ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്ററാണ് വിരാട് കോഹ്‍ലി. എന്നാലിപ്പോൾ താരം തന്റെ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് വർഷമായി ഒരു സെഞ്ച്വറി പോലുമില്ലാത്ത താരത്തിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നമായിരിക്കുകയാണ്.
എന്നാൽ, കോഹ്‍ലിക്ക് പല കോണുകളിൽ നിന്നും പിന്തുണയെത്തിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇന്ത്യൻ നായകൻ രോഹിത് ശർമയും കോഹ്‍ലിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്ന പാകിസ്താൻ താരം ബാബർ അസമും താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
''ഇതും കടന്നുപോകും. ശക്തമായി തുടരുക''. ബാബർ അസം ട്വീറ്റ് ചെയ്തു. കൂടെ ഇന്ത്യ-പാക് മത്സരത്തിനിടെയുള്ള കോഹ്‍ലിയുമൊത്തുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. "നന്ദി. തിളങ്ങുകയും ഉയരത്തിലേക്ക് എത്തുകയും ചെയ്യുക. എല്ലാവിധ ആശംസകളും നേരുന്നു''. - ഇങ്ങനെയായിരുന്നു കോഹ്‍ലി ട്വീറ്റിന് മറുപടി നൽകിയത്.
മുന്‍ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ കെവിന്‍ പീറ്റേഴ്സണും കോഹ്‍ലിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ക്രിക്കറ്റില്‍ കോഹ്‍ലി ഇപ്പോൾ നേടിയത് പോലും പലര്‍ക്കും സ്വപ്നം കാണാന്‍ പോലും പറ്റാത്ത കാര്യമാണെന്ന് പീറ്റേഴ്സണ്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ''സുഹൃത്തെ, ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരുടെ കൂട്ടത്തിലാണ് നിങ്ങളുടെ കരിയറും. നിങ്ങളിപ്പോള്‍ നേടിയത് സ്വപ്നം കാണാന്‍ പോലും പറ്റാത്തവരുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ നേട്ടങ്ങളില്‍ അഭിമാനിക്കുക. തല ഉയര്‍ത്തിപ്പിടിച്ചു തന്നെ മുന്നോട്ടു നടക്കുക, ജീവിതം ആസ്വദിക്കുക. ക്രിക്കറ്റെന്ന കുമിളക്ക് പുറത്തും ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങള്‍ തിരിച്ചുവരിക തന്നെ ചെയ്യും. - കോഹ്‍ലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പീറ്റേഴ്സൺ കുറിച്ചു.
ഇതുവരെ 3.66 ലക്ഷം ഇഷ്ടങ്ങളാണ് പോസ്റ്റിന് ലഭിച്ചത്. കോഹ്‍ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ, മുൻ ഇന്ത്യൻ താരം സുരേഷ് റൈന, നടൻ സുനിൽ ഷെട്ടി, നടൻ ആയുഷ്മാൻ ഖുറാന എന്നിവർ പീറ്റേഴ്സന്റെ പോസ്റ്റിന് ലൈക്കിട്ടിട്ടുണ്ട്. ലൈക്കടിച്ചവരിൽ 21 തവണ ഗ്രാന്റ്സ്‍ലാം നേടിയ സാക്ഷാൽ നൊവാക് ദ്യോകോവിച്ചുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.