ദുബൈ: ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന് നന്ദി പറഞ്ഞ് ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. അദ്ദേഹത്തിെൻറ വിളി പ്രതീക്ഷിച്ചിരുന്നില്ലെന്നും പാരിതോഷികം ലഭിച്ചത് സർപ്രൈസായിരുന്നുവെന്നും ശ്രീജേഷ് ശബ്ദ സന്ദേശത്തിൽ പറഞ്ഞു.ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമേയുള്ളൂ. അത് പാരിതോഷികമായി നൽകുന്നുവെന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.
ചരിത്ര മെഡൽ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ക്യാഷ് പ്രൈസാണ് ഡോ. ഷംഷീർ പ്രഖ്യാപിച്ചത്. ടോക്യോയിൽനിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ശ്രീജേഷിനെ ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. ഹോക്കി ടീമിെൻറ അഭിമാനവിജയത്തിന് ശ്രീജേഷ് വഹിച്ച നിർണായക പങ്കിനുള്ള സമ്മാനമാണിതെന്ന് ഡോ. ഷംഷീർ വയലിൽ പ്രതികരിച്ചു. മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന മുഹൂർത്തമാണ് ശ്രീജേഷ് സമ്മാനിച്ചത്.
ഒരു മലയാളിയെന്ന നിലയിൽ ഈ നേട്ടത്തിൽ എനിക്കും അഭിമാനമുണ്ട്. ഹോക്കിയിൽ രാജ്യത്തിനുള്ള താൽപര്യം വർധിപ്പിക്കാൻ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിെൻറയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീ യുവാക്കളെ തുടർന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വി.പി.എസ് ഹെൽത്ത്കെയർ പ്രതിനിധികൾ ഒരു കോടിരൂപ പാരിതോഷികം കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.