കോഴിക്കോട്: രാജ്യത്തെ തട്ടിപ്പ് കായികസംഘടനകളുടെ പേരുകൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പുറത്തുവിട്ടു. വിദ്യാർഥികളായ താരങ്ങളിൽനിന്ന് വൻതുക ഫീസ് വാങ്ങി മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്ന കായിക സംഘടനകളാണ് ഇതിലേറെയും. കേരളത്തിൽ വ്യാപകമായി തട്ടിപ്പ് നടത്തുന്ന സ്റ്റുഡന്റ് ഒളിമ്പിക് അസോസിയേഷനും ഇതിലുൾപ്പെടുന്നു.
21 വ്യാജ അസോസിയേഷനുകളെയും ഫെഡറേഷനുകളെയും ഉടൻ നിരോധിക്കണമെന്ന് ഐ.ഒ.എ ജോയന്റ് സെക്രട്ടറി മധുകാന്ത് പഥക് കേന്ദ്ര യുവജനക്ഷേമ, കായികമന്ത്രി അനുരാഗ് ഠാകുറിനയച്ച കത്തിൽ ആവശ്യപ്പെട്ടു. കളിക്കാരിൽനിന്ന് പണം വാങ്ങി വഞ്ചിക്കുന്നതായും കളിക്കാരുടെ ഭാവിവെച്ച് കളിക്കുകയാണെന്നും ഐ.ഒ.എ ചൂണ്ടിക്കാട്ടുന്നു. നിരവധി പരാതികൾ ലഭിച്ചതായും കത്തിൽ പറയുന്നു.
ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളെന്ന പേരിൽ തട്ടിക്കൂട്ട് ടൂർണമെന്റുകൾ നടത്തുകയും പങ്കെടുക്കുന്നവരിൽനിന്ന് വൻതുക കൈപ്പറ്റുകയുമാണ് ഈ കായിക സംഘടനകളുടെ രീതി. സ്റ്റുഡന്റ് ഒളിമ്പിക് അസോസിയേഷനാണ് കേരളത്തിൽ തട്ടിപ്പിൽ മുന്നിൽ. ദേശീയ ഗെയിംസ്, സ്റ്റുഡന്റ് ഒളിമ്പിക്സ് തുടങ്ങിയ മത്സരങ്ങൾ നടത്തിയാണ് ഇവർ പണമുണ്ടാക്കുന്നത്. കോഴിക്കോട്ടെ വിവിധ അംഗീകൃത കായികസംഘടനകളുടെ ഭാരവാഹികളാണ് സ്റ്റുഡന്റ് ഒളിമ്പിക് തട്ടിപ്പിന്റെ സൂത്രധാരന്മാർ. കോവിഡ് കാലത്ത് നിർത്തിവെച്ചിരുന്ന ഇവരുടെ മത്സരങ്ങൾ കഴിഞ്ഞ നവംബറിൽ പുനരാരംഭിച്ചിരുന്നു.
സംസ്ഥാനത്ത് സജീവമായ മറ്റൊരു വ്യാജസംഘടനയായ സ്റ്റുഡന്റ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയെയും നിരോധിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾതല മത്സരങ്ങളുടെ രാജ്യത്തെ ആധികാരിക സംഘടനയായ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചുരുക്കപ്പേരായ എസ്.ജി.എഫ്.ഐ എന്ന പേരിലാണ് ഇവർ പ്രവർത്തിക്കുന്നത്.
ഇന്ത്യൻ റെയിൽവേയിലും സൈന്യത്തിലും ജോലി ലഭിക്കുമെന്നും പ്രമുഖ ക്ലബുകളുടെ ഫുട്ബാൾതാരങ്ങളാകാമെന്നും ഈ സംഘടന വ്യാജപ്രചാരണം നടത്തിയിരുന്നു. കുട്ടികളിൽനിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘടനകളെക്കുറിച്ച് 'മാധ്യമം' നേരത്തേ പരമ്പര നൽകിയിരുന്നു. ഇത്തരം സംഘടനകളെ നിയന്ത്രിക്കുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഇന്ത്യൻ വിമൻ ഒളിമ്പിക് അസോസിയേഷൻ, റൂറൽ ഒളിമ്പിക് അസോസിയേഷൻ ഇന്ത്യ, ഇന്ത്യൻ റൂറൽ ഒളിമ്പിക് അസോസിയേഷൻ, സ്റ്റുഡന്റ് ഒളിമ്പിക് അസോസിയേഷൻ ഇന്ത്യ, ഇന്ത്യൻ സ്കൂൾ ഒളിമ്പിക് അസോസിയേഷൻ, റൂറൽ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, റൂറൽ ഗെയിംസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, റൂറൽ ഗെയിംസ് അസോസിയേഷൻ ഓഫ് ഇന്ത്യ, നാഷനൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്കൂൾസ് സ്പോർട്സ് ആൻഡ് കൾചർ ആക്ടിവിറ്റീസ് ഫെഡറേഷൻ, നാഷനൽ സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷനൽ സ്പോർട്സ് ഫെഡറേഷൻ, യൂത്ത് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, യൂത്ത് സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, യൂത്ത് സ്പോർട്സ് ഡവലപ്മെന്റ് ഫൗണ്ടേഷൻ, ദ അസോസിയേഷൻ ഫോർ ട്രഡീഷനൽ യൂത്ത് ഗെയിംസ് ആൻഡ് സ്പോർട്സ് ഇന്ത്യ, സാൽവോ സ്പോർട്സ് ആൻഡ് ഗെയിംസ് ഫെഡറേഷൻ ഇന്ത്യ, സ്റ്റുഡന്റ് ഗെയിംസ് ആൻഡ് സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, സ്റ്റുഡന്റ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്റ്റുഡന്റ് ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഫെഡറേഷൻ, സ്റ്റുഡന്റ് ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.