ഐ.പി.എൽ പുതിയ സീസണിൽ പഞ്ചാബ് കിങ്സിന് വേണ്ടി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് സിക്കന്ദർ റാസ. ഇന്നത്തെ മത്സരത്തിൽ ശിഖർ ധവാനും സംഘത്തിനും അവസാന പന്തിൽ വേണ്ടിയിരുന്നത് മൂന്ന് റൺസ്, മൂന്ന് റൺസും ഓടിയെടുത്താണ് റാസ ടീമിന് വിജയമൊരുക്കിയത്. പതിരാന എറിഞ്ഞ സ്ലോ ബാൾ സിക്കന്ദർ റാസ സ്കൊയർ ലെഗിലേക്ക് തട്ടിയിട്ടപ്പോൾ കൂട്ടിനുണ്ടായിരുന്ന ഷാറൂഖ് ഖാനും മത്സരിച്ചോടി വിജയം എത്തിപ്പിടിച്ചു. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാമനായി തിരിച്ചുകയറിയിരിക്കുകയാണ് പഞ്ചാബ്.
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ചായതാണ് സീസണിലെ റാസയുടെ ഏറ്റവും മികച്ച പ്രകടനം. രണ്ടോവറിൽ 19 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച അർധ സെഞ്ച്വറി (57) കുറിക്കുകയും ചെയ്തു.
സിംബാബ്‌വെയുടെ താരമായ സിക്കന്ദർ റാസ ഒരു പാകിസ്താൻ വംശജനാണ്. ചെറുപ്പത്തിൽ തന്നെ ഒരു ഫൈറ്റർ പൈലറ്റ് ആകണമെന്നായിരുന്നു റാസയുടെ ആഗ്രഹം. അതിനായി പാകിസ്ഥാൻ എയർഫോഴ്സ് ബോർഡിങ് സ്കൂളിൽ പഠിച്ചു. നല്ല കഴിവുള്ള വിദ്യാർഥിയായിരുന്നു റാസ. 10,000 പേരിൽ നിന്നായി സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർത്ഥികളിൽ അദ്ദേഹവും ഉൾപ്പെട്ടു. എന്നാൽ, അവസാന പരീക്ഷയിൽ, പൈലറ്റുമാർക്ക് വളരെ നിർണായകമായ ലെൻസ് ഒപാസിറ്റി ടെസ്റ്റിൽ റാസ പരാജയപ്പെട്ടു.
1986 ഏപ്രിൽ 24 ന് സിയാൽകോട്ടിലാണ് (പാകിസ്താൻ) റാസ ജനിച്ചത്. തസാദഖ് ഹുസൈൻ റാസയാണ് പിതാവ്. റാസക്ക് തൈമൂർ റാസ എന്നൊരു ഇളയ സഹോദരനുണ്ട്. സിക്കന്ദർ റാസയുടെ അച്ഛനും രണ്ട് അമ്മാവന്മാരും ക്രിക്കറ്റ് കളിക്കാർ ആയിരുന്നെങ്കിലും ദേശീയ തലത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. പിതാവ് പിന്നീട് മോട്ടോർ പാർട്സ് ബിസിനസ്സ് ആരംഭിച്ചു.
2002-ൽ അദ്ദേഹത്തിന്റെ കുടുംബം സിംബാബ്‌വെയിലേക്ക് മാറി. 2007-ൽ, സിംബാബ്‌വെയിൽ അമച്വർ തലത്തിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോഴായിരുന്നു തന്റെ യഥാർത്ഥ കഴിവുകൾ റാസ തിരിച്ചറിഞ്ഞത്. എന്നാൽ, ഡിഗ്രി വിദ്യാഭ്യാസത്തിനായി താരം സ്‌കോട്ട്‌ലൻഡിലേക്ക് (യുകെ) പോയി. 2009-ൽ ബിരുദം പൂർത്തിയാക്കിയ ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാനായി സിംബാബ്‌വെയിലേക്ക് മടങ്ങുകയായിരുന്നു. വിവാഹിതനായ റാസക്ക് മുഹമ്മദ് ഈസ, മുഹമ്മദ് മൂസ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്.
സിംബാബ്‌വെ ക്രിക്കറ്റിൽ റാസ വലിയ മുന്നേറ്റം നടത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പാകിസ്താൻ പൗരത്വം ദേശീയ ടീമിൽ പ്രവേശനം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു. 2011-ൽ അദ്ദേഹത്തിന് സിംബാബ്‌വെ ദേശീയത ലഭിക്കുകയും പിന്നാലെ ടീമിലിടം കിട്ടുകയും ചെയ്തു. എന്നാൽ, 2021ൽ താരത്തിന്റെ അസ്ഥിമജ്ജയിൽ അണുബാധ കണ്ടെത്തിയിരുന്നു. ഇനി ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും തിരിച്ചുവരവിനായി റാസ എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെ പോരാടി.
2014ൽ ഹാമിൽട്ടൺ മസകാഡ്‌സയ്‌ക്കൊപ്പം 224 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് റാസ സൃഷ്ടിച്ചിരുന്നു. സിംബാബ്‌വെയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.