ലണ്ടൻ: 2022 ഫിഫ ലോകകപ്പ് പറഞ്ഞതുപോലെ തന്നെ പ്രൗഢഗംഭീരമായി നടത്തി മാലോകരുടെ കൈയ്യടി നേടുകയാണ് ഖത്തർ. ഫിഫ പ്രസിഡന്റടക്കമുള്ള പ്രമുഖർ ഖത്തർ ഭരണകൂടത്തെയും അവരുടെ സംഘാടന മികവിനെയും വാനോളം പുകഴ്ത്തി രംഗത്തുവന്നിരുന്നു.
എന്നാൽ, ടൂർണമെന്റിന് മുമ്പും ഉടനീളവും യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ മാധ്യമങ്ങൾ നിരന്തരം ഖത്തർ വിരുദ്ധ വാർത്തകളായിരുന്നു നൽകിയത്. ബി.ബി.സി ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യാതെ വിട്ടുനിന്നതിനും ലോകം സാക്ഷിയായി.
പ്രധാനമായും ഖത്തറിലെ തൊഴില്‍ പീഡനങ്ങളെ കുറിച്ചും, മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുമായിരുന്നു ബി.ബി.സി അടക്കമുള്ള മാധ്യമങ്ങൾ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയത്. സ്‌റ്റേഡിയം നിര്‍മാണത്തിനിടെ മരിച്ച തൊഴിലാളികളുടെ എണ്ണം പെരുപ്പിച്ചുള്ള കണക്കുകളും അവർ നൽകുകയുണ്ടായി. എന്നാൽ, ബി.ബി.സിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഏറ്റവും പുതിയ സർവേ ഫലം.
മെസ്സിയുടെ അർജന്റീന കപ്പുയർത്തി ഖത്തർ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ, ബി.ബി.സി തന്നെയാണ് സർവേയുമായി മുന്നോട്ടുവന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബാൾ ടൂർണമെന്റ് ഏതെന്ന് തിരഞ്ഞെടുക്കാനാണ് വായനക്കാരോട് ബി.ബി.സി ആവശ്യപ്പെട്ടത്. 2002-ൽ ജപ്പാനും സൗത് കൊറിയയും ചേർന്ന് നടത്തിയ ലോകകപ്പ്, മുതൽ 2006-ജർമനി, 2010 - ദക്ഷിണാഫ്രിക്ക, 2014 - ബ്രസീൽ, 2018 - റഷ്യ, 2022 - ഖത്തർ എന്നിവയാണ് സർവേയിൽ മത്സരിച്ചത്.
വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 78 ശതമാനം ആളുകളും നൂറ്റാണ്ടിലെ മികച്ച ടൂർണമെന്റായി ഖത്തർ ലോകകപ്പിനെയാണ് തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനത്തു വന്ന ‘2002 - ദ.കൊറിയ-ജപ്പാൻ ലോകകപ്പി’ന് ആറു ശതമാനം വോട്ടാണ് ലഭിച്ചത്. ബ്രസീൽ ലോകകപ്പാണ് 5 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്ത്. ജർമനിക്കും റഷ്യക്കും നാല് ശതമാനം വീതം വോട്ടുകൾ ലഭിച്ചു. ദ. ആഫ്രിക്കൻ ലോകകപ്പിന് മൂന്ന് ശതമാനം മാത്രമാണ് ലഭിച്ചത്.
ഖത്തർ ലോകകപ്പിനെതിരെ വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ടൂർണമെന്റിനെതിരെ തുടക്കം മുതൽ നിലപാട് സ്വീകരിക്കുകയും ചെയ്ത ബി.ബി.സി ഉൾപെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് കനത്തി തിരിച്ചടിയായി വോട്ടെടുപ്പ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.