മഞ്ചേരി: 'ഗോളടിച്ചതിന്‍റെ ആവശേം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ആ ഗോളിലൂടെ ഉണ്ടായത്' -ബംഗാളിനെതിരെ കേരളത്തിന്‍റെ ആദ്യഗോൾ നേടിയ പി.എൻ. നൗഫലിന്‍റെ വാക്കുകൾ. നാട്ടുകാരുടെയും വീട്ടുകാരുടെ പിന്തുണയും പ്രാർഥനയും കാണികളുടെ ആവേശവും കൂടിയായപ്പോഴാണ് കിട്ടിയ അവസരം ഗോളാക്കി മാറ്റാൻ സാധിച്ചെന്നും നൗഫൽ പറയുന്നു.
സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനായതിന്‍റെ ആവേശത്തിലായിരുന്നു ജെസിൻ. ഗോൾ നേടിയതോടെ അത് ഇരട്ടിയായെന്ന് ജെസിൻ പറഞ്ഞു. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങി ബംഗാളിന്‍റെ പ്രതിരോധം തകർത്തത് ഇരുവരുമായിരുന്നു. കോച്ച് ബിനോ ജോർജിന്‍റെ സൂപ്പർ സബ് ആണ് ഇരുവരും. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെയും രണ്ടുപേരും പകരക്കാരായാണ് കളത്തിലെത്തിയത്.
83 മിനിറ്റ് വരെ കോട്ടപോലെ സ്വന്തം പ്രതിരോധം കാത്ത ബംഗാൾ താരങ്ങളെ നൗഫലാണ് ആദ്യം വീഴ്ത്തിയത്. വലത് വിങ്ങിലൂടെ ജെസിൻ നടത്തിയ മുന്നേറ്റമാണ് ആദ്യഗോളിലേക്ക് വഴി തുറന്നത്. ജെസിൻ നൽകിയ പന്ത് സ്വീകരിച്ച ക്യാപ്റ്റൻ ജിജോ ജോസഫ് ബോക്സിലേക്ക് നീട്ടി നൽകി. ഓടിക്കയറിയ നൗഫൽ ബംഗാൾ പ്രതിരോധ താരത്തെയും അതുവരെ തകർപ്പൻ ഫോമിലായിരുന്ന ബംഗാൾ കീപ്പറെയും മറികടന്ന് വലയിലേക്ക് തട്ടിയിട്ടപ്പോൾ ഗാലറി ആർത്തിരമ്പി. ആദ്യഗോളിന്‍റെ ആവേശം തീരും മുമ്പ് പത്ത് മിനിറ്റിനകം ജെസിനും ബംഗാളിന്‍റെ കോട്ട തകർത്തതോടെ സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ മുത്തമിട്ട ടീമിന്‍റെ കഥ കഴിഞ്ഞു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ നൗഫൽ കോസ്മോസ് ക്ലബിലൂടെയായിരുന്നു തുടങ്ങിയത്. 2014ൽ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിന് വേണ്ടി സുബ്രതോ കപ്പ് കളിച്ചു. കഴിഞ്ഞ വർഷം സംസ്ഥാന സീനിയർ കിരീടം നേടിയ കോഴിക്കോട് ടീമിൽ അംഗമായിരുന്നു. തിരുവമ്പാടി പുത്തൻ വീട്ടിൽ നൗഷാദ്-ജമീല ദമ്പതികളുടെ മകനാണ്.
സന്തോഷ് ട്രോഫിയിലേക്ക് അഞ്ച് ക്യാപ്റ്റന്മാരെയും 29 താരങ്ങളെയും സമ്മാനിച്ച പന്തുകളിയുടെ സർവകലാശാലയായ മമ്പാട് എം.ഇ.എസ് കോളജിൽനിന്നുതന്നെയാണ് ജെസിന്‍റെയും വരവ്. മൂന്നാം വർഷ ബി.എ അറബിക് വിദ്യാർഥിയാണ്. നിലമ്പൂർ സ്വദേശിയായ ജെസിൻ കേരള യുനൈറ്റഡ് എഫ്.സി താരമാണ്. ഓട്ടോ ഡ്രൈവറായ തോണിക്കര വീട്ടിൽ മുഹമ്മദ് നിസാറിന്‍റെയും സുനൈനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.