ചെറുപ്പത്തിലേ പിതാവിനെ നഷ്ടമായി; അചിന്ത എന്ന തയ്യൽക്കാരൻ പയ്യൻ ഇന്ത്യക്കായി സ്വർണമുയർത്തിയ കഥ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം നേടിക്കൊടുത്ത 20-കാരനായ ഭാരോദ്വഹകൻ അചിന്ത ഷിവലിയാണ് ഇപ്പോൾ ഇൻറർനെറ്റിലെ താരം. 73 കിലോ വിഭാഗത്തിൽ ആകെ 313 കിലോ ഭാരമുയർത്തിയ അചിന്ത കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് കൂടി സ്വന്തം പേരിലാക്കിയിരുന്നു.

ഹൗറയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ ബസ് യാത്രയുള്ള ദ്യൂവൽപൂരാണ് അചിന്തയുടെ സ്വദേശം. അവന്റെ 12-ാം വയസിലാണ് പിതാവ് പ്രതീക് മരണപ്പെടുന്നത്. ആ സമയത്ത് പിതാവിന്റെ ശവസംസ്കാരച്ചടങ്ങുകൾ നടത്താൻ പോലുമുള്ള പണം അചിന്തയുടെ കുടുംബത്തിന്റെ കൈയ്യിലുണ്ടായിരുന്നില്ല.

തയ്യൽക്കാരനായി ജോലി നോക്കിയിരുന്ന അചിന്ത 2011 മുതലാണ് ഭാരോദ്വഹനം ആരംഭിച്ചത്.അച്ഛൻ മരിച്ചതോടെ സഹോദരനെ സഹായിക്കാനായിരുന്നു തയ്യൽക്കാരനായത്. മുൻ ഭാരോദ്വഹകൻ കൂടിയായ സഹോദരനാണ് അചിന്തയുടെ പ്രചോദനം.

"ഏറെ സന്തോഷമുണ്ട്. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് ഈ മെഡൽ സ്വന്തമാക്കാൻ കഴിഞ്ഞത്. ഈ നേട്ടം എന്റെ സഹോദരനും പരിശീലകർക്കും സമർപ്പിക്കുകയാണ്. അടുത്തതായി, ഒളിമ്പിക്‌സിന് വേണ്ടി തയ്യാറെടുക്കും," മെഡൽ നേട്ടത്തിന് പിന്നാലെ അചിന്ത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.


2015ൽ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന 20-കാരൻ കായികരംഗത്തുള്ള തന്റെ കഴിവ് പരിപോഷിപ്പിച്ചു. അതേ വർഷം തന്നെ ഇന്ത്യൻ ദേശീയ ക്യാമ്പിലേക്കും ക്ഷണം ലഭിച്ചു. 2016ലും 2017ലും ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും പരിശീലനം നേടി. അതിനുശേഷം 2018 മുതൽ ദേശീയ ക്യാമ്പിലായിരുന്നു പരിശീലനം.

വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടതിനാൽ, ഭാരോദ്വഹനത്തോടുള്ള അഭിനിവേശം പിന്തുടരാനും രാജ്യാന്തര വേദിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാനും അചിന്തയുടെ അമ്മ പൂർണിമ ഷീലി എപ്പോഴും പിന്തുണച്ചു. വിജയ് ശർമയാണ് താരത്തിന്റെ കോച്ച്.

നേട്ടങ്ങൾ

  • 2021 കോമൺവെൽത്ത് സീനിയർ ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവ്
  • 2021 ജൂനിയർ ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ്
  • 2019 കോമൺവെൽത്ത് സീനിയർ & ജൂനിയർ ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ ജേതാവ്
  • 2018 ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ്
  • 2015 കോമൺവെൽത്ത് യൂത്ത് ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ്
Tags:    
News Summary - story of Achinta, a tailor who lifted gold for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.