്രഭമായി. കെ.എസ്.ഇ.ബിയുടെ ഏഴും കേരള പൊലീസിെൻറ നാലും പാല അൽഫോൻസ കോളജിെൻറ താരവുമാണ് ടീമിലുണ്ടായിരുന്നത്.
തുടർച്ചയായി രണ്ടു സീസണിൽ റെയിൽവേയെ അട്ടിമറിച്ച് കിരീടമണിഞ്ഞ കേരളം ഇക്കുറി കോവിഡ് വെല്ലുവിളിയെ തോൽപിച്ച് കോച്ച് ഡോ. സദാനന്ദനു കീഴിൽ ചിട്ടയായ പരിശീലനവുമായാണ് കപ്പിലേക്ക് കുതിച്ചത്. കോവിഡ് ലോക്ഡൗണിൽ എല്ലാം നിശ്ചലമായപ്പോൾ വനിത വോളി താരങ്ങളുടെയും പരിശീലനം താളംതെറ്റി.
എന്നാൽ, വീട്ടിൽ തന്നെ പരിശീലനം തുടർന്നാണ് താരങ്ങൾ ഫിറ്റ്നസും ഫോമും നിലനിർത്തിയത്. ദേശീയ ചാമ്പ്യൻഷിപ് പ്രഖ്യാപിച്ചപ്പോൾ തൃപ്രയാറിൽ ആരംഭിച്ച സംസ്ഥാന ക്യാമ്പിലൂടെ അവർ വീണ്ടും ഒന്നിച്ച് ടീമായി മാറുകയായിരുന്നു. മഹാമാരിയെ മറികടന്ന് ഒരു ടീമായി കളത്തിലിറങ്ങി ഹാട്രിക് കിരീടം നേടിയപ്പോൾ അതിജീവനത്തിെൻറ കരുത്താണ് പെൺപടക്ക് പറയാനുള്ളത്.
കെ.ഐ.ഐ.ടി സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ, ആദ്യ റൗണ്ടിൽ ഹരിയാനയെയും ഹിമാചൽപ്രദേശിനെയും തോൽപിച്ചാണ് കേരളം ക്വാർട്ടർ ബർത്ത് ഉറപ്പാക്കിയത്. പിന്നാലെ ക്വാർട്ടറിൽ കർണാടകയെയും സെമിയിൽ ഹിമാചലിനെയും തോൽപിച്ചാണ് കലാശപ്പോരിലെത്തിയത്.
പുരുഷന്മാർ മൂന്നാമത്
പുരുഷ വിഭാഗത്തിൽ അസമിനെ കീഴടക്കി ഹരിയാന ജേതാക്കളായപ്പോൾ ലൂസേഴ്സ് ഫൈനലിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് റെയിൽവേസിനെ തോൽപിച്ച് (36-38, 25-18, 23-25, 25-21, 14-12) കേരളം മൂന്നാമതായി. സെമിയിൽ അസമിനോട് തോറ്റാണ് കേരളം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.