ഹൈദരാബാദ്: 2011ൽ കേരളത്തിന്റെ പേരിൽ ഐ.പി.എൽ ടീം ഉണ്ടായിരുന്നപ്പോൾ മാത്രമാണ് മൂന്ന് മലയാളി താരങ്ങൾക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. രാജസ്ഥാൻ റോയൽസിനെതിരായ കളിയിൽ കൊച്ചി ടസ്കേഴ്സ് കേരളക്ക് വേണ്ടി എസ്. ശ്രീശാന്ത്, പി. പ്രശാന്ത്, പ്രശാന്ത് പരമേശ്വരൻ എന്നിവർ കളിച്ചു. കൊച്ചി ടീം വൈകാതെ വിസ്മൃതിയിലായി. 12 വർഷത്തിനിപ്പുറം മൂന്നു മലയാളികൾക്ക് ഒരുമിച്ച് അവസരമൊരുക്കിയത് അന്നത്തെ എതിരാളികളായ രാജസ്ഥാൻ തന്നെയെന്നത് യാദൃശ്ചികം. തിരുവനന്തപുരം സ്വദേശി ക്യാപ്റ്റൻ സഞ്ജു സാംസണിനൊപ്പം മലപ്പുറം എടവണ്ണക്കാരൻ കെ.എം. ആസിഫും എടപ്പാളിൽ നിന്നുള്ള ദേവ്ദത്ത് പടിക്കലും അണിനിരന്നു.
32 പന്തിൽ 55 റൺസെടുത്ത് ടോപ് സ്കോററായി സഞ്ജു. ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന ആസിഫിന് രാജസ്ഥാൻ ജഴ്സിയിൽ അരങ്ങേറ്റമായിരുന്നു. കളിയിൽ രണ്ടാം ഓവർ തന്നെ സഞ്ജു ആസിഫിന് നൽകി. ആകെ മൂന്ന് ഓവർ പന്തെറിഞ്ഞ പേസർക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും വഴങ്ങിയത് 15 റൺസ് മാത്രം.
ആർ. അശ്വിന്റെ ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർ ഗ്ലെൻ ഫിലിപ്സിനെ ക്യാച്ചെടുത്ത് പുറത്താക്കുകയും ചെയ്തു ആസിഫ്. ദേവ്ദത്ത് പക്ഷേ നിരാശപ്പെടുത്തി. അഞ്ച് ബോളിൽ രണ്ട് റൺസെടുത്ത താരത്തെ പേസർ ഉമ്രാൻ മാലിക് 150 കിലോമീറ്ററോളം വേഗമുള്ള പന്തിൽ കുറ്റിതെറിപ്പിച്ചു മടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.