ജീവിതകാലം മുഴുവൻ ഓർത്തുവെക്കാനുള്ള മനോഹര യാത്ര; കഅ്ബ തൊടുന്ന ചിത്രം പങ്കുവെച്ച് സാനിയ

വിശുദ്ധ ഹജ്ജ് തീർഥാടനത്തിന്റെ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മുൻ ടെന്നീസ് താരം സാനിയ മിർസ. അതിൽ വിശുദ്ധ കഅ്ബ കൈകൊണ്ട് തൊടുന്ന ചിത്രവുമുണ്ട്. ജീവിതകാലം മുഴുവൻ ഓർത്തുവെക്കാനുള്ള മനോഹമായ യാത്രയെന്നാണ്  ആ ഫോട്ടോക്ക് താഴെ സാനിയ കുറിച്ചത്.

പിതാവ് ഇംറാൻ മിർസക്കും സഹോദരി അനം മിർസക്കും ഭർത്താവിനും ഒപ്പമാണ് സാനിയ ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിച്ചത്. വിശുദ്ധ യാത്രയുടെ ചിത്രങ്ങൾ അനം നേരത്തേ പങ്കുവെച്ചിരുന്നു. സാനിയയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ഫാൻസ്.

പിതാവിനും സഹോദരിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും സാനിയ പങ്കുവെച്ചിട്ടുണ്ട്. സാനിയ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള കഅ്ബയുടെ ദൃശ്യവും ഫോട്ടോകളിൽ കാണാം. ​''ഒരു ജീവിത കാലം മുഴുവൻ ഓർത്തുവെക്കാനുള്ള യാത്രയാണിത്. ലളിതമായി പറഞ്ഞാൽ എന്റെ ശരീരത്തിനും മനസ്സിനും ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത അനുഭവമാണ് ഈ യാത്ര സമ്മാനിച്ചത്. ദൈവത്തിന് സ്തുതി...​''-എന്നാണ് ഫോട്ടോകൾക്ക് താഴെ സാനിയ എഴുതിയത്. സുഹൃത്തുക്കളും ഫാൻസും ഫോളോവേഴ്സുമടക്കം നിരവധി പേരാണ് പോസ്റ്റിന് പ്രതികരിച്ചത്. 'മനോഹരം...ഞാനൊരു ഹിന്ദുമത വിശ്വാസിയാണ്. എന്നാൽ ഹജ്ജ് കർമങ്ങൾ കാണുമ്പോൾ അതെന്റെ ശരീരത്തിനും മനസിലും വല്ലാത്ത നിർവൃതി നൽകുന്നുണ്ട്. അതുമായി എനിക്ക് കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ട്. ആ യാത്രക്കായി ഒരു ദിവസം അവസരം ലഭിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.'-എന്നാണ് ഒരു യുസർ പ്രതികരണമായി കുറിച്ചത്. സുബ്ഹാനല്ലാഹ്...എന്നാണ് നടി ജൗഹർ ഖാൻ കുറിച്ചത്. ഒപ്പം അനവധി പേർ സാനിയക്ക് ഹജ്ജ് ആശംസകളും നേർന്നു.

വ്യക്തിജീവിതത്തിൽ പരീക്ഷണം നേരിട്ട സമയത്താണ് സാനിയ ഹജ്ജ് യാത്രക്കൊരുങ്ങിയത്. അടുത്തിടെയാണ് സാനിയ പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിൽ നിന്ന് വിവാഹമോചിതയായത്. ദമ്പതികൾക്ക് ഇസാൻ മിർസ മാലിക് എന്ന് പേരുള്ള ആറുവയസുള്ള മകനുണ്ട്. 2010ലാണ് ഇരുവരും വിവാഹിതരായത്. ഹജ്ജ് കർമത്തിനുള്ള യാത്രക്കായി ഒരുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തുതരണമെന്നും കുറിപ്പിൽ അഭ്യർഥിച്ചിരുന്നു. 'പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയിൽ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞു കവിയുകയാണ്. അല്ലാഹു എന്റെ പ്രാർഥന സ്വീകരിച്ച് അനുഗ്രൃഹീതമായ പാതയിൽ എന്നെ നയിക്കട്ടെ. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' -എന്നാണ് സാനിയ കുറിച്ചത്.


Tags:    
News Summary - Sania Mirza touches Kaaba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.